വെറും 99 റണ്‍സിന് ഓള്‍ ഔട്ട്! സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങി വീണ് ദക്ഷിണാഫ്രിക്ക; കുല്‍ദീപിന് നാല് വിക്കറ്റ്

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ തീരുമാനം ശരിയാണെന്ന് ബൗളര്‍മാര്‍ തെളിയിച്ചു

ഫോട്ടോ: പിടിഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:07 am IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബാറ്റിങ് മറന്ന് ദക്ഷിണാഫ്രിക്ക. മൂന്നാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് വെറും 100 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ വെറും 99 റണ്‍സിന് ഓള്‍ ഔട്ടായി. 

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ തീരുമാനം ശരിയാണെന്ന് ബൗളര്‍മാര്‍ തെളിയിച്ചു. ബൗളിങ് ഓപ്പണ്‍ ചെയ്തത് തന്നെ സ്പിന്നറായിരുന്നു. വാഷിങ്ടന്‍ സുന്ദറാണ് ഇന്ത്യക്കായി ബൗളിങ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ പത്തില്‍ എട്ട് വിക്കറ്റുകളും പോക്കറ്റിലാക്കിയത് സ്പിന്നര്‍മാര്‍. 

4.1 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ വട്ടം കറക്കി. വാഷിങ്ടന്‍ സുന്ദര്‍, ഷഹബാസ് അഹ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി സന്ദര്‍ശക ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. 

34 റണ്‍സെടുത്ത ഹെന്റിച് ക്ലാസനാണ് പിടിച്ചു നിന്ന ഏക ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍. ജന്നെമന്‍ മാലന്‍ (15), മാര്‍ക്കോ ജെന്‍സന്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റെല്ലാവരും പൊരുതാന്‍ പോലും നില്‍ക്കാതെ മടങ്ങി. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now