ഹെഡ് സെഞ്ച്വറി വക്കില്‍; ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചടിച്ച് ഓസ്‌ട്രേലിയ

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ്

Australia's Travis Head bats during play on day two of the fifth and final Ashes cricket test
ട്രാവിസ് ഹെഡ് ashesap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :5 ജനുവരി 2026, 4:01 pm IST

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച തുടക്കമിട്ട് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെ 384 റണ്‍സില്‍ പുറത്താക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയിലാണ്. 8 വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലീഷ് സ്‌കോറിനൊപ്പമെത്താന്‍ ഇനി വേണ്ടത് 218 റണ്‍സ് കൂടി.

കളി നിര്‍ത്തുമ്പോള്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് സെഞ്ച്വറി വക്കില്‍ പുറത്താകാതെ നില്‍ക്കുന്നു. 1 റണ്ണുമായി നൈറ്റ് വാച്ച്മാന്‍ മിച്ചല്‍ നെസറാണ് ഹെഡിനൊപ്പം കൂട്ടായുള്ളത്. ഹെഡ് 87 പന്തില്‍ 15 ഫോറുകള്‍ സഹിതം 91 റണ്‍സുമായി ക്രീസില്‍ തുടരുന്നു.

ഓപ്പണര്‍ ജാക്ക് വെതറാള്‍ഡ് (21), മര്‍നസ് ലാബുഷെയ്ന്‍ (48), എന്നിവരാണ് പുറത്തായത്. ഓസ്‌ട്രേലിയയ്ക്കു നഷ്ടമായ 2 വിക്കറ്റുകളും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനാണ്.

നേരത്തെ ജോ റൂട്ടിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു ഒന്നാം ഇന്നിങ്‌സില്‍ ബലമായത്. ഇന്നിങ്‌സിലെ അവസാന വിക്കറ്റായാണ് റൂട്ട് മടങ്ങിയത്. കരിയറിലെ 41ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് സിഡ്‌നിയില്‍ നേടിയത്. ഈ പരമ്പരയിലേയും ഓസീസ് മണ്ണിലേയും താരത്തിന്റെ രണ്ടാം സെഞ്ച്വറിയുമാണ് സിഡ്‌നിയിലേത്. 242 പന്തുകള്‍ നേരിട്ട് 15 ഫോറുകള്‍ സഹിതം താരം 160 റണ്‍സ് അടിച്ചെടുത്തു.

ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ മറ്റൊരാള്‍. താരം 6 ഫോറും ഒരു സിക്‌സും സഹിതം 84 റണ്‍സ് സ്വന്തമാക്കി. ജാമി സ്മിത്താണ് പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 46 റണ്‍സുമായി മടങ്ങി.

ഓസ്‌ട്രേലിയന്‍ നിരയില്‍ മിച്ചല്‍ നെസര്‍ 4 വിക്കറ്റുകളുമായി തിളങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കമാറൂണ്‍ ഗ്രീന്‍, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

News Now

Summary

ashes: Travis Head's unbeaten 91 off 87 balls to reach 166 for 2 at Stumps on Day 2 in Sydney.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates