ഉള്ളില്‍ കഞ്ചാവു നിറച്ചു രഹസ്യസങ്കേതത്തില്‍ പാര്‍ക്ക് ചെയ്ത വെള്ള ആഡംബര കാറിനായി ബ്രഹ്മപുരത്തു പൊലീസിന്റെയും എക്‌സൈസിന്റെയും തെരച്ചില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST

News Now

കൊച്ചി: ഉള്ളില്‍ കഞ്ചാവു നിറച്ചു രഹസ്യസങ്കേതത്തില്‍ പാര്‍ക്ക് ചെയ്ത വെള്ള ആഡംബര കാറിനായി ബ്രഹ്മപുരത്തു പൊലീസിന്റെയും എക്‌സൈസിന്റെയും തെരച്ചില്‍. ഈ കാറില്‍ 80-100 കിലോഗ്രാം കഞ്ചാവ് ഉണ്ടെന്നാണു വിവരം. ആന്ധ്രപ്രദേശില്‍ നിന്ന് ടാങ്കര്‍ ലോറിയില്‍ കൊച്ചിയിലെത്തിച്ച 520 കിലോഗ്രാം കഞ്ചാവില്‍ ഇനിയും കണ്ടെടുക്കാനുള്ള 343 കിലോഗ്രാം കൂടി പിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. ഈ കഞ്ചാവ് വിവിധ വാഹനങ്ങളില്‍ നിറച്ചു നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഒളിപ്പിച്ചിരിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തുന്നത്. നഗരത്തിലെ ചില ക്വട്ടേഷന്‍ സംഘങ്ങളാണ് വാഹനങ്ങള്‍ ഒളിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ പറവൂരില്‍ ജില്ലാതിര്‍ത്തിയിലെത്തിയ ടാങ്കര്‍ ലോറിയില്‍ നിന്ന് ഒരു വാന്‍, 2 പെട്ടി ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയിലേക്കാണ് കഞ്ചാവ് മാറ്റിയത്. ഇക്കൂട്ടത്തിലെ ഒരു കാറാണ് കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ പിടിയിലായത്. 177 കിലോഗ്രാം കഞ്ചാവാണ് ഇതില്‍ ഒളിപ്പിച്ചിരുന്നത്. ജിപിഎസ് ഘടിപ്പിച്ചിരുന്നതിനാലാണ് ഈ വാഹനം കണ്ടെത്താനായത്. എന്നാല്‍, മറ്റുള്ള വാഹനങ്ങളില്‍ മിക്കതിലും ജിപിഎസ് ഇല്ലെന്നതാണ് തെരച്ചില്‍ ദുഷ്‌കരമാക്കുന്നത്. ഇതിനാല്‍, വാഹനങ്ങള്‍ ഉള്ളതായി സംശയിക്കുന്ന ഓരോ പ്രദേശങ്ങളും അരിച്ചുപെറുക്കുകയേ മാര്‍ഗമുള്ളൂ.

കൊച്ചിയിലെത്തിച്ച കഞ്ചാവില്‍ 300 കിലോയോളം കൊല്ലത്തേക്ക് കൊണ്ടുപോകാനും ബാക്കി കൊച്ചി നഗരത്തില്‍ ചില്ലറ വില്‍പനയ്ക്കാര്‍ക്കായി വീതിച്ചു നല്‍കാനുമായിരുന്നു കടത്തുകാരുടെ പദ്ധതി. എന്നാല്‍, കഞ്ചാവ് എത്തുമെന്ന രഹസ്യവിവരം ലഭിച്ചതോടെ പൊലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണം ശക്തമാക്കിയത് പദ്ധതി പൊളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates