ഇം​ഗ്ലണ്ടിനെ വീഴ്ത്തിയ 'ജൂലൈ 15' അർജന്റീനയ്ക്ക് ഇനി 'ആഘോഷ ദിനം'!

അവിശ്വസനീയ വിജയം പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും

argentina football team
Argentina waving Falklands bannerPhoto: AP
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :6 ഓഗസ്റ്റ് 2026, 6:35 pm IST

ബ്യൂണസ് അയേഴ്സ്: ഇക്കഴിഞ്ഞ ജൂലൈ 15നാണ് ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെ 2-1നു വീഴ്ത്തി അർജന്റീന തുടരെ രണ്ടാം ഫൈനലിലേക്ക് മുന്നേറിയത്. 85ാം മിനിറ്റ് വരെ ഇം​ഗ്ലണ്ട് 1-0ത്തിനു മുന്നിൽ നിന്ന് ഫൈനലിലേക്ക് ടിക്കറ്റെടുക്കുമെന്നു ഉറപ്പിച്ച ഘട്ടത്തിൽ അർജന്റീന തുടരെ രണ്ട് ​ഗോളുകൾ വലയിലിട്ട് അവിശ്വസനീയ വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോൾ എല്ലാ വർഷവും ജൂലൈ 15 അർജന്റീന നേടിയ ചരിത്ര വിജയത്തിന്റെ ഓർമയ്ക്കായി 'ദേശീയ ഫുട്ബോൾ ടീം ദിന'മായി ആഘോഷിക്കാനുള്ള തീരുമാനത്തിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒറ്റക്കെട്ടായി അം​ഗീകാരം നൽകി.

2026 ലോകകപ്പ് സെമി ഫൈനലിൽ ഇം​ഗ്ലണ്ടിനെതിരെ ആൽബിസെലസ്റ്റെകൾ നേടിയ മഹത്തായതും ചരിത്രപരവുമായ വിജയത്തിന്റെ ഓർമയ്ക്കായാണ് ഈ തീയതി തിരഞ്ഞെടുത്തത്. ലയണൽ സ്കലോനിയുടെ പരിശീലനത്തിൽ ഇറങ്ങിയ ടീം ഇം​ഗ്ലണ്ടിനോട് ഒരു ​ഗോളിനു പിന്നിലായിരുന്നു. എന്നാൽ എൻ‌സോ ഫെർണാണ്ടസ്, ലൗട്ടാരോ മാർട്ടിനെസ് എന്നിവരുടെ ​​ഗോളുകളിലൂടെ മത്സരം തിരിച്ചുപിടിക്കാനും രാജ്യമാകെ തെരുവിലിറങ്ങി ആഘോഷിക്കുന്ന തരത്തിലുള്ള ആവേശം സൃഷ്ടിക്കാനും അവർക്ക് സാധിച്ചു- അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.

ഫോക്‌ലാന്‍ഡ് വികാരം

സെമിയിലെ ഇം​ഗ്ലണ്ടിനെതിരെയുള്ള അർജന്റീന വിജയത്തിനു പിന്നാലെ രാഷ്ട്രീയ വിവാ​ദങ്ങളും കൊഴുത്തിരുന്നു. അർജന്റൈൻ ജനത 'ലാസ് മാൽവിനാസ്' എന്നു വിളിക്കുന്ന ഫോക്‌ലാന്‍ഡ് ദ്വീപുകളെച്ചൊല്ലി അർജന്റീനയും ബ്രിട്ടനും തമ്മിൽ നിലനിൽക്കുന്ന അവകാശത്തർക്കമാണ് മത്സരത്തിനു രാഷ്ട്രീയ നിറവും സമ്മാനിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള ആവേശ സെമി വിജയത്തിന് ശേഷം അര്‍ജന്റീന താരങ്ങള്‍ ഫോക്‌ലാന്‍ഡ് ദ്വീപുകളിന്മേലുള്ള തങ്ങളുടെ അവകാശവാദം ഉന്നയിക്കുന്ന ബാനര്‍ മൈതാനത്ത് പ്രദര്‍ശിപ്പിച്ചത് വിവാ​ദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്ന പ്രവൃത്തിയായി.

അര്‍ജന്റീനയും യുകെയും (ബ്രിട്ടന്‍) തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കമാണ് ഫോക്‌ലാന്‍ഡ് ദ്വീപുകളുടെ പരമാധികാരം. 1982ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഈ ദ്വീപിനായി 74 ദിവസം നീണ്ടുനിന്ന യുദ്ധം തന്നെ നടന്നിട്ടുണ്ട്. നൂറുകണക്കിന് സൈനികര്‍ കൊല്ലപ്പെട്ട ആ യുദ്ധത്തില്‍ ബ്രിട്ടനാണ് ദ്വീപിന്റെ നിയന്ത്രണം നിലനിര്‍ത്തിയത്. എങ്കിലും ഈ പ്രദേശം തങ്ങളുടേതാണെന്ന് അര്‍ജന്റീന ഇന്നും വാദിക്കുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളി വെറുമൊരു ഫുട്‌ബോള്‍ മത്സരം മാത്രമല്ലാതായി മാറാറുണ്ട്.

കളിക്ക് ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടയിലാണ് മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയും ഡിഫെന്‍ഡര്‍ നിക്കോളാസ് ഒറ്റാമെന്‍ഡിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗാലറിയില്‍ നിന്ന് ആരാധകര്‍ നല്‍കിയ ഒരു ബാനര്‍ കയ്യിലെടുത്തത്. അര്‍ജന്റീനന്‍ ഭാഷയില്‍ 'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' എന്ന് എഴുതിയ ബാനറാണ് താരങ്ങള്‍ ഉയര്‍ത്തിയത്. 'ഫോക്‌ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്' എന്നാണ് ഇതിന്റെ അര്‍ഥം. ലോ സെല്‍സോ ഈ ബാനര്‍ പിന്നീട് ഗ്രൗണ്ടില്‍ വിരിച്ചിടുകയും ചെയ്തു.

എന്നാൽ ഇതിനു പിന്നാലെ അർജന്റീന താരങ്ങൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഫിഫ അച്ചടക്ക നടപടികളൊന്നും എടുത്തിട്ടില്ല. സെമി ആഘോഷത്തിനുടെയുണ്ടായ രാഷ്ട്രീയ പരാമർശങ്ങൾ, വംശീയ അധിക്ഷേപം, അനുചിതമായ മുദ്രാവാക്യം വിളി എന്നിവയെക്കുറിച്ചെല്ലാം ഫിഫ അന്വേഷണം പ്രഖ്യപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ ഒന്നിലധികം തവണ പരിശോധനയും നടന്നു.

കളിക്കാരുടെ ആഘോഷവും അവർ ദ്വീപിൽ അവകാശവാദമുന്നയിച്ചതുമൊക്കെ അർജന്റീനയിലെ രാഷ്ട്രീയ നേതൃത്വം പിന്തുണച്ചിരുന്നു. കളിക്കാർ ബാനർ ഉയർത്തി നടത്തിയ ആഘോഷം ന്യായമാണ് എന്നാണ് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി പ്രതികരിച്ചത്. കളിക്കാർ അർജന്റീനക്കാരുടെ പൊതുവികാരം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് മിലി ഇതിനെ ന്യായീകരിച്ചത്.

News Now

Summary

The AFA has declared 15 July as National Football Teams Day after Argentina's late World Cup semi-final win over England

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics