'8 മണിക്ക് മത്സരം, രാജസ്ഥാന്‍ ടീം ഗ്രൗണ്ടിലെത്തുക 7.25ന് മാത്രം'; വോണിന്റെ തന്ത്രം വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

8 മണിക്ക് മത്സരം തുടങ്ങും എന്നിരിക്കെ 7.25ന് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഗ്രൗണ്ടില്‍ എത്തിയിരുന്നത് എന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:02 am IST

അഹമ്മദാബാദ്: ഐപിഎല്ലിന്റെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്നു ഷെയ്ന്‍ വോണ്‍ പിന്തുടര്‍ന്ന് തന്ത്രം വെളിപ്പെടുത്തി മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. 8 മണിക്ക് മത്സരം തുടങ്ങും എന്നിരിക്കെ 7.25ന് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഗ്രൗണ്ടില്‍ എത്തിയിരുന്നത് എന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. 

7.25ന് ഗ്രൗണ്ടില്‍ എത്തുന്ന ഒരേയൊരു ടീം രാജസ്ഥാന്‍ ആയിരുന്നു. 8 മണിക്കാണ് കളി തുടങ്ങേണ്ടത്. കാലത്തിനും മുന്‍പേ ചിന്തിച്ചൊരു വ്യക്തിയാ വോണ്‍. 14 മത്സരങ്ങള്‍ ഒരു ടീം കളിക്കേണ്ടതുണ്ട് എന്ന് വോണിന് ബോധ്യമുണ്ടായിരുന്നു. വേനല്‍ക്കാലമായതിനാല്‍ കളിക്കാര്‍ പെട്ടെന്ന് ക്ഷീണിക്കും എന്ന് വോണ്‍ മനസിലാക്കി. അതുണ്ടാവാതിരിക്കാനാണ് ടീം അധികമായി പരിശീലനം നടത്തുന്നത് വോണ്‍ ഒഴിവാക്കിയത്, ഇര്‍ഫാന്‍ പഠാന്‍ പറയുന്നു. 

എന്റെ ടീമായിരുന്ന പഞ്ചാബ് 6 മണിക്ക് ഗ്രൗണ്ടില്‍ എത്തും. ഞങ്ങള്‍ എക്‌സ്ട്രാ പരിശീലനം നടത്തും. ഞങ്ങള്‍ സെമിയില്‍ എത്തിയിരുന്നു. അതിനാല്‍ അത്രയും പരിശീലനം നടത്തുന്നത് മോശമല്ല എന്ന് പറയാം. എന്നാല്‍ ഷെയ്ന്‍ വോണിന്റെ സമീപനം മറ്റൊന്നാണ്. അദ്ദേഹം രാജസ്ഥാനെ കിരീടത്തിലേക്ക് എത്തിച്ചു. അത് എന്നെന്നും ഓര്‍മിക്കപ്പെടും എന്നും ഇര്‍ഫാന്‍ പറഞ്ഞു. 

ഐപിഎല്‍ ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ മാത്രം ഫൈനലിലേക്കാണ് രാജസ്ഥാന്‍ റോയല്‍സ് എത്തിയിരിക്കുന്നത്. എന്നാല്‍ ലീഗ് ഘട്ടത്തിലും ആദ്യ പ്ലേഓഫിലും ഗുജറാത്തിന് മുന്‍പില്‍ വീണത് രാജസ്ഥാന്‍ റോയല്‍സിന് ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ കിരീടം ചൂടി വോണിന് ആദരവര്‍പ്പിക്കാനാണ് രാജസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

News Now