30 വെള്ള കാണ്ടാമൃ​ഗങ്ങളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് റുവാൻഡയിലേക്ക് എയർലിഫ്റ്റ് ചെയ്തു; അപൂർവ യാത്ര; കാരണമിത്

30 വെള്ള കാണ്ടാമൃ​ഗങ്ങളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് റുവാൻഡയിലേക്ക് എയർലിഫ്റ്റ് ചെയ്തു; അപൂർവ യാത്ര; കാരണമിത്

ഫോട്ടോ: ട്വിറ്റർ
Last Updated :22 January 2024, 7:49 pm IST

ജൊഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കയിൽ നിന്ന് റുവാൻഡയിലേക്ക് 30 വെള്ള കാണ്ടാമൃ​ഗങ്ങളെ വിമാന മാർ​ഗം എത്തിച്ചു. ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ സിംഗിൾ എയർലിഫ്റ്റായും കാണ്ടാമൃ​ഗങ്ങളുടെ ഈ യാത്ര മാറി. റുവാൻഡയിലെ കാണ്ടാമൃഗങ്ങളുടെ അംഗ സംഖ്യയിലെ കുറവ് നികത്താനാണ് ഇവയെ എത്തിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ഫിൻഡ പ്രൈവറ്റ് ഗെയിം റിസർവയോറിൽ നിന്ന് കിഴക്കൻ റുവാൻഡയിലെ അക്കഗേര നാഷണൽ പാർക്കിലേക്കാണ് 30 വെള്ള ദക്ഷിണാഫ്രിക്കൻ കാണ്ടാമൃഗങ്ങളെ എയർലിഫ്റ്റ് ചെയ്തത്. 1970 മുതലുള്ള വേട്ടയാടൽ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയിരുന്നു. 

ഹൗവാർഡ് ജി ബഫറ്റിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്ന ആഫ്രിക്കൻ പാർക്കുകൾ, റുവാൻഡ ഡെവൽപ്പ്‌മെന്റ് ബോർഡ് (ആർ.ഡി.ബി) എന്നിവരുടെ നേത്യത്വത്തിലാണ് നാല് വയസിനും 27 വയസിനും ഇടയിലുള്ള 19 പെൺ കാണ്ടാമൃഗങ്ങളെയും 11 ആൺ കാണ്ടാമൃഗങ്ങളെയും അക്കഗേര നാഷണൽ പാർക്കിലേക്ക് സ്ഥലം മാറ്റിയത്. അക്കഗേര നാഷണൽ പാർക്കിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ആർഡിബി സംഭവത്തെ ചരിത്രത്തിലേക്കുള്ള നാഴികക്കല്ലെന്നാണ് വിശേഷിപ്പിച്ചത്. 

പത്ത് വർഷങ്ങൾക്ക് മുൻപാണ് കാണ്ടാമൃഗങ്ങളെ എയർലിഫ്റ്റ് ചെയ്തു തുടങ്ങിയത്. സാധാരണയിൽ നിന്ന് വിഭിന്നമായി തലകീഴായിട്ടാണ് കാണ്ടാമൃഗങ്ങളെ എയർലിഫ്റ്റ് ചെയ്യുക. അവരുടെ ആരോഗ്യത്തിന് ഈ രീതിയാണ് നല്ലത് എന്നതിനാലാണിത്.

വംശനാശ ഭീഷണിയുടെ വക്കിലാണ് വെള്ള കാണ്ടാമൃഗങ്ങൾ. കൊമ്പുകൾക്കായി ഇവ വൻ തോതിൽ വേട്ടയാടപ്പെടുന്നു. വെള്ള കാണ്ടാമൃഗത്തിന്റെ ഉപവിഭാഗത്തിൽ പെടുന്ന സതേൺ വൈറ്റ് റെനോ (ദക്ഷിണ വെള്ള കാണ്ടാമൃഗം) വംശനാശ ഭീഷണി രൂക്ഷമായി നേരിടുന്ന വിഭാഗമാണ്. ഇരുപതിനായിരത്തോളം സതേൺ വൈറ്റ് റെനോ മാത്രമാണ് ലോകത്താകെ ശേഷിക്കുന്നത്. മറ്റൊരു ഉപവിഭാഗമായ നോർതേൺ വൈറ്റ് റെനോയുടെ ( വടക്കൻ വെള്ള കാണ്ടാമൃഗം) ഭൂരിഭാഗവും വംശനാശത്തിന് ഇരയായി. രണ്ട് പെൺ വടക്കൻ വെള്ള കാണ്ടാമൃഗങ്ങൾ മാത്രമാണ് ഭൂമിയിലാകെ ശേഷിക്കുന്നത്. 

2015 ലും 2017 ലും സമാനമായി വന്യമൃഗങ്ങളെ അക്കഗേര നാഷണൽ പാർക്കിലേക്ക്  എയർലിഫ്റ്റ് ചെയ്തിരുന്നു. 2015 ൽ ഏതാനും സിംഹങ്ങളെയും 2017 ൽ 18 ഈസ്റ്റേൺ ബ്ലാക്ക് റെനോകളെയുമാണ് (കിഴക്കൻ ബ്ലാക്ക് കാണ്ടാമൃഗം) അക്കഗേരയിലേക്ക് എയർലിഫ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now