കിരീട പോരില്‍ ഗണ്ണേഴ്‌സിന് വീണ്ടും ആശ്വാസം; സിറ്റിയെ സമനിലയില്‍ കുരുക്കി നോട്ടിങ്ഹാം

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ലിവര്‍പൂളിനും തോല്‍വി

bukayo saka goal celebration
ബുകായോ സക English Premier Leaguex
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :5 മാർച്ച് 2026, 9:40 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ വിജയത്തോടെ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. ആഴ്‌സണല്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബ്രൈറ്റനെ വീഴ്ത്തി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ കുരുക്കി. 2-2നാണ് മത്സരം അവസാനിച്ചത്.

രണ്ടാം സ്ഥാനത്തുള്ള സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ കുരുക്കിയതോടെ ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം 7 ആയി ഉയര്‍ന്നു. ആഴ്‌സണലിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച സിറ്റി അടുത്ത കളി ജയിച്ചാലും പോയിന്റ് വ്യത്യാസം നാലായി തുടരും. ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടിലേക്ക് കുറയ്ക്കാന്‍ സിറ്റിക്ക് നേരത്തെ സാധിച്ചിരുന്നു. എന്നാല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ പോരാട്ടം സമനിലയില്‍ അവസാനിച്ചത് അവര്‍ക്ക് തിരിച്ചടിയായി.

മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയം ഏറ്റുവാങ്ങി. ന്യൂകാസില്‍ യുനൈറ്റഡ് അവരെ 2-1നു പരാജയപ്പെടുത്തി. ലിവര്‍പൂളിനും അട്ടിമറി തോല്‍വി നേരിടേണ്ടി വന്നു. ലിവര്‍പൂളിനെ വൂള്‍വ്‌സ് സ്വന്തം തട്ടകത്തില്‍ 2-1നു പരാജയപ്പെടുത്തി. ചെല്‍സി ആസ്റ്റന്‍ വില്ലയെ 1-4നു തകര്‍ത്തു.

കളിയുടെ 9ാം മിനിറ്റില്‍ ബുകായോ സക നേടിയ ഒറ്റ ഗോളാണ് ആഴ്‌സണലിന്റെ ജയം ഉറപ്പിച്ചത്. പന്തടക്കത്തിലും പാസിങിലും ആക്രമണം അഴിച്ചുവിടുന്നതിലുമൊക്കെ ബ്രൈറ്റന്‍ മുന്നില്‍ നിന്നു. ഗണ്ണേഴ്‌സിന്റെ ഓണ്‍ ടാര്‍ജറ്റ് രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു. അതില്‍ ഒന്നാണ് ഗോളായി മാറിയത്.

ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് സിറ്റി സമനില വഴങ്ങിയത്. കളിയുടെ 31ാം മിനിറ്റില്‍ ആന്റണി സെമെന്യോ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 56ാം മിനിറ്റില്‍ മോര്‍ഗാന്‍ വൈറ്റിലൂടെ നോട്ടിങ്ഹാം സമനില പിടിച്ചു. 62ാം മിനിറ്റില്‍ റോഡ്രി സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 76ാം മിനിറ്റില്‍ എലിയറ്റ് ആന്‍ഡേഴ്‌സന്‍ നോട്ടിങ്ഹാമിനെ വീണ്ടും ഒപ്പമെത്തിച്ചു. അവര്‍ പിന്നീട് ഗോള്‍ വഴങ്ങിയതുമില്ല.

ജാവോ പെഡ്രോയുടെ ഹാട്രിക്കാണ് ചെല്‍സിക്ക് ആസ്റ്റന്‍ വില്ലയെ തകര്‍ക്കാന്‍ സഹായമായത്. രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി വില്ല സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ മികച്ച രീതിയില്‍ തുടങ്ങി. എന്നാല്‍ 35, ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈം, 64 മിനിറ്റുകളില്‍ പെഡ്രോ വല ചലിപ്പിച്ചു. 55ാം മിനിറ്റില്‍ കോള്‍ പാമറും ഗോള്‍ നേടിയതോടെയാണ് ചെല്‍സി മിന്നും ജയം സ്വന്തമാക്കിയത്.

News Now

Summary

English Premier League, Gunners: The title race was shaken-up in a dramatic midweek match week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates