ബാറ്റിങിനു അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. താരം ഒന്‍പത് പന്തില്‍ 13 റണ്‍സുമായി മടങ്ങി

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:24 am IST

News Now

ലൗഡര്‍ഹില്‍: അഞ്ചാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനു മുന്നില്‍ 166 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. നിശ്ചിത ഓവറില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. രണ്ട് തവണ മഴയെ തുടര്‍ന്നു കളി നിര്‍ത്തി.

16ാം ഓവറിന്റെ അഞ്ചാം പന്ത് എറിഞ്ഞതിനു പിന്നാലെ മഴ എത്തിയിരുന്നു. ഇതിനു ശേഷം കളി വീണ്ടും തുടങ്ങി. 19.4 ഓവറില്‍ 161 റണ്‍സെടുത്തു നില്‍ക്കെ വീണ്ടും മഴ തുടങ്ങി. ഇതോടെ കളി രണ്ടാം തവണയും നിര്‍ത്തി വച്ചു. 

സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അല്‍പ്പ നേരെ കളി മഴ മുടക്കിയെങ്കിലും സൂര്യ ടോപ് ഗിയറില്‍ ബാറ്റ് വീശി. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. താരം ഒന്‍പത് പന്തില്‍ 13 റണ്‍സുമായി മടങ്ങി. കളി നിര്‍ത്തുമ്പോള്‍ 13 റണ്‍സുമായി അക്ഷര്‍ പട്ടേലും റണ്ണൊന്നുമില്ലാതെ യുസ്‌വേന്ദ്ര ചഹലും ക്രീസില്‍. 

ഒരിക്കല്‍ കൂടി സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ രക്ഷകനായി. താരം അര്‍ധ സെഞ്ച്വറിയുമായി ടീമിനെ നയിച്ചു. 45 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം സൂര്യകുമാര്‍ 61 റണ്‍സ് വാരി. ഹോള്‍ഡറാണ് സൂര്യയുടെ കുതിപ്പ് അവസാനിപ്പിച്ചത്.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗിലും ക്ഷണത്തില്‍ പുറത്തായി. ഇന്ത്യയുടെ തുടക്കം തന്നെ പാളി. യശസ്വി നാല് പന്തില്‍ അഞ്ച് റണ്‍സും ഗില്‍ ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സുമായും കൂടാരം കയറി. 

തിലക് വര്‍മയും നിര്‍ണായക സംഭാവന നല്‍കി. താരം 18 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം താരം 27 റണ്‍സ് അടിച്ചെടുത്തു. സഞ്ജു 13 റണ്‍സുമായും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 14 റണ്‍സുമായും പുറത്തായി. അര്‍ഷ്ദീപ് സിങ് നാല് പന്തില്‍ എട്ട് റണ്‍സുമായി മടങ്ങി. കുല്‍ദീപ് ഗോള്‍ഡന്‍ ഡക്കായി. അക്ഷര്‍ പട്ടേല്‍ 13 റണ്‍സുമായി പുറത്തായി. അവസാന പന്തില്‍ ഫോറടിച്ച് മുകേഷ് കുമാര്‍ സ്‌കോര്‍ 165ലെത്തിച്ചു. യുസ്‌വേന്ദ്ര ചഹല്‍ റണ്ണൊന്നുമില്ലാതെയും പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി റൊമാരിയോ ഷെഫേര്‍ഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. 19ാം ഓവറില്‍ തുടരെ രണ്ട് പന്തുകളില്‍ താരം അര്‍ഷ്ദീപ് സിങിനേയും പിന്നാലെ കുല്‍ദീപ് യാദവിനേയും മടക്കി. തുടക്കത്തില്‍ അകീല്‍ ഹുസൈന്‍ മികവോടെ പന്തെറിഞ്ഞു. നാലോവറില്‍ 24 റണ്‍സ് വഴങ്ങി താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ജാസന്‍ ഹോള്‍ഡറും രണ്ട് വിക്കറ്റുകള്‍ നേടി. റോസ്റ്റന്‍ ചേസ് ഒരു വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates