വെനസ്വേലയുടെ പരുക്കന്‍ ടാക്കിളിലും ഇളകാതെ മെസി; ബ്രസീലിന് എതിരെ കളിക്കുമെന്ന് ഉറപ്പിച്ച് സ്‌കലോനി

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീല്‍-അര്‍ജന്റീന പോര്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:48 am IST

കാരക്കസ്: വെനസ്വേലക്കെതിരായ മത്സരത്തില്‍ പരുക്കന്‍ ടാക്കിളിന് വിധേയമായെങ്കിലും സൂപ്പര്‍ താരം മെസി ബ്രസീലിന് എതിരെ കളിക്കാനിറങ്ങുമെന്ന് സ്ഥിരീകരിച്ച് പരിശീലകന്‍ സ്‌കലോനി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീല്‍-അര്‍ജന്റീന പോര്. 

വെനസ്വേലക്കെതിരായ മത്സരത്തിന്റെ 32ാം മിനിറ്റിലാണ് മെസിയുടെ മുന്നേറ്റം തടയാനായി പരുക്കന്‍ ടാക്കിള്‍ വെനസ്വേലന്‍ താരം അഡ്രിയാന്‍ മാര്‍ട്ടിനസില്‍ നിന്ന് വന്നത്. ഇതോടെ മാര്‍ട്ടിനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയി. 

ലിയോയ്ക്ക് പ്രശ്‌നമില്ല. അതൊരു പേടിയായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് മെസി സുഖമായിരിക്കുന്നു. പരിശീലനത്തിനായി ഇറങ്ങുമ്പോള്‍ 100 ശതമാനം ഫിറ്റ്‌നസില്‍ ആണെന്നത് മെസി സ്ഥിരീകരിക്കും. ബ്രസീല്‍ എല്ലായ്‌പ്പോഴും പ്രധാനപ്പെട്ട എതിരാളിയാണ്, സ്‌കലോനി പറഞ്ഞു.

ലൈനപ്പിനെ കുറിച്ച് എനിക്ക് വ്യക്തതയുണ്ട്. എന്നാല്‍ വെനസ്വേലക്കെതിരെ കളിച്ച താരങ്ങളെയെല്ലാം വെച്ച് പരിശീലന സെഷന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്നും അര്‍ജന്റീനിയന്‍ പരിശീലകന്‍ വ്യക്തമാക്കി. 

വെനസ്വേലക്കെതിരെ 1-3നാണ് അര്‍ജന്റീന ജയം പിടിച്ചത്. ലൗതാരോ മാര്‍ട്ടിനസ്, ജോവാക്വിന്‍ കോറിയ, എയ്ഞ്ചല്‍ കോറിയ എന്നീ താരങ്ങളാണ് അര്‍ജന്റീനക്കായി ഗോള്‍ വല കുലുക്കിയത്. ചിലിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയം പിടിച്ചാണ് ബ്രസീല്‍ വരുന്നത്. എവര്‍ട്ടന്‍ റിബീരോയാണ് ബ്രസീലിനായി ഗോള്‍ വല കുലുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now