പശുവിന്റെ കരള്‍, 6000 കലോറി ഡയറ്റ്, 11 മണിക്കൂര്‍ ഉറക്കം! മൈതാനത്തെ കൊടുങ്കാറ്റാകുന്ന നോര്‍വീജിയന്‍ വൈക്കിങ്

ഏഴ് ഗോളുകളുമായി മെസിക്കും എംബാപ്പെക്കുമൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തിലാണ് ഹാളണ്ട്

erling haaland
എര്‍ലിങ് ഹാളണ്ട്Getty
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :6 ജൂലൈ 2026, 1:29 pm IST

മൈതാനത്ത് ഡിഫന്‍ഡര്‍മാരെ കാറ്റില്‍പ്പറത്തി ഗോള്‍വല കുലുക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെയും നോര്‍വെയുടെയും ഇതിഹാസ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് കേവലമൊരു മനുഷ്യനാണോ അതോ ഗോളടിക്കാന്‍ മാത്രം പ്രോഗ്രാം ചെയ്യപ്പെട്ട ഒരു റോബോട്ടാണോ? ഫുട്‌ബോള്‍ ലോകം അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യമാണിത്. ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഏഴ് ഗോളുകളുമായി മെസിക്കും എംബാപ്പെക്കുമൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തിലാണ് ഹാളണ്ട്. കളിമിടുക്ക് കൊണ്ട് ഫുട്‌ബോള്‍ ലോകം കീഴടക്കുന്ന ഹാളണ്ടിന്റെ കഠിനമായ ജീവിതചര്യകളെയും ശാസ്ത്രീയമായ പരിശീലന രീതികളെയും കുറിച്ചുള്ള കൗതുകകരമായ വിവരങ്ങളറിയാം.

6000 കലോറി ഡയറ്റ്

സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള ഭക്ഷണക്രമമാണ് ഹാളണ്ടിന്റേത്. ഒരു ദിവസം ഏതാണ്ട് 6,000 കലോറി ഭക്ഷണമെങ്കിലും താരം കഴിക്കുന്നുണ്ട്. ഫാസ്റ്റ് ഫുഡോ കൊഴുപ്പുള്ള ആഹാരമോ അല്ല ഇത്. പശുവിന്റെ ലിവര്‍, ഹൃദയം എന്നിവ ഹാളണ്ടിന്റെ പ്രധാന ഭക്ഷണമാണ്. അയണും വിറ്റാമിനുകളും ധാരാളമടങ്ങിയ ഈ പരമ്പരാഗത ഭക്ഷണമാണ് തന്റെ കരുത്തിന്റെ രഹസ്യമെന്ന് ഹാളണ്ട് സാക്ഷ്യപ്പെടുത്തുന്നു. ഫില്‍ട്ടര്‍ ചെയ്ത വെള്ളം മാത്രമാണ് ഹാളണ്ട് കുടിക്കുന്നത്. ഇതിനായി പ്രത്യേക വാട്ടര്‍ ഫില്‍ട്ടറേഷന്‍ സംവിധാനങ്ങള്‍ താരം ഉപയോഗിക്കുന്നു.

കഠിന പരിശീലനം

മൈതാനത്ത് ഹാളണ്ടിന്റെ കളി മികവ് പൂര്‍ണമായും അദ്ദേഹത്തിന്റെ കായികക്ഷമതയെയും കരുത്തിനെയും ആശ്രയിച്ചുള്ളതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍, കഠിനമായ ഫങ്ഷണല്‍ സ്‌ട്രെങ്ത് പരിശീലനങ്ങളും ഫ്‌ലെക്‌സിബിലിറ്റി വ്യായാമങ്ങളും ചേര്‍ന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. കൗമാരക്കാരനായിരുന്ന ഹാലണ്ടിന് ദിവസവും 300 പുഷ്അപ്പുകളും 1,000 സിറ്റ്അപ്പുകളും ചെയ്യുന്നത് ഒരു സാധാരണ ദിനചര്യയായിരുന്നുവെന്ന് പരിശീലകന്‍ പറയുന്നു. വേഗത കൈവരിക്കുന്നതിനായി കുത്തനെയുള്ള മലകളിലേക്ക് ഓടിക്കയറുന്ന പരിശീലനവും (hill sprints) യോഗാ സെഷനുകളും അദ്ദേഹം ചെയ്യാറുണ്ട്.

റിക്കവറി രീതികള്‍

മത്സരങ്ങള്‍ക്ക് ശേഷം പേശികളുടെ ക്ഷീണം മാറ്റാന്‍ ഹാളണ്ട് സ്വീകരിക്കുന്ന രീതികളും വ്യത്യസ്തമാണ്. ഐസ് ചേമ്പറുകളില്‍ സമയം ചിലവഴിച്ചാണ് (ക്രയോതെറാപ്പി) താരം പേശികള്‍ക്ക് ഉന്മേഷം നല്‍കുന്നത്. രാവിലെ എഴുന്നേറ്റയുടന്‍ തന്നെ സൂര്യപ്രകാശം ഏല്‍ക്കുന്നത് തന്റെ ജൈവഘടികാരത്തെ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് ഹാളണ്ട് വ്യക്തമാക്കുന്നു.

ഹാളണ്ട്

ഹാളണ്ട് - Getty

11 മണിക്കൂര്‍ ഉറക്കം

ഒരു അത്ലറ്റിന്റെ ശരീരത്തിന് ഏറ്റവും പ്രധാനം വിശ്രമമാണെന്ന് ഹാളണ്ട് വിശ്വസിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാന്‍ അത്യാധുനിക സാങ്കേതികവിദ്യയാണ് താരം പ്രയോജനപ്പെടുത്തുന്നത്. ദിവസവും 10 മുതല്‍ 11 മണിക്കൂര്‍ വരെയാണ് താരം ഉറങ്ങുന്നത്. ഉറങ്ങാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ഹാളണ്ട് പ്രത്യേക തരം ബ്ലൂ-ലൈറ്റ് ബ്ലോക്കിങ് കണ്ണടകള്‍ ധരിക്കുന്നു. ടിവി, മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം കണ്ണുകളില്‍ പതിക്കാതിരിക്കാനും, ശരീരത്തിലെ മെലറ്റോണിന്‍ ഹോര്‍മോണിന്റെ അളവ് കൃത്യമായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഹൃദയമിടിപ്പും അളക്കാന്‍ സ്ലീപ്പ് ട്രാക്കറുകളും ഹാളണ്ട് ഉപയോഗിക്കുന്നുണ്ട്.

'സിംഹത്തിന് വിശക്കുമ്പോള്‍ അത് ഇരയെ വേട്ടയാടി തിന്നുക തന്നെ ചെയ്യും' -എര്‍ലിങ് ഹാളണ്ടിന്റെ ലോകകപ്പിലെ തകര്‍പ്പന്‍ ഫോമിനെക്കുറിച്ച് ഇതിഹാസ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് പറഞ്ഞ വാക്കുകളാണിത്. ലോകകപ്പില്‍ ബ്രസീലിനെതിരെയടക്കം ഇരട്ട ഗോളുകള്‍ നേടി നോര്‍വെയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിക്കാന്‍ ഈ ദിനചര്യകള്‍ ഹാളണ്ടിനെ സഹായിക്കുന്നുണ്ട്. കഠിനാധ്വാനവും കൃത്യമായ ശാസ്ത്രീയ അടിത്തറയുമുള്ള ഈ ജീവിതശൈലിയാണ് ഹാളണ്ടിനെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാക്കി മാറ്റുന്നത്.

News Now

Summary

Erling Haaland combines a 6000-calorie diet, disciplined sleep routine, and advanced recovery methods to optimize his football performance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates