ഭുവനേശ്വര്‍ മുതല്‍ ആവേശ് വരെ; കത്തിപ്പടര്‍ന്ന് പത്തും വീഴ്ത്തി പേസ് പട; ടി20യില്‍ ആദ്യം

മത്സരത്തിലുടനീളം ഇന്ത്യന്‍ പേസ് ബാറ്ററി തീപ്പൊരി ബൗളിങാണ് പുറത്തെടുത്തത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:06 am IST

ദുബായ്: ഇന്ത്യ- പാക് ബ്ലോക്ബസ്റ്ററില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളിങ് നിര. പാകിസ്ഥാനെതിരായ ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ, പാക് ടീമിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. വീണ പത്ത് വിക്കറ്റുകളും പോക്കറ്റിലാക്കിയത് ഇന്ത്യന്‍ പേസര്‍മാര്‍. 

ഒരു ടി20 മത്സരത്തില്‍ എതിര്‍ ടീമിലെ പത്ത് പേരെയും ഇന്ത്യന്‍ പേസര്‍മാര്‍ തന്നെ പുറത്താക്കുന്നത് ഇതാദ്യമാണ്. മത്സരത്തിലുടനീളം ഇന്ത്യന്‍ പേസ് ബാറ്ററി തീപ്പൊരി ബൗളിങാണ് പുറത്തെടുത്തത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പാക് നിരയിലെ ഒരു ബാറ്ററേയും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ അനുവദിച്ചില്ല. സ്ഥായിയായ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും ഭുവനേശ്വറും സംഘവും സമ്മതിച്ചില്ല. 

ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി പോരാട്ടം നയിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റുകളും ആവേശ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലിനും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റുകളൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. 

പാക് ക്യാപ്റ്റനും അവരുടെ നിര്‍ണായക ബാറ്ററുമായ ബാബര്‍ അസമിനെ പത്ത് റണ്‍സില്‍ മടക്കി ഭുവനേശ്വറാണ് തകര്‍ച്ചയ്ക്ക് നാന്ദി കുറിച്ചത്. ഷദബ് ഖാന്‍, ആസിഫ് അലി, നസീം ഷാ എന്നിവരേയും ഭുവി മടക്കി. 

ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് റിസ്വാന്‍, ഖുഷ്ദില്‍ ഷാ എന്നിവരേയാണ് ഹര്‍ദിക് കൂടാരം കയറ്റിയത്. ഫഖര്‍ സമാനെയാണ് ആവേശ് ഖാന്‍ മടക്കിയത്. അര്‍ഷ്ദീപ് മുഹമ്മദ് നവാസിനെ ആദ്യവും പിന്നാലെ ഷാനവാസ് ദഹാനിയെയും മടക്കി പാക് ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now