'സഞ്ജു ക്യാപ്റ്റനാകണം; ഋതുരാജിലെ ബാറ്ററെയാണ് ചെന്നൈ ടീമിനു വേണ്ടത്'

ശ്രദ്ധേയ നിരീക്ഷണങ്ങളുമായി മുൻ സിഎസ്കെ താരം

Ruturaj Gaikwad Sanju Samson selfi
Sanju Samson, Ruturaj Gaikwadx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :26 മേയ് 2026, 2:11 pm IST

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്‌വാദിനെതിരെ മുൻ സിഎസ്കെ താരം എസ് ബദരിനാഥ്. ഋതുരാജ് നായക സ്ഥാനം ഒഴിയണമെന്നും പകരം സഞ്ജു സാംസൺ ക്യാപ്റ്റനാകണമെന്നും അദ്ദേഹം പറയുന്നു. ഋതുരാജിന്റെ ക്യാപ്റ്റൻസിയേക്കാൾ ടീമിനു ആവശ്യം അ​ദ്ദേഹത്തിന്റെ ബാറ്റിങ് മികവാണെന്നും മുൻ താരം ചൂണ്ടിക്കാട്ടി. യുട്യൂബ് ചാനലിലാണ് ബദരിനാഥിന്റെ പ്രതികരണം.

'ഋതുരാജ് ​ഗെയ്ക്‌വാദ് ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കേണ്ട ആവശ്യമില്ല. സഞ്ജു സാംസൺ നായക സ്ഥാനം ഏറ്റെടുക്കണമായിരുന്നു. ക്യാപ്റ്റൻസിയേക്കാൾ ഋതുരാജിന്റെ ബാറ്റിങാണ് ചെന്നൈ ടീമിനു വേണ്ടത്. സഞ്ജു ഋതുരാജിനേക്കാൾ മികച്ച നായകനാണ്. ബാറ്ററെന്ന നിലയിൽ സിഎസ്കെയ്ക്കു വേണ്ടി അത്ഭുതങ്ങൾ കാണിക്കാൻ കെൽപ്പുള്ള താരമാണ് ഋതുരാജ്. ക്യാപ്റ്റൻസി അദ്ദേഹത്തിനു ഭാരമാണ്. അതൊഴിഞ്ഞാൽ തിളങ്ങും ഉറപ്പാണ്. ഈ പറഞ്ഞത് വലിയ കടുപ്പമുള്ള തീരുമാനമൊന്നുമല്ല. അദ്ദേഹത്തിനും ഫ്രാഞ്ചൈസിക്കും അതാണ് നല്ലത്.'

'ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് ഋതുരാജിന് ​ഗുണമേ ചെയ്യു. സച്ചിൻ ടെണ്ടുൽക്കർക്ക് പോലും ക്യാപ്റ്റൻസി വലിയ സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിരുന്നാൽ ബാറ്റിങിന്റെ സമയത്തു പോലും അക്കാര്യം മനസിൽ നിന്നു പോകില്ല'- ബദരിനാഥ് ചൂണ്ടിക്കാട്ടി.

സീസണിൽ ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഋതുരാജിനും തുടക്കത്തിലെ പല മത്സരങ്ങളിലും വേണ്ട പോലെ തിളങ്ങാനായില്ല. മാത്രമല്ല സഞ്ജുവും ഒത്തുള്ള ഋതുരാജിന്റെ ഓപ്പണിങും ക്ലിക്കായില്ല. ഇരുവരും ഒരേ സമയം ഫോമിലെത്തിയ ഒരു മത്സരവും ഉണ്ടായില്ല. അവസാന മത്സരങ്ങളിൽ ചിലതിലാണ് ഋതുരാജ് ഫോമിലേക്ക് മടങ്ങിയെത്തിയത്. 14 മത്സരങ്ങളിൽ നിന്നു 337 റൺസാണ് താരം ഇത്തവണ നേടിയത്. 2 അർധ സെഞ്ച്വറികളും അടിച്ചു.

2024ൽ ധോനി നായക സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഋതുരാജ് ചെന്നൈ ക്യാപ്റ്റനാക്കിയത്. 33 മത്സരങ്ങളിൽ ടീമിനെ നയിച്ചെങ്കിലും 14 വിജയങ്ങൾ മാത്രമാണ് താരത്തിന്റെ തൊപ്പിയിലുള്ളത്.

ഈ സീസണിനു മുന്നോടിയായാണ് 18 കോടിയ്ക്ക് രാജസ്ഥാൻ റോയൽസിൽ നിന്നു സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്. രാജസ്ഥാന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു സഞ്ജു. ധോനിയുടെ പിൻ​ഗാമിയെന്ന വിശേഷണവുമായി എത്തിയ സഞ്ജു വിക്കറ്റ് കീപ്പർ എന്ന നിലയിൽ തന്നെ ഭാവി ചെന്നൈ നായകനെന്ന പരിവേഷത്തിലുമാണ് വന്നത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയുമായി സഞ്ജു കന്നി വരവ് തന്നെ ആഘോഷമാക്കി. 14 മത്സരങ്ങളിൽ നിന്നു 447 റൺസ് സഞ്ജു ഇത്തവണ സിഎസ്കെ ജേഴ്സിയിൽ നേടി. ഈ സീസണിൽ ചെന്നൈ ജയിച്ച മിക്ക മത്സരങ്ങളിലും നിർണായക ബാറ്റിങുമായി കളം വാണതും മലയാളി താരം തന്നെ.

News Now

Summary

IPL 2026: Sanju Samson csk captaincy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates