പരിശീലകന് ശമ്പളം ഇല്ല, താരങ്ങൾക്ക് താമസിക്കാൻ നല്ല ഹോട്ടലും; സെന​ഗൽ ടീം സമാനതകളില്ലാത്ത പ്രതിസന്ധിയിൽ?

ഫ്രാൻസിനോടും നോർവെയോടും പരാജയപ്പെട്ട് സെന​ഗൽ ലോകകപ്പിൽ നിന്ന് പുറത്താകലിന്റെ വക്കിൽ

Senegal's Sadio Mane (10) walks off the pitch after the World Cup Group I soccer match between Norway and Senegal
സെന​ഗൽ സൂപ്പർ താരം സാദിയോ മാനെ senegal football teamap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :23 ജൂൺ 2026, 1:29 pm IST

ന്യൂയോർക്ക്: ലോകകപ്പിൽ ആഫ്രിക്കൻ ചാംപ്യൻമാരായ സെന​ഗലിന്റെ മുന്നോട്ടുള്ള യാത്ര ചോദ്യ ചിഹ്നത്തിലാണ്. ആദ്യ രണ്ട് കളികളും തോറ്റ അവർ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുമോ എന്ന സ്ഥിതിലാണുള്ളത്. ഗ്രൂപ്പ് ഘട്ടം കടക്കാനായി മൈതാനത്ത് പോരാടുന്ന ആഫ്രിക്കൻ കരുത്തർ കളത്തിന് പുറത്ത് അതിനേക്കാൾ വലിയ പ്രതിസന്ധി നേരിടുകയാണെന്നു റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സെനഗൽ ടീമിനെ ഇപ്പോൾ വലിയ രീതിയിൽ വലയ്ക്കുന്നത് എന്നാണ് വിവരം. ടീമിന്‍റെ ദൈനംദിന കാര്യങ്ങൾ പോലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് അവർ ചെന്നുപെട്ടിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

ടീമിന്റെ മുഖ്യ പരിശീലകൻ പാപ് തയേവിനു ശമ്പളം മുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് മാസമായി എന്നാണ് പുറത്തു വരുന്ന വിവരം. അദ്ദേഹത്തിന്‍റെ കരാർ കാലാവധി കഴിഞ്ഞിട്ട് ആറ് മാസമായി. ഇതുവരെ കരാർ പുതുക്കി നൽകാൻ സെനഗൽ ഫുട്ബോൾ അസോസിയേഷന് സാധിച്ചിട്ടില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിൽ കളിച്ചതിനുള്ള പ്രതിഫലത്തുക പോലും താരങ്ങൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ലോകകപ്പ് യോഗ്യത നേടിയാൽ പ്രത്യേക പ്രതിഫലം നൽകാമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും അതും വെറും വാഗ്ദാനമായി തുടരുകയാണ്. താരങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം പൂർണമായി മുടങ്ങിയ അവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയിൽ ലോകകപ്പ് മത്സരങ്ങൾക്കായി സെനഗൽ ടീമിന് നൽകിയ താമസ സൗകര്യത്തിനെതിരേയും പരാതിയുണ്ട്. താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്‍റെ നിലവാരമില്ലായ്മയെക്കുറിച്ച് അവർക്കിടയിൽ കടുത്ത അതൃപ്തി പടർന്നിട്ടുണ്ട്. ലോകകപ്പ് കളിക്കുന്ന ഒരു ടീമിന് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ടീമിനൊപ്പം പതിവായി ഉണ്ടാകാറുള്ള ഔദ്യോഗിക പാചകക്കാരനെ ഇത്തവണ അസോസിയേഷൻ ഒഴിവാക്കി. ഇതോടെ ലോകോത്തര താരങ്ങളുടെ ഭക്ഷണക്രമം പൂർണമായും തെറ്റി. ഇതിനു പുറമെ ടീമിന്‍റെ സപ്പോർട്ടിങ് സ്റ്റാഫുകളുടെ എണ്ണവും വൻതോതിൽ വെട്ടിക്കുറച്ചിട്ടുണ്ട്.

മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ കളിക്കാർക്ക് മാനസികമായ പിന്തുണ നൽകേണ്ട അസോസിയേഷൻ കടുത്ത സാമ്പത്തിക അനാസ്ഥയിലൂടെ ടീമിന്‍റെ ലോകകപ്പ് പ്രതീക്ഷകൾക്ക് തന്നെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. മൈതാനത്ത് സാദിയോ മാനെ അടക്കമുള്ള ഉന്നത നിലവാരത്തിൽ പന്ത് തട്ടുന്ന താരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കാത്തതിന്റെ ഒരു കാരണം ഈയൊരു പ്രതിസന്ധിയാണ്. ഔദ്യോ​ഗിക പിന്തുണ പോലും ഇല്ലാതെ ടീം എങ്ങനെ ലോകകപ്പ് പോരാട്ടങ്ങൾ പോലെയുള്ള വലിയ ടൂർണമെന്റുകൾ അതിജീവിക്കുമെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് തോറ്റ സെനഗല്‍ രണ്ടാം മത്സരത്തില്‍ നോര്‍വെയോട് 3-2നു പരാജയപ്പെട്ടു. സമനില പിടിച്ച് തിരിച്ചു വരാനുള്ള പരമാവധി ശ്രമം അവർ രണ്ടാം പോരാട്ടത്തിൽ നടത്തിയെങ്കിലും അതിനു സാധിച്ചില്ല. അവസാന പോരാട്ടത്തിൽ ഇറാഖുമായാണ് സെന​ഗലിന്റെ അടുത്ത മത്സരം. ഇതിൽ ജയിച്ചാലും വലിയ പ്രതീക്ഷ വേണ്ടെന്ന നിലയിലാണ് ടീം നിൽക്കുന്നത്.

News Now

Summary

senegal football team are facing shock financial crisis: unpaid players’ bonuses, issues with food and problems with their training camp in the United States

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates