13 രാജ്യങ്ങളില്‍ ക്കൂടി ഡെല്‍റ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

ജനീവ : കോവിഡിന്റെ വകഭേദമായ ഡെല്‍റ്റ വരും മാസങ്ങളില്‍ കൂടുതല്‍ വ്യാപകമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം നിലവില്‍ 124 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. 13 രാജ്യങ്ങളില്‍ക്കൂടി ഡെല്‍റ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചു. മറ്റുള്ള എല്ലാ വകഭേദങ്ങള്‍ക്കുമേലും ഡെല്‍റ്റ ആധിപത്യം സ്ഥാപിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

പല രാജ്യങ്ങളില്‍നിന്നും ശേഖരിച്ച കോവിഡ് സാംപിളുകളില്‍ 75 ശതമാനത്തിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളില്‍ ഓസ്‌ട്രേലിയ, ബംഗ്ലദേശ്, ബോട്‌സ്വാന, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 സീക്വന്‍സുകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തില്‍ അധികമാണ്. 

ജൂലൈ 12 മുതല്‍ 18 വരെയുള്ള കാലയളവില്‍ ലോകത്തു 34 ലക്ഷം കോവിഡ് കേസുകളാണു പുതുതായി സ്ഥിരീകരിച്ചതെന്നാണു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. രോഗവ്യാപനത്തില്‍ 12 ശതമാനത്തിന്റെ വര്‍ധന. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 20 കോടി ആളുകളില്‍ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ബ്രിട്ടനില്‍ ആദ്യം സ്ഥിരീകരിച്ച ആല്‍ഫ, ദക്ഷിണാഫ്രിക്കയില്‍ ആദ്യം സ്ഥിരീകരിച്ച ബീറ്റ, ബ്രസീലില്‍ ആദ്യം സ്ഥിരീകരിച്ച ഗാമ എന്നിവയാണ് ആശങ്കയ്ക്ക് വക നല്‍കുന്ന മറ്റു വകഭേദങ്ങള്‍. ആല്‍ഫ 180 രാജ്യങ്ങളിലും ബീറ്റ 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപന ശക്തി കൂടുതലുള്ള പുതിയ വകഭേദങ്ങള്‍, സുരക്ഷാ മുന്‍കരുതലുകളിലെ ഇളവുകള്‍, സാമൂഹിക ഒത്തുചേരലുകള്‍, വാക്‌സീന്‍ ദൗര്‍ലഭ്യം തുടങ്ങിയവ രോഗവ്യാപനത്തിന്റെ തോതു വര്‍ധിപ്പിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates