ഒരു സിക്‌സും പിറക്കാത്ത ഉദ്ഘാടന പോര്! ലോകകപ്പിലെ ആദ്യ ജയം ബംഗ്ലാദേശ് വനിതകള്‍ക്ക്

വനിതാ ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തി ബംഗ്ലാദേശ്

ICC Women's T20 World Cup 2024
ബംഗ്ലാദേശ്- സ്കോട്‍ലന്‍ഡ് പോരാട്ടംഎക്സ്
Edited by :renjith.k
Last Updated :3 ഒക്ടോബർ 2024, 8:14 pm IST

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ഉദ്ഘാടന പോരാട്ടത്തില്‍ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. സ്‌കോട്‌ലന്‍ഡ് വനിതകള്‍ക്കെതിരെ ബംഗ്ലാദേശ് 16 റണ്‍സ് വിജയമാണ് പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് കണ്ടെത്തിയത്. വിജയിക്കാന്‍ ഇറങ്ങിയ സ്‌കോട്‌ലന്‍ഡിനു 7 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

സ്‌കോട്ടിഷ് ടീമിനായി ഓപ്പണര്‍ സാറ ബ്രെയ്‌സ് ഒരറ്റത്ത് 20 ഓവറും പൊരുതി പുറത്താകാതെ നിന്നു. താരത്തെ പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയി.

സാറയ്ക്കു പുറമെ ക്യാപ്റ്റന്‍ കാതറിന്‍ ബ്രെയ്‌സ്, എയ്ല്‍സ ലിസ്റ്റര്‍ എന്നിവരാണ് രണ്ടക്കം കടന്നവര്‍. ഇരുവരും 11 വീതം റണ്‍സെടുത്തു. മറ്റാരും തിളങ്ങിയില്ല.

ബംഗ്ലാദേശിനായി റിതു മോനി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുഫ അക്തര്‍, നഹിത അക്തര്‍, ഫഹിമ ഖാതുന്‍, റബെയ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ശോഭന മോസ്റ്റരി (36), ഓപ്പണര്‍ സതി റാണി (29), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (18) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് ബംഗ്ലാദേശ് സ്‌കോര്‍ 100 കടത്തിയത്. മുര്‍ഷിദ ഖാതുന്‍ (12), ഫഹിമ ഖാതുന്‍ (പുറത്താകാതെ 5 പന്തില്‍ 10 റണ്‍സ്) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

സ്‌കോട്ടിഷ് നിരയില്‍ സസ്‌കിയ ഹോര്‍ലി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തില്‍ ഒരു ബാറ്ററും സിക്‌സടിച്ചില്ലെന്ന സവിശേഷതയുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now