ഹോര്‍മുസില്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഇറാന്‍; ചൈന ഉള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക ഇളവ്

നികുതിയും ഈടാക്കാന്‍ ഇറാന് അവകാശമില്ലെന്ന നിലപാടിലാണ് അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും

Strait Of Hormuz
Strait Of HormuzAI Image
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :5 ജൂലൈ 2026, 11:09 am IST

ബീജിങ്: അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് നിശ്ചിത സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് സ്ഥിരീകരിച്ച് ഇറാന്‍. എന്നാല്‍ തങ്ങളുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് ഇതില്‍ പ്രത്യേക ഇളവുകളും പരിഗണനയും നല്‍കുമെന്നും ചൈനയിലെ ഇറാന്‍ അംബാസഡര്‍ അബ്ദുല്‍റാസ റഹ്മാനി ഫസ്ലി വ്യക്തമാക്കി. ബീജിങ്ങില്‍ നടന്ന വേള്‍ഡ് പീസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ പ്രാദേശിക സമുദ്രാതിര്‍ത്തിയുടെ ഭാഗമാണെന്നും അതിനാല്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും കപ്പല്‍ ഗതാഗതം നിരീക്ഷിക്കുന്നതിനും വന്‍കിട കപ്പലുകള്‍ വരുത്തിവെക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ നേരിടുന്നതിനുമുള്ള ചെലവിലേക്കാണ് ഈ തുക ഈടാക്കുന്നതെന്നും ഇറാന്‍ വിശദീകരിച്ചു. ഇത് വെറുമൊരു ടോള്‍ മാത്രമല്ലെന്നും അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി.

പ്രയാസഘട്ടങ്ങളില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുകയും സൗഹൃദം പുലര്‍ത്തുകയും ചെയ്ത രാജ്യങ്ങളെ ഇറാന്‍ പ്രത്യേകം പരിഗണിക്കുമെന്നും, ഇതില്‍ ചൈനയ്ക്ക് ഉറപ്പായും പ്രത്യേക ഇളവുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമാന്‍ സര്‍ക്കാരുമായി സഹകരിച്ചാകും പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക.

അമേരിക്കയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ തങ്ങളുടെ ദേശീയ സുരക്ഷയുടെ ഭാഗമാണെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് യാതൊരുവിധ നികുതിയും ഈടാക്കാന്‍ ഇറാന് അവകാശമില്ലെന്ന നിലപാടിലാണ് അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും. അതേസമയം കപ്പലുകള്‍ക്ക് കടന്നുപോകാന്‍ എന്തെങ്കിലും തരത്തിലുള്ള ഫീസ് നല്‍കേണ്ടി വരുമെന്ന യാഥാര്‍ഥ്യം ചില യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ആഗോളതലത്തില്‍ എണ്ണ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് അടച്ചിട്ടത് ലോകവ്യാപകമായി ഇന്ധനക്ഷാമമുണ്ടാക്കുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്തിരുന്നു. യുഎസുമായി സമാധാനക്കരാറില്‍ ഒപ്പുവച്ചതോടെയാണ് ഹോര്‍മുസ് വീണ്ടും തുറന്നത്. നിലവില്‍ ഇറാന്റെ ഭൂരിഭാഗം എണ്ണയും ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സമില്ലാതെ മുന്നോട്ട് പോകണമെന്നാണ് തങ്ങളുടെ താല്‍പര്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

News Now

Summary

Iran Confirms Strait Of Hormuz Service Fees, Friendly Nations To Get 'Special' Treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates