ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

Edited by :migrator
Last Updated :20 ജനുവരി 2024, 8:33 am IST


ബ്യൂണഴ്‌സ് അയേഴ്‌സ്:ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 60 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 'പിന്‍വാങ്ങല്‍ ലക്ഷണങ്ങളും' (വിത്ഡ്രോവല്‍ സിംപ്റ്റംസ്) പ്രകടിപ്പിച്ചിരുന്നു. ടിഗ്രെയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 

1960 ഒക്ടോബര്‍ 30ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലാണ് അദ്ദേഹം ജനിച്ചത്. അര്‍ജന്റീനയെ 1986ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.

അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി കളിച്ചിട്ടുണ്ട്. അതില്‍ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണയെ തേടിയെത്തുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ 'നൂറ്റാണ്ടിന്റെ ഗോള്‍' എന്നും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now