രക്തം വലിച്ചു കുടിയ്ക്കുന്ന അപൂര്‍വ്വ മത്സ്യം, ചുഴി പോലെ വൃത്താകൃതിയിലുള്ള കൂര്‍ത്ത പല്ലുകള്‍; പിടിയിലായത് ഇങ്ങനെ 

20 വര്‍ഷം നീണ്ട തെരച്ചലിന് ഒടുവില്‍ ഇരകളുടെ രക്തം വലിച്ചുകുടിയ്ക്കുന്ന വാമ്പയര്‍ ആരല്‍ മത്സ്യത്തെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി

വാമ്പയര്‍ ആരല്‍ മത്സ്യം, ട്വിറ്റര്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:51 am IST

സിഡ്‌നി: 20 വര്‍ഷം നീണ്ട തെരച്ചലിന് ഒടുവില്‍ ഇരകളുടെ രക്തം വലിച്ചുകുടിയ്ക്കുന്ന വാമ്പയര്‍ ആരല്‍ മത്സ്യത്തെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി. ടൂര്‍ ഗൈഡായ സീന്‍ ബ്ലോക്‌സിഡ്ജാണ് മാര്‍ഗരറ്റ് നദിയില്‍ വാമ്പയര്‍ ആരല്‍ മത്സ്യങ്ങളുടെ കൂട്ടത്തെ കണ്ടെത്തിയത്. പൗച്ച്ഡ് ലാംപ്രേസ് എന്നാണ് ഇവയുടെ യഥാര്‍ത്ഥ പേര്. 

ചുഴി കണക്കേ വൃത്താകൃതിയില്‍  നിരന്ന പല്ലുകളാണ് ഇവയുടെ പ്രത്യേകത. ഇവയ്ക്ക് താടിയെല്ലുകള്‍ ഇല്ല. വാമ്പയര്‍ ആരല്‍ മത്സ്യങ്ങളുടെ ജീവിതത്തിന്റെ ആദ്യകാലം ശുദ്ധജലത്തിലായിരിക്കും. പിന്നീട് നദിയില്‍ നിന്നും ഇവ കടലിലേക്കെത്തും. കടല്‍ ജീവികളുടെ ശരീരത്തില്‍ നിന്നും രക്തം വലിച്ചു കുടിച്ചാണ് പിന്നീടുള്ള ജീവിതം. അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് വാമ്പയര്‍ മത്സ്യം എന്ന പേര് വീണു കിട്ടിയതും. 

200 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുകളിലായി ഇവ ഭൂമിയില്‍ ഉണ്ടെന്നാണ് ഫോസില്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വായയുടെ ആകൃതി കൊണ്ടും  ഭൂമിയില്‍ ഇത്രകാലം ജീവിച്ചതും കണക്കിലെടുത്ത് ജീവിച്ചിരിക്കുന്ന ദിനോസറുകള്‍ എന്നും ഇവ വിശേഷിപ്പിക്കപ്പെടാറുണ്ട്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയിലുണ്ടെങ്കിലും നിലവില്‍ ഇവ കാലാവസ്ഥാവ്യതിയാനം മൂലം  അപകടഭീഷണി നേരിടുകയാണ്. 

സഞ്ചാരികളുടെ സംഘങ്ങളുമായി യാത്ര ചെയ്യുന്നതിനിടെ സീന്‍ പതിവായി വാമ്പയര്‍ ആരല്‍ മത്സ്യങ്ങള്‍ക്കായി തെരച്ചില്‍ നടത്താറുണ്ട്. വെള്ളത്തില്‍ ആഴം കുറഞ്ഞ ഭാഗത്ത് നീലനിറത്തിലുള്ള നീണ്ട ഒരു ട്യൂബ് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മാര്‍ഗരറ്റ് നദിയില്‍ ഇത്തരം മാലിന്യങ്ങള്‍ കണ്ടെത്തുന്നത് സാധാരണമല്ലാത്തതിനാല്‍ വ്യക്തമായി പരിശോധിക്കാന്‍ അടുത്തു ചെന്നപ്പോള്‍  അത്തരത്തിലുള്ള അഞ്ചെണ്ണം കൂടി കണ്ടെത്തി. 20 വര്‍ഷമായി താന്‍ തെരഞ്ഞു നടന്നവയാണ് അതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് സീന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now