താരങ്ങള്‍ക്ക് നിരന്തരം പരിക്ക്, ഫിറ്റ്നസ് നിലവാരത്തില്‍ ഇടിവ്; ഇന്ത്യന്‍ ടീം ഫിസിയോയുടെ കരാര്‍ അവസാനിപ്പിച്ച് ബിസിസിഐ

നിലവില്‍ അഫ്ഗാനിസ്ഥാനുമായുള്ള ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ടീമിനൊപ്പം കമലേഷുണ്ട്

India terminate physiotherapist Kamlesh Jain's contract after Sri Lanka tour.jpg
India terminate physiotherapist Kamlesh Jain’s (middle) contract after Sri Lanka tourPhoto | Kamlesh Jain/ Instagram
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :10 സെപ്റ്റംബർ 2026, 9:44 pm IST

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പ്രധാന ഫിസിയോതെറാപ്പിസ്റ്റ് കമലേഷ് ജെയിന്റെ കരാര്‍ ബിസിസിഐ അവസാനിപ്പിച്ചു. താരങ്ങളുടെ തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്നസ് നിലവാരത്തിലെ ഇടിവും ടീമിന്റെ പ്ലാനിങ്ങിനെ ബാധിച്ചതിനെത്തുടര്‍ന്നാണ് ബോര്‍ഡിന്റെ കടുത്ത നടപടി. മൂന്നുമാസത്തെ നോട്ടീസ് പിരിയഡ് ലഭിച്ചതിനു പിന്നാലെ കമലേഷ് ജെയിന്‍ രാജി നല്‍കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അഫ്ഗാനിസ്ഥാനുമായുള്ള ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ടീമിനൊപ്പം കമലേഷുണ്ട്.

കഴിഞ്ഞ 6-8 മാസത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടയ്ക്കിടെ പരിക്കേല്‍ക്കുന്നതും പേശീവലിവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതും ടീം മാനേജ്മെന്റിനെയും സെലക്ടര്‍മാരെയും ആശങ്കയിലാക്കിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ താരങ്ങളുടെ ഫിറ്റ്നസ് നിലവാരത്തിലും ഫീല്‍ഡിങ്ങിലെ വേഗതയിലുമുണ്ടായ കുറവ് വലിയ ചര്‍ച്ചയായിരുന്നു. ഇത് മെഡിക്കല്‍ സയന്‍സ് ടീമിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി ബോര്‍ഡ് വിലയിരുത്തി.

അന്താരാഷ്ട്ര മത്സരങ്ങളുടെയും ഐപിഎല്ലിന്റെയും തിരക്കേറിയ ഷെഡ്യൂള്‍ കാരണം താരങ്ങളുടെ വര്‍ക്ക് ലോഡ് കൃത്യമായി കൈകാര്യം ചെയ്യുന്നതിലും ഫിറ്റ്നസ് മാനേജ്മെന്റിലും മെഡിക്കല്‍ ടീമിന് വീഴ്ച പറ്റിയതായി ഹെഡ് കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും നടത്തിയ ഉന്നതതല അവലോകന യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌പോര്‍ട്‌സ് സയന്‍സ് ടീമില്‍ നിന്ന് കമലേഷ് ജെയിന് പുറത്തുപോകേണ്ടി വന്നത്.

ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ കീഴിലുള്ള ഫിറ്റ്നസ് പരിശോധനകളും മെഡിക്കല്‍ സംവിധാനങ്ങളും കര്‍ശനമാക്കാനും സ്റ്റാന്‍ഡേര്‍ഡ് ബെഞ്ച്മാര്‍ക്കുകള്‍ നടപ്പാക്കാനും ബിസിസിഐ ഒരുങ്ങുകയാണ്. കമലേഷ് ജെയിന് പകരക്കാരനെ ബോര്‍ഡ് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022ല്‍ നിതിന്‍ പട്ടേലിന് പകരമാണ് കമലേഷ് ജെയിന്‍ ഇന്ത്യന്‍ ടീമിന്റെ ഹെഡ് ഫിസിയോ ആയി ചുമതലയേറ്റത്.

News Now

Summary

India terminate physiotherapist Kamlesh Jain's contract after Sri Lanka tour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates