
നെയ്മർ കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം
ബ്രസീൽ- മൊറോക്കോ പോരാട്ടം ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30

ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് മുൻ ചാംപ്യൻമാർ ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നു ഇറങ്ങുമ്പോൾ അവരുടെ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കില്ലെന്നു ഉറപ്പായി. ഗ്രൂപ്പ് സി യിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ബ്രസീൽ 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെയാണ് നേരിടാൻ ഒരുങ്ങുന്നത്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് മത്സരം.
നെയ്മർ കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. കണങ്കാലിനേറ്റ പരിക്കാണ് നെയ്മറുടെ അന്താരാഷ്ട്ര വേദിയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകിപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ആഞ്ചലോട്ടി താരം പരിക്കിൽ നിന്നു മോചിതനായി വരുന്നുണ്ടെന്നും വ്യക്തമാക്കി.
അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ഒപ്പം ആറാം ലോക കിരീടവും അവർ സ്വപ്നം കാണുന്നു. ലോകകപ്പിന് ദിവസങ്ങൾക്ക് മുൻപാണ് പരിക്ക് വീണ്ടും നെയ്മറുടെ വഴി മുടക്കിയത്.
കളിക്കളത്തിലെ പ്രകടനത്തിനപ്പുറം, ടീമിൽ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്നു ആഞ്ചലോട്ടി ഉറപ്പിച്ചു പറയുന്നു.
'അദ്ദേഹത്തിന്റെ ഫുട്ബോൾ മികവ് തർക്കമില്ലാത്ത കാര്യമാണ്. അതു മാത്രമല്ല ഞങ്ങൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ കാരണം. മറിച്ച് ടീമിലെ യുവ കളിക്കാർക്ക് അദ്ദേഹത്തിനു പകർന്നു നൽകാൻ കഴിയുന്ന അനുഭവസമ്പത്തും മാതൃകയും മുന്നിൽക്കണ്ടു കൂടിയാണ്'- ആഞ്ചലോട്ടി വ്യക്തമാക്കി. നെയ്മർ അടുത്ത ആഴ്ചയോടെ പരിശീലനം പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയ ആഞ്ചലോട്ടി താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ശുഭസൂചനകളാണ് നൽകിയത്.
2023ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കണങ്കാലിലെ പരിക്ക് കാരണം താരം വിശ്രമത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ വേദിയിൽ തങ്ങളുടെ പ്രിയപ്പെട്ട താരം ബൂട്ടണിയുന്നത് കാണാൻ ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.
ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിട്ടും, ലോകകപ്പിന് മുന്നോടിയായി പരിക്ക് മാറുമെന്ന കോച്ചിങ് സ്റ്റാഫിന്റെ പ്രതീക്ഷയിലാണ് 34 കാരനായ നെയ്മറെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയത്.
ബ്രസീൽ ഇപ്പോഴും ടൂർണമെന്റിലെ പ്രിയപ്പെട്ട ടീമുകളിലൊന്നാണെങ്കിലും നെയ്മറുടെ അസാന്നിധ്യം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന ആശങ്ക ആരാധകർക്കുണ്ട്. നാല് ലോകകപ്പുകളിലായി 8 ഗോളുകൾ നേടിയിട്ടുള്ള അദ്ദേഹം ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്.
ജൂൺ 19നാണ് ബ്രസീലിന്റെ രണ്ടാം പോരാട്ടം. ഹെയ്തിക്കെതിരെ നടക്കുന്ന ഈ മത്സരത്തിൽ നെയ്മർ കളിക്കാൻ സാധ്യതയുണ്ട്. ജൂൺ 24ന് ആൻഡി റോബർട്സണിന്റെ സ്കോട്ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.
ടൂർണമെന്റ് ആരംഭിച്ചതേയുള്ളൂ എന്നതിനാൽ നെയ്മറുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇല്ലാതാകുകയല്ല മറിച്ച് അൽപ്പം വൈകുക മാത്രമാണ് ചെയ്യുന്നതെന്ന വീക്ഷണമാണ് ആഞ്ചലോട്ടിക്കും ബ്രസീൽ ക്യാംപിനുമുള്ളത്. അതിനാൽ തന്നെ ടീമിലെ സുപ്രധാന താരത്തെ വെച്ച് അനാവശ്യ പരീക്ഷണത്തിന് കോച്ചിങ് സ്റ്റാഫ് മുതിർന്നേക്കില്ല.
WHAT TO READ NEXT

നാലടിച്ച് പരാഗ്വെയെ വീഴ്ത്തി, ലോകകപ്പില്‍ ജയിച്ചു തുടങ്ങി യുഎസ്എ
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Brazil will begin their campaign without Neymar after Carlo Ancelotti confirmed the forward is not fit for the Morocco clash
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




