എം.എ. അസ്കര്‍ എഴുതിയ കവിത പുര പൊളിക്കുമ്പോള്‍

Premium
Illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Edited by :aravind.g
Last Updated :24 ഏപ്രിൽ 2026, 11:24 am IST

പുര പൊളിക്കുമ്പോൾ

ഉമ്മറപ്പടിയുടെ കണ്ണു കെട്ടണം

ഉപ്പൂപ്പ ഭ്രാന്ത് മൂത്ത്

വഴിമുടക്കിമല കയറിയോടിയത്

ഉമ്മറപ്പടി ഓർക്കരുത്.

പുര പൊളിക്കുമ്പോൾ

ഉമ്മറപ്പടിയുടെ കണ്ണു കെട്ടണം

ഉമ്മൂമ്മ മരിച്ചപ്പോൾ

ജിന്നുകളുടെ പേടിപ്പിക്കലോർക്കാതെ

രാത്രിയിരുട്ടിലേക്ക്

പാനീസ് വിളക്കു തേടി

ഞാൻ ഇറങ്ങിയോടിയത്

ഉമ്മറപ്പടി ഓർത്തോർത്തു കാണരുത്...

പുര പൊളിക്കുമ്പോൾ

തറക്കല്ല് മുതൽ തുടങ്ങണം

പിന്നെ ഓരോ കല്ലുകൾ,

ഇഷ്ടികകൾ,

കഴുക്കോലുകൾ...

മണങ്ങൾ

ശ്വാസങ്ങൾ

തൊടലുകൾ

എല്ലാം എല്ലാം

പതുക്കെ ഊരി എടുക്കണം,

ചോര പൊടിയാതെ നോക്കണം...

പുര പൊളിക്കുമ്പോൾ

തസ്ബീഹ് മാലകൾ,

സ്വർഗത്തിൽ പോകാൻ

കുട്ടിക്കാലം ഓതാറുള്ള

വിശുദ്ധമായ ഏടുകൾ

അവ കണ്ണുപൊത്തിയിട്ടുണ്ടോ

എന്നുറപ്പാക്കണം...

പുര പൊളിക്കുമ്പോൾ

പള്ളികളിലെ,

അമ്പലങ്ങളിലെ

ഉത്സവവരവ് വരുമ്പോൾ

നോക്കി നോക്കി നിന്ന

ആകാശത്തെ അൽഭുതങ്ങളെ

എറിഞ്ഞുവീഴ്ത്തണം

പുര പൊളിക്കുമ്പോൾ

കീറിയ കുട്ടിക്കഥകളുടെ

കണ്ണുപൊത്തണം

മാനത്തെ അമ്പിളിക്കലകളുടെ

കണ്ണുപൊത്തണം...

പിന്നെയും

പിന്നെയും

പുര പൊളിക്കുമ്പോൾ

ഉൽപ്പത്തിയുടെ

പുറപ്പാടിന്റെ

ഉന്മാദത്തിന്റെ

പ്രപഞ്ചത്തിന്റെയാകെ

കണ്ണു പൊത്തണം

പുര പൊളിക്കുമ്പോൾ

ആദ്യം എന്നെയും നിന്നെയും പൊളിക്കണം,

തറക്കല്ലു മുതൽ മോന്തായം വരെ...

പുര പൊളിയുമ്പോൾ

നമ്മളും പൊളിഞ്ഞു വീഴണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now