
142*, ദേവ്ദത്ത് ക്രീസില്‍; അവസാന ഓവറില്‍ 4 സിക്സ് പറത്തി ഗുര്‍നൂര്‍; ഇന്ത്യ 357 റണ്‍സില്‍
ശ്രീലങ്ക ക്രിക്കറ്റ് ഇലവന് സ്കോറിനൊപ്പമെത്താന്‍ 6 റണ്‍സ് കൂടി

കൊളംബോ: ശ്രീലങ്കക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന നിലയില്‍. ശ്രീലങ്ക ഇലവന് രണ്ടാം ദിനത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. ശ്രീലങ്കയുടെ സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 6 റണ്‍സ് മാത്രം മതി.
മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്. ഒപ്പം രവീന്ദ്ര ജഡേജ നേടി അര്‍ധ സെഞ്ച്വറിയും കെഎല്‍ രാഹുല്‍, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ നേടിയ മികച്ച സ്കോറുകളും ഇന്ത്യയെ മുന്നോട്ടു നയിച്ചു.
സെഞ്ച്വറി നേടിയതിനു പിന്നാലെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ദേവ്ദത്ത് പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടര്‍ന്നു. കളി നിര്‍ത്തുമ്പോള്‍ ദേവ്ദത്ത് പുറത്താകാതെ 142 റണ്‍സുമായി ക്രീസില്‍. താരം 18 ഫോറുകള്‍ പറത്തി.
രണ്ടാം ദിനത്തിലെ അവസാന ഓവറില്‍ ഗുര്‍നൂര്‍ ബ്രാര്‍ 4 സിക്സുകള്‍ പറത്തിയാണ് സ്കോര്‍ 357ല്‍ എത്തിച്ചത്. താരം 4 സിക്സും 2 ഫോറും സഹിതം 36 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ രവീന്ദ്ര ജഡേജ 63 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. താരം 7 ഫോറുകളാണ് പറത്തിയത്. താത്കാലിക നായകന് കെഎല്‍ രാഹുല്‍ 40 റണ്‍സെടുത്തു മടങ്ങി. മാനവ് സുതര്‍ 41 റണ്‍സും സാരാംശ് ജെയ്ന്‍ 22 റണ്‍സും അടിച്ചെടുത്തു. യശസ്വി ജയ്സ്വാള്‍ (0), ഋഷഭ് പന്ത് (2), ധ്രുവ് ജുറേല്‍ (1) എന്നിവര്‍ ക്ഷണം മടങ്ങി.
ഇന്ത്യയുടെ 3 വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ശ്രീലങ്ക ഇലവന് ബൗളര്‍മാര്‍ ഒരുവേള സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാക്കി. 168ല്‍ മൂന്നാം വിക്കറ്റും 170ല്‍ നാലാം വിക്കറ്റും 174ല്‍ അഞ്ചാം വിക്കറ്റും ഇന്ത്യക്ക് അതിവേഗം നഷ്ടമായി. പിന്നീടാണ് ജഡേജ- മാനവ് കൂട്ടുകെട്ടിന്റെ ചെറുത്തു നില്‍പ്പ്.
നേരത്തെ ആദ്യ ദിനത്തില്‍ അവസാന രണ്ട് സെഷനുകളില്‍ മികച്ച ബൗളിങ് പുറത്തെടുത്തു ഇന്ത്യ കളി വരുതിയില്‍ നിര്‍ത്തി മൈതാനം വിടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം പന്തെറിയാന്‍ ഇറങ്ങി. പരിശീലനത്തിനിടെ വലതു കൈക്ക് പരിക്കേറ്റതിനാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്.
ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക ഇലവന് ബാറ്റര്‍മാര്‍ ആദ്യ സെഷനുകളില്‍ ഇന്ത്യന്‍ ബൗളിങിനു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒന്നാം വിക്കറ്റില്‍ 101 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുയര്‍ത്താന്‍ അവര്‍ക്കായി. എന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞത് ഇന്ത്യക്ക് തുണയായി. രവീന്ദ്ര ജഡേജ, മാനവ് സുതര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി ലങ്കയുടെ മുന്നേറ്റം തടഞ്ഞു. പതിയെ ഇന്ത്യ കളിയില്‍ പിടിമുറുക്കുകയും ചെയ്തു.
ഓപ്പണര്‍മാരായ നിഷാന്‍ ഫെര്‍ണാണ്ടോ, രവിന്ദു രസന്ത, ക്യാപ്റ്റന്‍ സോനല്‍ ദിനുഷ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രവിന്ദു രസന്തയാണ് ടോപ് സ്കോറര്‍. താരം 71 റണ്‍സെടുത്തു. നിഷാന്‍ 66 റണ്‍സും ദിനുഷ 52 റണ്‍സും സ്വന്തമാക്കി. പസിന്ദു സൂര്യബണ്ഡാര (35), പവന് രത്നായകെ (39), അഹന്‍ വിക്രമസിംഗെ (31), രമേഷ് മെന്‍ഡിസ് (32) എന്നിവരും ക്രീസില്‍ പിടിച്ചു നിന്നു.
ആറ് വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ പങ്കിട്ടപ്പോള്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റെടുത്തു. നിഷാന്‍ ഫെര്‍ണാണ്ടോ റണ്ണൗട്ടായി മടങ്ങി. ശനിയാഴ്ച തുടക്കം തന്നെ ശ്രീലങ്കന്‍ ഇലവന്റെ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അവരെ 400 കടത്താന്‍ അനുവദിക്കാതെ ഒന്നാം ഇന്നിങ്സ് തുടങ്ങാനായിരിക്കും ഇന്ത്യ ലക്ഷ്യമിടുക. ലങ്കന്‍ സ്പിന്‍ ബൗളിങിനെ നേരിടാന്‍ ബാറ്റര്‍മാര്‍ക്ക് മതിയായി സമയം കിട്ടുമെന്ന സാധ്യതയും ഇന്ത്യ മുതലെടുത്തേക്കും.
WHAT TO READ NEXT

കെസിഎൽ വിടർത്തും ഐപിഎൽ സ്വപ്നങ്ങൾ!
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Devdutt Padikkal scored an unbeaten 142 as India trailed by six runs at Stumps. Earlier Ravindra Jadeja scored a gutsy half-century
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




