വിസ്മയത്തുമ്പത്തെ കോൺ​ഗ്രസും, വിഎസ്സി​ന്റെ ജൂബായും

ഒരു കാലത്ത് രാവും പകലുമില്ലാതെ കോൺ​ഗ്രസിനെതിരെ അത്യദ്ധ്വാനം ചെയ്ത് കോൺ​ഗ്രസിനെ വെറുത്ത സിപിഎമ്മുകാരൊക്കെ അഴകിയ രാവണനിലെ അനുരാധയെ കുട്ടിശങ്കരനെയെന്ന പോലെ കോൺ​ഗ്രസിനെ സ്നേഹിച്ചു തുടങ്ങി എന്നാണ് കോൺ​ഗ്രസുകാരുടെ വിശ്വാസം.

Premium
Kerala political developments ahead of Legislative Assembly elections 2026
Kerala political developments ahead of Legislative Assembly elections 2026 samakalika Malayalam
Edited by :SALIL C S
Last Updated :18 ഫെബ്രുവരി 2026, 8:58 pm IST

'വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശങ്കരനോട് എനിക്ക് സ്നേഹമാണെന്ന്' അഴകിയ രാവണനിൽ ശങ്ക‍ർദാസിനോട് (മമ്മൂട്ടി) അനുരാധ (ഭാനുപ്രിയ) പറയുന്നതു പോലെയാണ് കേരള രാഷ്ട്രീയത്തിലെ കുറച്ചുകാലമായുള്ള അപ്രതീക്ഷിത പ്രണയ പ്രതിഭാസം. ഇന്നലെ വരെ ഒപ്പം നിന്നവ‍ർ, എതി‍ർപക്ഷത്തെ വെറുത്ത് വെറുത്ത് നിന്നവ‍ർ ഒരു സുപ്രഭാതത്തിൽ,അവരെ പ്രണയിച്ച് അവ‍ർക്കൊപ്പം കൂടുന്ന കാഴ്ചയാണ് ഇപ്പോഴത്തെ കാഴ്ച. വെറുപ്പിൽ നിന്ന് പ്രണയത്തിലേക്കുള്ള ഈ കൂടുമാറ്റത്തെ വിസ്മയം എന്നാണ് കോൺഗ്രസുകാ‍ർ വിശേഷിപ്പിക്കുന്നത്. പ്രത്യേകിച്ച് വിശേഷണം ഒന്നും ഈ പ്രതിഭാസത്തിന് സിപിഎമ്മും ബി ജെപിയും പേര് നൽകിയിട്ടുമില്ല. ഇപ്പോൾ കുട്ടിശങ്കരൻ റോളിൽ കോൺഗ്രസാണ് അഭിനയിക്കുന്നത്.

പ്രാചീന കാലത്ത് വിവിധ സംസ്കാരങ്ങളിൽ ആത്മാവ് കൂട് വിട്ട് കൂട് മാറുക, പരകായ പ്രവേശം എന്നിങ്ങനെ സംഭവങ്ങളെ കുറിച്ച് പുരാണങ്ങളിലും ഐതീഹ്യങ്ങളിലുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് വളരെയധികം ധ്യാനവും അറിവും ഒക്കെയുള്ളവ‍ർക്ക് മാത്രം സാദ്ധ്യമാകുന്ന ഒന്നായിരുന്നു. എന്നാൽ ഇന്നത് പുഷ്പം പോലെ ചെയ്യുകയാണ് കേരളത്തിലെ രാഷ്ട്രീയ പ്രവ‍ർത്തകർ. പാർട്ടി വിട്ട് പാർട്ടി മാറുന്ന എന്ന പരപാർട്ടിപ്രവേശം എന്നൊക്കെ ഭാവിയിൽ ഇത് രേഖപ്പെടുത്തിയേക്കാം. രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ കൊണ്ട് കൊടി മാറ്റിപ്പിടിപ്പിക്കുന്ന ഈ കാഴ്ച ഇന്ന് കേരള രാഷ്ട്രീയത്തിലെ സ്വാഭാവിക പരിണാമമായി മാറിക്കഴിഞ്ഞു.

ചെറിയാൻ ഫിലിപ്പും സെൽവരാജും

പണ്ടും ഈ പ്രതിഭാസം ഉണ്ടായിരുന്നുവെങ്കിലും ഈയടുത്ത കാലത്താണ് ഇത്രവ്യാപകമായി പാ‍ർട്ടികളൊക്കെ കുട്ടിശങ്കരന്മാരായി മാറിത്തുടങ്ങിയത്. ഒരുപക്ഷേ, കേരളാ കോൺഗ്രസിൽ മാത്രം കണ്ടുവന്നിരുന്ന, ഏറിയാൽ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഈ രൂപമാറ്റ പ്രക്രിയ ഇന്ന് ഏതാണ്ട് എല്ലാ പാ‍ർട്ടികളിലും കാണാനാവുന്ന സ്വാഭാവിക കാഴ്ചയായി മാറി. രാഷ്ട്രീയ പാർട്ടികൾ മുന്നണി മാറുന്ന സാഹചര്യത്തിൽ നിന്ന് മാറി വ്യക്തികൾ പാ‍ർട്ടിവിട്ട് പാർട്ടി മാറുന്ന കാഴ്ചയാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു മാറ്റം കോൺഗ്രസിലെ ചെറിയാൻ ഫിലിപ്പിന്റേതായിരുന്നു. 2001 ലായിരുന്നു ചെറിയാന്റെ മാറ്റം. അത് കോൺഗ്രസ് വൃത്തങ്ങളെ മാത്രമല്ല, കേരളത്തിലെ രാഷ്ട്രീയ മേഖലയിൽ തന്നെ വലിയ ഞെട്ടലുണ്ടാക്കി. എ കെ ആന്റണിയുടെ വലംകൈ, ഉമ്മൻചാണ്ടിയുടെ ഇടം കൈ ഒക്കെയായ ചെറിയാനാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കോൺഗ്രസി വിട്ട് സിപി എമ്മിനൊപ്പം പോയത്. വിജയം ചെറിയാനെ അനുഗ്രഹിച്ചില്ലെങ്കിലും സിപി എം അനുഗ്രഹിച്ചു. എന്നാൽ അടുത്തിടെ വീണ്ടും ഘ‍ർവാപസി നടത്തി കോൺഗ്രസുകാരനായി ചെറിയാൻ.

ചെറിയാന്റെ മാറ്റത്തിന് ശേഷം കാര്യമായ മാറ്റങ്ങളൊന്നും വ്യക്തി തലങ്ങളിൽ നടന്നില്ല. പിന്നീട് ഞെട്ടിയത് സിപിഎമ്മായിരുന്നു. അതൊരു ഒന്നൊന്നര ഞെട്ടലുമായിരന്നു. സിപിഎമ്മിന്റെ നെയ്യാറ്റിൻകര എം എൽ എ ആയിരുന്ന ആ‍ർ സെൽവരാജാണ് എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസിനൊപ്പം പോയത്. ഉമ്മൻ ചാണ്ടി സർക്കാ‍ർ ഒരാൾ ബലത്തിൽ ഭരിക്കുന്ന കാലത്താണ് സെൽവരാജിനെ സിപിഎമ്മിൽ നിന്നും കോൺഗ്രസുകാർ അടർത്തിയെടുത്തത്. 2012 മാർച്ചിൽ രാജിവച്ച സെൽവരാജ് ജൂണിൽ കോൺഗ്രസ് എം എൽ എ ആയി വീണ്ടും നിയമസഭയിലെത്തി.

വീണ്ടും കുറച്ചു കാലം കൂടി കാര്യങ്ങൾ വലിയ തട്ടും മുട്ടുമൊന്നില്ലാതെ കടന്നുപോയി. ഇതിനിടയിൽ ബാക്കിയുള്ളവ‍ർ തേങ്ങായുടക്കുമ്പോൾ തങ്ങൾ ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ എന്ന് കരുതി ബി ജെപിയും ആളെ പിടിക്കാൻ രംഗത്തിറങ്ങി. എന്നാൽ കാര്യമായ ക്യാച്ചൊന്നും കിട്ടിയില്ല. ചില പൊട്ടും പൊടിയുമൊക്കെ ഒപ്പം വന്നു. അല്ലെങ്കിൽ പുറത്തുപോയവർ , പുറത്താക്കപ്പെട്ടവർ ഇങ്ങനെ. രാഷ്ട്രീയക്കാരെ കാര്യമായി പിടിച്ചെടുക്കാൻ ബിജെപിക്ക് സാധിച്ചില്ല. ബിജെപിക്ക് കിട്ടിയ പ്രധാന വ്യക്തികൾ, കോൺഗ്രസ് നേതാവും മുൻ തിരുവിതാംകൂ‍ർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ജി. രാമൻ നായരും വനിതാകമ്മീഷൻ അംഗമായിരുന്ന ജെ.പ്രമീളാദേവിയുമാണ്. 2018 ൽ ശബരിമല സ്ത്രീപ്രവേശന വിധിയും തുടർന്നുള്ള സംഭവങ്ങളുടെയും ഇടയിലാണ് ഇവരുടെ പാർട്ടിമാറ്റം സംഭവിച്ചത്. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട ദേവികുളം മുൻ എം എൽ എയായിരുന്ന എസ് രാജേന്ദ്രൻ. പിന്നെ ഏതോ കാലത്ത് എസ് എഫ് ഐ ആയിരുന്നവർ, കെ എസ് യു ആയിരുന്നവർ, പാർട്ടി നേതാവിന്റെ മകളുടെ മകൻ, അനിയൻ എന്നൊക്കെയുള്ള നിലയിൽ ബിജെപി ഇപ്പോഴും പോകുന്നു.

cherian philip

cherian philip - ഫയല്‍ ചിത്രം

എന്നാൽ, 2021 മുതൽ കഥ ഏതാണ്ട് മാറി. ഇന്നലേയോളം എന്തെന്നറിഞ്ഞീല, ഇനി നാളെയും എന്തെന്നറിവീല എന്ന നിലയിലാണ് ഇന്ന് പാർട്ടികളുടെയും അണികളുടെയും സ്ഥിതി. കോൺഗ്രസിലെ മുൻ എം എൽ എയും പാലക്കാട് ഡിസിസി പ്രസിഡന്റുമൊക്കെയായിരുന്ന എവി ഗോപിനാഥ് കോൺഗ്രസ് വിട്ടു, സിപിഎമ്മിനൊപ്പം സഹകരിക്കാൻ തുടങ്ങി. ലതികാസുഭാഷ് കോൺഗ്രസ് വിട്ട് എൻ സിപിയായി. ഷാഫിപറമ്പിൽ എം പി ആയപ്പോൾ വന്ന ഉപതെരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തിൽ കോൺഗ്രസിലെ യുവതാരമായി ഉയർന്ന വന്ന പി സരിൻ, കോൺഗ്രസ് വിട്ട് സിപി എമ്മിനൊപ്പവും ബിജെപിയുടെ സന്ദീപ് വാര്യർ കോൺഗ്രസിനൊപ്പവും കൂടി. ഇതിനിടയിൽ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച പി എസ് പ്രശാന്ത് കോൺഗ്രസ് വിട്ട് സിപി എമ്മിനൊപ്പം ചേർന്നു ദേവസ്വം ബോർഡ് പ്രസിഡന്റുമായി.

വിസ്മയ തുടക്കം

ഇങ്ങനെ കൊടിമാറ്റങ്ങളുടെ കാലം ഒന്ന് തണുത്തു തുടങ്ങിയപ്പോഴാണ്, 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് വന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പലർക്കും ഭാവിയെ കുറിച്ച് ആത്മജ്ഞാനം ലഭിച്ചു. ഇനിയുള്ള ജീവിതം എങ്ങനെയാകണം? എന്തിന് വേണ്ടിയാകണം? എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി. കോൺഗ്രസിന് ഉത്തരത്തിലേക്കുള്ള കഴുക്കോലും. കനഗോലുവും സർവേയുമൊക്കെ ഒരു വഴിക്ക് നടക്കുന്നതിനിടയ്ക്കാണ് കോൺഗ്രസ് നേതാക്കൾ വിസ്മയത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നതിന് ശേഷമാണ് കോൺഗ്രസിന് വിസ്മയം എന്ന വാക്ക് ബാധയായി കൂടെ കൂടിയത്. താലിബാനിലെ വിസ്മയം കണ്ട ജമാഅത്ത് പത്രത്തിന് ശേഷം കേരളം കാണുന്ന വിസ്മയം ആണ് ഇപ്പോൾ കാണുന്നത്. ആദ്യം കോൺഗ്രസുകാരെ വിസ്മയിപ്പിച്ചത് കൊട്ടാരക്കര നിന്ന് മൂന്ന് തവണ സി പി എമ്മിന്റെ എം എൽ എ ആയ അയിഷാ പോറ്റിയാണ്. അവർ കോൺഗ്രസിൽ ചേർന്നു. അതിൽ വിഷമമായത് കൊല്ലത്ത് സീറ്റിന് വേണ്ടി വ്രതമെടുക്കുന്ന കോൺ​ഗ്രസിലെ ഒരു വനിതാ നേതാവിന് മാത്രമായിരുന്നു.

 Aisha Potty with Congress leaders Ramesh Chennithala, VD Satheesan, KC Venugopal and Deepa D

Aisha Potty with Congress leaders Ramesh Chennithala, VD Satheesan, KC Venugopal and Deepa D - File

ഒരു കാലത്ത് രാവും പകലുമില്ലാതെ കോൺ​ഗ്രസിനെതിരെ അത്യദ്ധ്വാനം ചെയ്ത് കോൺ​ഗ്രസിനെ വെറുത്ത സിപിഎമ്മുകാരൊക്കെ അഴകിയ രാവണനിലെ അനുരാധയെ കുട്ടിശങ്കരനെയെന്ന പോലെ കോൺ​ഗ്രസിനെ സ്നേഹിച്ചു തുടങ്ങി എന്നാണ് കോൺ​ഗ്രസുകാരുടെ വിശ്വാസം.

ആദ്യം കോൺ​ഗ്രസ് എന്ന കുട്ടിശങ്കരനെ തിരിച്ചറിഞ്ഞ് കേരളക്കരയെ വിസ്മയിപ്പിച്ചത് കൊട്ടാരക്കര നിന്ന് മൂന്ന് തവണ സി പി എമ്മി​ന്റെ എം എൽ എ ആയ അയിഷാ പോറ്റിയാണ്. അവർ കോൺ​ഗ്രസിൽ ചേർന്നു. അതിൽ വിഷമമായത് കൊല്ലത്ത് സീറ്റിന് വേണ്ടി വ്രതമെടുക്കുന്ന കോൺ​​ഗ്രസിലെ വനിതാ നേതാവിന് മാത്രമായിരുന്നു.

ഇത് കഴിഞ്ഞ് വിസ്മയങ്ങളുടെ മാലപ്പടക്കം വരുന്നുവെന്ന് കോൺ​ഗ്രസ് പ്രഖ്യാപിച്ചു. കണ്ടതല്ല, കാണാൻ പോകുന്നതാണ് വിസ്മയം. തൃശൂർ പൂരം മാറി നിൽക്കും കൊടിമാറ്റം കാണുമ്പോൾ എന്നൊക്കെ കോൺ​ഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചു. സിപിഎമ്മി​ന്റെ മുൻ എം എൽ എയും സംസ്ഥാന നേതാവുമായി കണ്ണൂരിൽ നിന്നുള്ള സി കെ പി പത്മനാഭൻ കോൺ​ഗ്രസിൽ ചേരുന്നുവെന്ന് ചില കോൺ​ഗ്രസുകാർ പ്രഖ്യാപിച്ചു പ്രചാരണം നടന്നു. അയിഷാ പോറ്റി കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെയായിരുന്നു കെ. സുധാകരൻ സികെപിയെ കണ്ട ഫോട്ടോ വച്ചുള്ള പ്രചാരണം. പക്ഷേ, ആ വിസ്മയം മണിക്കൂറുകൾക്കുള്ളിൽ അസ്തമിച്ചു. അങ്ങനെയൊരു ആലോചന പോലുമില്ലെന്ന് സികെ പി പ്രഖ്യാപിച്ചു.

പിന്നെ വിസ്മയം പുതുയു​ഗ യാത്രയാണ് ഉണ്ടാകുക എന്ന് കരുതി പാലക്കാട് വരെ സ്മയങ്ങളൊന്നും ഉണ്ടായില്ല. പാമൂന്ന് വട്ടം എം എൽ എയും ജില്ലാ പഞ്ചായത്തം​ഗംവുമൊക്കെയായിരുന്ന നേതാവിനെ ഒപ്പം കൂട്ടി വിസ്മയം കാട്ടിയ കോൺ​ഗ്രസ് വേദിയിലെത്തിയത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും വി എസ് അച്യുതാനന്ദ​ന്റെ പി എയും ആയിരുന്ന എ സുരേഷാണ്. പിന്നാലെ വന്നത് മുൻ കെ എസ് യു ക്കാരൻ കൂടിയ നടൻ പ്രേംകുമാ‍ർ. വിസ്മയ പ്രകടനങ്ങൾ ഏതാണ്ട് നനഞ്ഞ പടക്കമായി മാറുകയാണോ എന്ന് കോൺഗ്രസുകാരിലും സംശയം തുടങ്ങി.

വിസ്മയങ്ങൾ സംഭവിക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ കോൺ​ഗ്രസിലെ സീറ്റുമോഹികൾക്ക് മറ്റൊരു ആശങ്കയുണ്ട്. പത്ത് വ‍ർഷമായി അധികാരത്തിന് പുറത്താണ്. അടുത്തതവണ അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ മത്സരിക്കാൻ പോലും ചാൻസ് കിട്ടില്ലേ എന്നതാണ് അതിലൊന്ന്. മറ്റൊന്ന് കന​ഗോലു രണ്ട് ഹൈക്കമാൻഡ് ഒന്ന് ഹൈക്കമാൻഡിലെ ലോക്കമാൻഡ് മറ്റൊന്ന് എന്നിങ്ങനെ എണ്ണം പറഞ്ഞ നാല് സർവേ നടത്തിയിട്ട്, സ്ഥാനാ‍ർത്ഥികളും വിസ്മയമായി മാറുമോ? എന്നതാണ്.

കോൺ​ഗ്രസ് കുട്ടിശങ്കരനായി മാറുമ്പോൾ സി പിഎമ്മിനുള്ളിൽ ഒരു സംശയം ഉദിച്ചിട്ടുണ്ട്,സതീശൻ നയിക്കുന്ന പുതുയു​ഗ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ പഴയ വി എസ് അനുകൂലികളെ കൊണ്ട് വി എസ്സി​ന്റെ ജൂബായോ മുണ്ടോ സംഘടിപ്പിച്ച് അവയെ കോൺ​ഗ്രസ് ആക്കി വിസ്മയിപ്പിക്കുമോ എന്ന്.

News Now

Summary

Kerala political developments ahead of Legislative Assembly elections 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates