
വിസ്മയം തീര്‍ത്ത് പറന്ന 7 സിക്സുകള്‍; ഈഡന് ഗാര്‍ഡന്‍സിന് 'തീയിട്ട്' മുകുള്‍ ചൗധരി, കെകെആറിന്റെ 'വിജയ സ്വപ്നം' കത്തിയമര്‍ന്നു!
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൈയിലിരുന്ന മത്സരം ഒറ്റയ്ക്ക് പിടിച്ചെടുത്ത് 21കാരന്റെ കിടിലന്‍ കാമിയോ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ ജയം നേടാനുള്ള കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സ്വപ്നം മുകുള്‍ ചൗധരി ഒറ്റയ്ക്ക് കരിച്ചു കളഞ്ഞു! ഈഡന് ഗാര്‍ഡന്‍സിനെ തീ പടിപ്പിച്ച് മുകുള്‍ കളം അടക്കി വാണപ്പോള്‍ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ ഉത്തരം മുട്ടി നിന്നു. 21കാരനായ താരം ഏഴാമനായി ക്രീസില്‍ എത്തി വെറും 27 പന്തില്‍ 7 സിക്സും 2 ഫോറും സഹിതം 54 റണ്‍സ് അടിച്ചു കൂട്ടി ടീമിനെ വിസ്മയ ജയത്തിലേക്ക് അവിശ്വസനീയമാം വിധം കൈപിടിച്ചു നടത്തി. ഐപിഎല്ലില്‍ മറ്റൊരു സൂപ്പര്‍ താരത്തിന്റെ ജനനം കൂടി ഈഡന്റെ മണ്ണില്‍ നടന്നു.
കൊല്‍ക്കത്ത ഉയര്‍ത്തിയ 182 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗ 16ാം ഓവര്‍ തികയ്ക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലായിരുന്നു. മത്സരം കൊല്‍ക്കത്ത അനായാസം വിജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് മുകുള്‍ കടന്നു വന്നത്.
പിന്നീട് കണ്ടത് സൂപ്പര്‍ മാന്‍ പരിവേഷത്തിലേക്ക് വളര്‍ന്ന മുകുള്‍ ചൗധരിയെയാണ്. അവസാന നാലോവറില്‍ 54 റണ്‍സടിച്ചാണ് ലഖ്നൗ ജയം തൊട്ടത്. 17ാം ഓവറില്‍ ഒരു സിക്സും ഫോറും തൂക്കി 11 റണ്‍സെടുത്ത മുകുള്‍ 18ാം ഓവറില്‍ 2 സിക്സടക്കം 13 റണ്‍സ് വാരി. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 19ാം ഓവറില്‍ മുകുള്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 16 റണ്‍സും അടിച്ച് കളിയെ വമ്പന്‍ ട്വിസ്റ്റിലേക്കാണ് നയിച്ചത്.
അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ലഖ്നൗവിനു വേണ്ടിയിരുന്നത്. ഈ ഓവറിലെ ആദ്യ പന്ത് നേരിട്ടത് ആവേശ് ഖാന് ആയിരുന്നു. താരം ആദ്യ പന്തില്‍ തന്നെ സിംഗിള്‍ എടുത്ത് സട്രൈക്ക് കൈമാറി. വൈഭവ് അറോറയാണ് അവസാന ഓവര്‍ എറിഞ്ഞത്. താരത്തിന്റെ രണ്ടാം പന്ത് മുകുള്‍ സിക്സിലേക്ക് തൂക്കി. ഇതോടെ ലഖ്നൗവിന്റെ ലക്ഷ്യം 4 പന്തില്‍ 7 എന്ന നില. മൂന്നും നാലും പന്തുകളില്‍ വൈഭവും ഒരു റണ്ണും കൊടുത്തില്ല. അതോടെ ലക്ഷ്യം 2 പന്തില്‍ 7 എന്ന നില. എന്നാല്‍ അഞ്ചാം പന്തില്‍ മുകുള്‍ സിക്സര്‍ തൂക്കി മുകുള്‍ അര്‍ധ സെഞ്ച്വറി നേടി. ടീം ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്‍സ് എന്ന നിലയിലാക്കി.
വൈഭവ് അവസാന പന്തില്‍ റണ്‍സ് കൊടുത്തില്ല. അതോടെ മുകുള്‍ ബൈ റണ്‍സ് ഓടി. ലഖ്നൗവിന്റെ സിംഗിള്‍ നേടാനുള്ള ശ്രമത്തിനിടെ മത്സരം ടൈ ആക്കി പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നീട്ടാനുള്ള അവസരവും കൊല്‍ക്കത്തയ്ക്കു കിട്ടി. അതും പക്ഷേ അവര്‍ക്ക് മുതലാക്കാനായില്ല. വിക്കറ്റ് കീപ്പര്‍ അംഗ്കൃഷ് രഘുവംശി സ്റ്റംപ് ലക്ഷ്യമിട്ട് പന്തെറിഞ്ഞെങ്കിലും ഔട്ടാക്കാന്‍ സാധിച്ചില്ല. അപ്പോഴേക്കും കടമ്പ പിന്നിട്ട് അവിശ്വസനീയ വിജയത്തിലേക്ക് മുകുള്‍ ടീമിനെ എത്തിച്ചിരുന്നു. കൈയിലിരുന്ന മത്സരം കൈവിടേണ്ടി വന്ന നിരാശയില്‍ കൊല്‍ക്കത്ത താരങ്ങള്‍ ഹതാശരായി ഗ്രൗണ്ടില്‍ നിന്നു.
182 റണ്‍സിലേക്ക് ബാറ്റെടുത്ത ലഖ്നൗവിനു മികച്ച തുടക്കമാണ് മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം സഖ്യം നല്‍കിയത്. ഇരുവരും ചേര്‍ന്ന് 41 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. എന്നാല്‍ ഇരുവരും മടങ്ങിയതോടെ ലഖ്നൗ തകര്‍ന്നു. മാര്‍ഷ് 15 റണ്‍സും മാര്‍ക്രം 22 റണ്‍സുമാണ് നേടിയത്.
പിന്നാലെ വന്ന ക്യാപ്റ്റന്‍ ഋഷഭ് പന്തിനു കഴിഞ്ഞ കളിയിലെ മികവ് ആവര്‍ത്തിക്കാനായില്ല. താരം 10 റണ്‍സില്‍ പുറത്തായി. ഒരു ഭാഗത്ത് നാലാമനായി എത്തിയ ആയുഷ് ബദോനി നങ്കൂരമിട്ട് അതിനിടെ നിലയുറപ്പിച്ചത് എല്‍എസ്ജിയുടെ പ്രതീക്ഷ കാത്തു. എന്നാല്‍ മറുഭാഗത്ത് നിര്‍ണായക താരങ്ങള്‍ അതിവേഗം മടങ്ങിയത് അവരുടെ നെഞ്ചിടിപ്പേറ്റി.
നിക്കോളാസ് പൂരാന് (13), അബ്ദുല്‍ സമദ് (2) എന്നീ ഹിറ്റര്‍മാരെ അതിവേഗം മടക്കി കൊല്‍ക്കത്ത കളിയില്‍ പിടിമുറുക്കി. അതിനിടെ ബദോനി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. താരം 34 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 54 റണ്‍സെടുത്തു. സ്കോര്‍ 125ല്‍ എത്തിയപ്പോഴാണ് ആറാം വിക്കറ്റായി ബദോനി മടങ്ങിയത്. തൊട്ടുപിന്നാലെ മുഹമ്മദ് ഷമിയേയും കെകെആര്‍ മടക്കി. ഷമി 1 റണ്‍ മാത്രമാണ് എടുത്തത്. കൊല്‍ക്കത്ത വിജയത്തിനു തൊട്ടരികിലെത്തി അപ്പോഴേക്കും. പക്ഷേ ഷമി പുറത്താകുമ്പോള്‍ നോണ്സട്രൈക്കില് നിന്ന മുകുള്‍ മറ്റ് ചില പദ്ധതികള്‍ അപ്പോള്‍ മനസില്‍ കണ്ടിരുന്നു. അത് വമ്പന്‍ ട്വിസ്റ്റിലേക്കാണ് മത്സരത്തെ നയിച്ചത്.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന് ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം 4 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്തു. വൈഭവ് അറോറ, അനുകൂല്‍ റോയ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. കാര്‍ത്തിക് ത്യാഗി, കമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ലഖ്നൗ ബൗളിങ് എടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ കൊല്‍ക്കത്തയ്ക്കായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മികച്ച തുടക്കമിട്ടു. സഹ ഓപ്പണര്‍ ഫിന് അലന് വീണ്ടും പരാജയമായി. മൂന്നാമനായി എത്തിയ അംഗ്കൃഷ് രഘുവംശിയെ കൂട്ടുപിടിച്ച് രഹാനെ പിന്നീട് ഇന്നിങ്സ് നേരെയാക്കി. സ്കോര്‍ 15ല്‍ എത്തിയപ്പോഴാണ് കെകെആറിനു ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീടാണ് രഹാനെ- രഘുവംശി കൂട്ടുകെട്ട് ടീമിന്റെ കരുത്തായത്. മധ്യനിരയില്‍ റോവ്മാന്‍ പവല്‍- കമറൂണ്‍ ഗ്രീന്‍ സഖ്യവും ചേര്‍ന്ന് സ്കോര്‍ 181ല്‍ എത്തിക്കുയായിരുന്നു.
രഹാനെ- രഘുവംശി സഖ്യം 84 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രഹാനെ 24 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 41 റണ്‍സെടുത്തു. 11ാം ഓവറിന്റെ രണ്ടാം പന്തില്‍ രഹാനെ മടങ്ങുമ്പോള്‍ കൊല്‍ക്കത്ത സ്കോര്‍ 99ല്‍ എത്തിയിരുന്നു.
സ്കോര്‍ 105ല്‍ നില്‍ക്കെ രഘുവംശിയും 111ല്‍ നില്‍ക്കെ റിങ്കു സിങും മടങ്ങിയതോടെ കൊല്‍ക്കത്തയ്ക്ക് അടുപ്പിച്ച് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അതിനു ശേഷമാണ് ഗ്രീന്‍- പവല്‍ സഖ്യം നിര്‍ണായകമായത്. ഇരുവരും ചേര്‍ന്നു പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 40 പന്തില്‍ 70 റണ്‍സടിച്ചാണ് പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ചത്.
രഘുവംശിയാണ് ടീമിന്റെ ടോപ് സ്കോറര്‍. താരം 5 ഫോറും 2 സിക്സും സഹിതം 33 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. റിങ്കു സിങ് 4 റണ്‍സുമായി മടങ്ങി.
കോടികള്‍ മുടക്കി ടീമിലെത്തിച്ച കമറൂണ്‍ ഗ്രീന്‍ ഒടുവില്‍ ഫോമിലേക്ക് എത്തിയതാണ് കെകെആറിനു സന്തോഷം നല്‍കിയത്. താരം പുറത്താകാതെ 24 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 32 റണ്‍സ് വാരി. റോവ്മാന്‍ പവല്‍ 24 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 39 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
IPL 2026: Mukul Choudhary steals the show at the Eden Gardens and pulls the win for LSG as KKR are defeated once again
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




