'മെഡല്‍ ഇന്ത്യന്‍ ആര്‍മിക്ക്'; ഭാരോദ്വഹനത്തിലെ വെള്ളി സൈന്യത്തിന് സമര്‍പ്പിച്ച് സാങ്കേത്

പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തില്‍ സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 248 കിലോഗ്രാം ഉയര്‍ത്തിയാണ് സാങ്കേത് വെള്ളി നേടിയത്

വെള്ളി നേടിയ സാങ്കേത്(ഇടത്ത്), സ്വര്‍ണം നേടിയ മുഹമ്മദ് അനിഖ്, വെങ്കലം നേടിയ ദിലങ്ക ഇസുരു/ഫോട്ടോ: എഎഫ്പി
Edited by :migrator
Last Updated :20 ജനുവരി 2024, 9:04 am IST

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ നേടിയ മെഡല്‍ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ച് സാങ്കേത് മഹാദേവ് സര്‍ഗര്‍. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തില്‍ സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 248 കിലോഗ്രാം ഉയര്‍ത്തിയാണ് സാങ്കേത് വെള്ളി നേടിയത്. 

മത്സര ശേഷം സംസാരിച്ചപ്പോഴാണ് മെഡല്‍ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുന്നതായി സാങ്കേത് പറഞ്ഞത്. വെള്ളി നേടിയെങ്കിലും തന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്നും സാങ്കേത് പറഞ്ഞു. 

സ്‌നാച്ച് വിഭാഗത്തില്‍ എതിരാളികളെയെല്ലാം ഇന്ത്യയുടെ 21കാരന്‍ പിന്നിലാക്കി. സ്‌നാച്ചില്‍ ആറ് കിലോഗ്രാമിന്റെ ലീഡോടെയാണ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലേക്ക് കടന്നത്. എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ട് ശ്രമങ്ങള്‍ പിഴച്ചത് സ്വര്‍ണത്തിലേക്ക് എത്തുന്നതിന് തിരിച്ചടിയായി. 

113+135 കിലോഗ്രാം ആണ് ഉയര്‍ത്തിയത്. 107 കിലോഗ്രാം+142കിലോഗ്രാം ഉയര്‍ത്തി മലേഷ്യയുടെ മുഹമ്മദ് അനിഖ് ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡിട്ടു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 5 സ്വര്‍ണം ഉള്‍പ്പെടെ 9 മെഡലുകളാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യ നേടിയത്. സാഗറിന് പിന്നാലെ ഭാരോദ്വഹനത്തില്‍ ഇന്ന് ഇറങ്ങുന്ന മീരാഭായ് ചാനുവും മെഡല്‍ കൊണ്ടുവരും എന്നാണ് പ്രതീക്ഷ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

News Now