വിജയ് ബാബു ഇന്നു നാട്ടിൽ എത്തില്ല, യാത്ര മാറ്റിയത് അറസ്റ്റ് ഭയന്ന്; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

നിലവിൽ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകൻ കോടതിയെ അറിയിക്കും

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:02 am IST

കൊച്ചി; ബലാത്സം​ഗ കേസിൽ പ്രതിയായ വിജയ് ബാബു ഇന്ന് നാട്ടിൽ എത്തില്ല. വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കും. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കാനിരിക്കെയാണ് നീക്കം. 

വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവിൽ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകൻ കോടതിയെ അറിയിക്കും.

വിജയ് ബാബുവിന്റെ മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു ഇതനുസരിച്ച് മേയ് 30ന് മടക്കയാത്രയ്ക്കു കൊച്ചിയിലേക്കെടുത്ത വിമാന ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, ഈ വിമാന ടിക്കറ്റ് റദ്ദാക്കിയതായി പൊലീസിന് വിവരം ലഭിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള തന്ത്രമായിരുന്നു വിമാന ടിക്കറ്റെന്നാണ് നിഗമനം. ഹൈക്കോടതിയില്‍ വിമാന ടിക്കറ്റിന്റെ പകര്‍പ്പ് എത്തിച്ച ദിവസം റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിരുന്നു. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍വച്ചു തന്നെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതറിഞ്ഞാണ് ടിക്കറ്റ് റദ്ദാക്കിയതെന്നാണ് സൂചന

നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ പരാതിക്കെതിരെ ആരോപണവുമായി വിജയ് ബാബു രം​ഗത്തെത്തി. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now