ഏഷ്യാകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ, ബംഗ്ലദേശിനെ തകര്‍ത്ത് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു

 Kuldeep Yadav
Kuldeep YadavSource by : പിടിഐ
Last Updated :25 September 2025, 7:09 am IST

News Now

ദുബൈ: ഏഷ്യാകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ, ബംഗ്ലദേശിനെ തകര്‍ത്ത് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 41 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശിന് വേണ്ടി സെയ്ഫ് ഹസന്‍ ഒരറ്റത്ത് പോരാട്ടം നടത്തിയെങ്കിലും വിജയിപ്പിക്കാന്‍ സാധിച്ചില്ല. അതിനിടെ നാല് തവണയാണ് സെയ്ഫിന്റെ ക്യാച്ച് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഡ്രോപ് ചെയ്തത്. ഒടുവില്‍ 18-ാം ഓവറില്‍ ബുമ്രയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍, സെയ്ഫിനെ കൈക്കുള്ളില്‍ 'സേഫ്' ആക്കിയതോടെ ബംഗ്ലദേശിന്റെ പ്രതീക്ഷ പൂര്‍ണമായും അവസാനിക്കുകയായിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന്റെ ഇന്നിങ്‌സ് 19.3 ഓവറില്‍ 127 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് 41 റണ്‍സ് ജയം. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ്, രണ്ടു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ബംഗ്ലദേശിനെ കറക്കിവീഴ്ത്തിയത്. ജസ്പ്രീത് ബുമ്ര രണ്ടും ശിവം ദുബെ, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ സെയ്ഫ് ഹസന്‍ (51 പന്തില്‍ 69) ആണ്‍ ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. രണ്ടു പേര്‍ മാത്രമാണ് ബംഗ്ലദേശ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യയുടെ ജയത്തോടെ, ശ്രീലങ്ക ടൂര്‍ണമെന്റില്‍നിന്നു പുറത്തായി. ബംഗ്ലദേശ് പാക്കിസ്ഥാന്‍ മത്സരത്തിലെ വിജയി, ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളാകും.

ടോസ് നേടിയ ബംഗ്ലദേശ് ബൗളിങ്തെ രഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 168 റണ്‍സ് നേടിയത്. 37 പന്തില്‍ നിന്ന് 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും സമ്മാനിച്ചത്. ആദ്യ മൂന്നോവറില്‍ കാര്യമായ റണ്‍സ് കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. മൂന്നോവറില്‍ 17 റണ്‍സാണ് ടീം നേടിയത്. എന്നാല്‍ പിന്നീട് അഭിഷേകും ഗില്ലും സ്‌കോറിങ്ങിന് വേഗം കൂട്ടി. നാലാം ഓവറില്‍ 21 റണ്‍സ് നേടിയപ്പോള്‍ പിന്നീടുള്ള രണ്ടോവറിലും 17 റണ്‍സ് വീതം അടിച്ചെടുത്തു. ഇതോടെ ഇന്ത്യ ആറോവറില്‍ 72 റണ്‍സെടുത്തു.

ഏഴാം ഓവറില്‍ ഗില്ലിനെ റിഷാദ് ഹൊസൈന്‍ പുറത്താക്കി. 19 പന്തില്‍ നിന്ന് 29 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. ഒരു സിക്സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. പിന്നീടെത്തിയത്, ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ച ശിവം ദുബെയാണ്. മൂന്നു പന്ത് മാത്ര നേരിട്ട് രണ്ടു റണ്‍സുമായി ദുബെ മടങ്ങിയതോടെ ആ പരീക്ഷണം പാളി. ഇതിനിടെ 25 പന്തില്‍ അഭിഷേക് അര്‍ധസെഞ്ചറി നേടുകയും ചെയ്തു. പത്ത് ഓവറില്‍ 96ന് 2 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ.

12-ാം ഓവറില്‍ അഭിഷേക് റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അഞ്ചു സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. അതേ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സൂര്യകുമാറിനെയും (5) ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ഇന്ത്യയുടെ റണ്‍റേറ്റ് കുറഞ്ഞു. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യ (38) ആണ് ഇന്ത്യന്‍ സ്‌കോര്‍ 160 കടത്തിയത്. ഒരു സിക്സും നാല് ഫോറും അടിച്ച ഹാര്‍ദിക്, ഇന്നിങ്സിന്റെ അവസാന പന്തിലാണ് പുറത്തായത്. തിലക് വര്‍മ (5), അക്ഷര്‍ പട്ടേല്‍ (10) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

Summary

asia cup 2025: india beats bangladesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates