അന്ന് കോഹ്‌ലി, ഇന്ന് ബട്‌ലര്‍; നാല് സെഞ്ച്വറി, ഓറഞ്ച് ക്യാപ്; എന്നിട്ടും കിരീടമില്ല  

സീസണില്‍ നാല് സെഞ്ച്വറിയടക്കം ബട്‌ലര്‍ അടിച്ചെടുത്തത് 863 റണ്‍സ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സും ഫോറും അടിച്ചെടുത്ത ബാറ്ററും ബട്‌ലറാണ്

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:02 am IST

അഹമ്മദാബാദ്: ജോസ് ബാട്‌ലറിന്റെ മാരക ഫോമിന്റെ ബലത്തിലായിരുന്നു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഫൈനല്‍ വരെയുള്ള കുതിപ്പ്. ഈ സീസണില്‍ അപാര ഫോമില്‍ ബാറ്റ് വീശിയ താരത്തിന് പക്ഷേ ഫൈനലില്‍ ടീം കിരീടം കൈവിടുന്നതും കാണേണ്ടി വന്നു. മറ്റൊരു വിരാട് കോഹ്‌ലിയായി ബട്‌ലര്‍ ഇത്തവണ മാറി. 

സീസണില്‍ നാല് സെഞ്ച്വറിയടക്കം ബട്‌ലര്‍ അടിച്ചെടുത്തത് 863 റണ്‍സ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സും ഫോറും അടിച്ചെടുത്ത ബാറ്ററും ബട്‌ലറാണ്. ഓറഞ്ച് ക്യാപ് സീസണിലെ ഏതാണ്ട് എല്ലാ സമയത്തും കൈയില്‍ വച്ചതും ഇംഗ്ലീഷ് ബാറ്റര്‍ തന്നെ. പക്ഷേ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ രാജസ്ഥാന് കിരീടം അടിയറവ് വയ്‌ക്കേണ്ടി വന്നു. 

സമാന രീതിയില്‍ ബാറ്റ് വീശി ടീമിനെ ഫൈനല്‍ വരെ എത്തിച്ച് കിരീടം കൈവിടേണ്ടി വന്ന അനുഭവം വിരാട് കോഹ്‌ലിക്കുമുണ്ടായി. 2016 സീസണിലായിരുന്നു ആര്‍സിബിയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന കോഹ്‌ലി മിന്നും ഫോമില്‍ ബാറ്റ് വീശി ടീമിനെ ഫൈനല്‍ വരെ എത്തിച്ചത്. പക്ഷേ അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് റണ്‍സിന് പരാജയപ്പെടാനായിരുന്നു കോഹ്‌ലിക്കും സംഘത്തിനും യോഗം. 

ആ സീസണില്‍ നാല് സെഞ്ച്വറിയടക്കം 973 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now