ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്; ആദ്യം 60 ദിവസം, രണ്ട് ഘട്ടങ്ങളിലായി ബന്ദി മോചനം

60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും

gaza
ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍/gaza ഫോട്ടോ: പിടിഐ/file
Edited by :ആതിര അഗസ്റ്റിന്‍
Last Updated :18 ഓഗസ്റ്റ് 2025, 10:04 pm IST

കെയ്‌റോ: ഗാസയില്‍ വെടിനിര്‍ത്തലിനായി കൊണ്ടുവന്ന പുതിയ കരാര്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത പുറത്തുവിട്ടത്. മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും. ഈ സമയത്ത് സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ചും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയില്‍ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്.

ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ഹമാസ് സമ്മതം അറിയിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയില്‍ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന. 60 ദിവസത്തെ പ്രാരംഭ വെടിനിര്‍ത്തലാണ് കരാറിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് രണ്ടു ഘട്ടങ്ങളായി ബന്ദികളെ മോചിപ്പിക്കാനും മധ്യസ്ഥര്‍ നിര്‍ദേശിച്ചതായി ഒരു പലസ്തീന്‍ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.

News Now

Summary

Hamas approves Ceasefire agreement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates