സുവാരസിന്റെ ഉറു​ഗ്വേയെ വീഴ്ത്തി മെസിയും കൂട്ടരും, ജയം എതിരില്ലാത്ത ഒരു ​ഗോളിന്

ആദ്യ പകുതിയിൽ മെസിയും സംഘവും കളം നിറഞ്ഞു. മെസിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡൈഡോ റോഡ്രി​ഗ്സ് വല കുലുക്കിയത്

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:45 am IST

റിയോ: കോപ്പ അമേരിക്കയിൽ ഉറു​ഗ്വേയ്ക്ക് എതിരെ ജയം പിടിച്ച് മെസിയും സംഘവും. എതിരില്ലാത്ത ഒരു ​ഗോൾ ജയത്തോടെയാണ് മെസിയും കൂട്ടരും ജയിച്ചു കയറിയത്. 

ആദ്യ പകുതിയിൽ മെസിയും സംഘവും കളം നിറഞ്ഞു. മെസിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡൈഡോ റോഡ്രി​ഗ്സ് വല കുലുക്കിയത്. ഹെഡറിലൂടെയായിരുന്നു ​ഗോൾ. റോഡ്രി​ഗിസിന്റെ ആദ്യ രാജ്യാന്തര ​ഗോളാണ് ഇത്. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ അർജന്റീന അവസരം സൃഷ്ടിച്ചിരുന്നു. എന്നാൽ റോഡ്രി​ഗ്സിന്റെ ലോങ് റേഞ്ചർ ഉറു​ഗ്വേ ​ഗോൾകീപ്പർ കയ്യിലൊതുക്കി. 

ഏഴാം മിനിറ്റിൽ മെസിയിലൂടെ വീണ്ടും ​ഗോൾമുഖത്തേക്ക് അർജന്റീന. എന്നാൽ മെസിയുടെ കാലിൽ നിന്ന് വന്ന ലോങ്റേഞ്ചർ ​ഗോൾകീപ്പർ തട്ടിയകറ്റി. ഇവിടെ റീബൗണ്ട് മാർട്ടിനസിന് നേരെ എത്തിയെങ്കിലും വല കുലുക്കുന്നതിൽ പരാജയപ്പെട്ടു. ​75ാം മിനിറ്റിൽ സുവാരസിന്റെ അക്രോബാറ്റിക് ഷോട്ട് വന്നെങ്കിലും ലക്ഷ്യം കാണാതെ പോയി.

ഗോൾ നേടിയതിന് ശേഷം സമനിലയിലേക്ക് വീഴുമോ എന്ന ആശങ്ക അർജന്റീനയ്ക്ക് മേൽ ശക്തമായിരുന്നു. ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഉൾപ്പെടെ ഇതാണ് സംഭവിച്ചത്. അതിനാൽ ​ആദ്യ ​ഗോൾ നേടിയതിന് ശേഷം പ്രതിരോധത്തിലേക്ക് അർജന്റീന ഉറു​ഗ്വേയ്ക്ക് എതിരെ വലിഞ്ഞിരുന്നു. എട്ട് ഷോട്ടുകളാണ് കളിയിൽ അർജന്റീനയിൽ നിന്ന് വന്നത്. അതിൽ അഞ്ചും ഓൺ ടാർ​ഗറ്റിലേക്ക് ആയിരുന്നു. 88ാം മിനിറ്റിൽ ഫ്രീകിക്ക് ലഭിച്ചതോടെ മെസിയിലൂടെ അർജന്റീന ലീഡ് ഉയർത്തുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now