കളി ജയിച്ചു, ആഘോഷത്തിനിടെ ഫോക്‌ലാന്‍ഡ് ബാനര്‍, വിവാദം; അര്‍ജന്റീനയ്ക്ക് ഫിഫയുടെ പണിവരുന്നു

'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' എന്ന് എഴുതിയ ബാനറാണ് താരങ്ങള്‍ ഉയര്‍ത്തിയത്

argentina football team
Argentina face action after waving Falklands bannerPhoto: AP
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :16 ജൂലൈ 2026, 11:10 am IST

അറ്റ്‌ലാന്റ: ഇംഗ്ലണ്ടിനെതിരെയുള്ള ആവേശകരമായ സെമിഫൈനല്‍ വിജയത്തിന് ശേഷം അര്‍ജന്റീന താരങ്ങള്‍ നടത്തിയ വിജയാഘോഷം ഫിഫയുടെ കടുത്ത അച്ചടക്ക നടപടികളിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഫോക്‌ലാന്‍ഡ് ദ്വീപുകളിന്മേലുള്ള തങ്ങളുടെ അവകാശവാദം ഉന്നയിക്കുന്ന ബാനര്‍ മൈതാനത്ത് പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് അര്‍ജന്റീന ടീം ഇപ്പോള്‍ ഫിഫയുടെ നിരീക്ഷണത്തിലായിരിക്കുന്നത്.

ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 2-1 ന് തകര്‍ത്താണ് അര്‍ജന്റീന ഫൈനലിലേക്ക് യോഗ്യത നേടിയത്. കളിക്ക് ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടയിലാണ് മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയും ഡിഫെന്‍ഡര്‍ നിക്കോളാസ് ഒറ്റാമെന്‍ഡിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗാലറിയില്‍ നിന്ന് ആരാധകര്‍ നല്‍കിയ ഒരു ബാനര്‍ കയ്യിലെടുത്തത്. അര്‍ജന്റീനന്‍ ഭാഷയില്‍ 'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' എന്ന് എഴുതിയ ബാനറാണ് താരങ്ങള്‍ ഉയര്‍ത്തിയത്. 'ഫോക്‌ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്' എന്നാണ് ഇതിന്റെ അര്‍ഥം. ലോ സെല്‍സോ ഈ ബാനര്‍ പിന്നീട് ഗ്രൗണ്ടില്‍ വിരിച്ചിടുകയും ചെയ്തു.

ഫുട്‌ബോള്‍ നിയമങ്ങള്‍ നിര്‍വചിക്കുന്ന ഐഎഫ്എബി, ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ എന്നിവയുടെ നിയമപ്രകാരം മത്സരത്തിനിടയിലോ സ്റ്റേഡിയത്തിനകത്തോ രാഷ്ട്രീയ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. അതിനാല്‍ അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തി ഫിഫയുടെ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുന്നു.

അര്‍ജന്റീനയും യുകെയും (ബ്രിട്ടന്‍) തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കമാണ് ഫോക്‌ലാന്‍ഡ് ദ്വീപുകളുടെ പരമാധികാരം. 1982ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഈ ദ്വീപിനായി 74 ദിവസം നീണ്ടുനിന്ന യുദ്ധം തന്നെ നടന്നിട്ടുണ്ട്. നൂറുകണക്കിന് സൈനികര്‍ കൊല്ലപ്പെട്ട ആ യുദ്ധത്തില്‍ ബ്രിട്ടനാണ് ദ്വീപിന്റെ നിയന്ത്രണം നിലനിര്‍ത്തിയത്. എങ്കിലും ഈ പ്രദേശം തങ്ങളുടേതാണെന്ന് അര്‍ജന്റീന ഇന്നും വാദിക്കുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളി വെറുമൊരു ഫുട്‌ബോള്‍ മത്സരം മാത്രമല്ലാതായി മാറാറുണ്ട്.

വിലക്ക് നേരിടുമോ?

സംഭവത്തെ തുടര്‍ന്ന് അര്‍ജന്റീനയെ ഞായറാഴ്ച സ്‌പെയിനെതിരെ നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തില്‍ നിന്ന് വിലക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതിന് യാതൊരു സാധ്യതയുമില്ല. ഫിഫയുടെ മുന്‍കാല നടപടികള്‍ പരിശോധിച്ചാല്‍ അര്‍ജന്റീനയ്ക്ക് വന്‍തുക പിഴയും ഒപ്പം കടുത്ത താക്കീതുമായിരിക്കും ലഭിക്കുക. 2014ല്‍ സ്ലൊവേനിയക്കെതിരായ സൗഹൃദ മത്സരത്തിന് മുന്‍പ് സമാനമായ ബാനര്‍ ഉയര്‍ത്തിയതിന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ 20,000 പൗണ്ട് പിഴ ചുമത്തിയിരുന്നു. ഇത്തവണ പിഴ തുക 30,000 പൗണ്ടോളം (ഏകദേശം 33 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മത്സരത്തിന് മുന്‍പ് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി, രാഷ്ട്രീയം ഫുട്‌ബോളിലേക്ക് വലിച്ചിഴക്കരുതെന്നും ഇത് വെറുമൊരു കളി മാത്രമാണെന്നും ഓര്‍മ്മിപ്പിച്ചിരുന്നെങ്കിലും, താരങ്ങളുടെ വൈകാരികമായ വിജയാഘോഷം ഒടുവില്‍ ടീമിനെ ഫിഫയുടെ അച്ചടക്ക നടപടിയുടെ നിഴലില്‍ എത്തിച്ചിരിക്കുകയാണ്.

News Now

Summary

Argentina face action after waving Falklands banner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates