പരാതി നൽകിയവർ പുറത്ത്; അസ്ഹറുദ്ദീൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തുടരും

പരാതി നൽകിയവർ പുറത്ത്; അസ്ഹറുദ്ദീൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തുടരും

മുഹമ്മദ് അസ്ഹറുദ്ദീന്‍/ ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സിഎ) പ്രസിഡന്റായി തുടരും. അധ്യക്ഷ സ്ഥാനത്ത് തുടരാൻ അസ്ഹറുദ്ദീന് അനുമതി നൽകി എച്ച്‌സിഎ ലോകായുക്ത ജസ്റ്റിസ് (റിട്ട) ദീപക് വർമ ഉത്തരവിട്ടു. 

ഇതോടൊപ്പം അസ്ഹറുദ്ദീനെതിരെ പരാതി നൽകിയ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോൺ മനോജ്, സെക്രട്ടറി വിജയാനന്ദ്, ജോയിന്റ് സെക്രട്ടറി നരേഷ് ശർമ, ട്രഷറർ സുരേന്ദർ അഗർവാൾ, കൗൺസിലർ പി അനുരാധ എന്നിവരോട് തത്സ്ഥാനങ്ങള്‍ ഒഴിയാനും നിർദ്ദേശിച്ചിട്ടുണ്ട്.  അസ്ഹറുദ്ദീനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴിവാക്കി മൂന്ന് ആഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം. 

അപക്‌സ് കൗൺസിലിന് പ്രസിഡന്റിനെ പുറത്താക്കാനുള്ള തീരുമാനമെടുക്കാനാകില്ല. സസ്‌പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾ ഏതെങ്കിലും വിധത്തിലുള്ള പ്രമേയമോ, കാരണം കാണിക്കൽ നോട്ടീസോ പ്രസിഡന്റിന് അയച്ചിട്ടുണ്ടെങ്കിൽ അതെല്ലാം പിൻവലിക്കുന്നതാണ് ഉചിതമെന്ന് വർമ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അസ്ഹറുദ്ദീന് പ്രസിഡന്റായി തുടരാനുള്ള അധികാരമുണ്ടെന്നും വർമ കൂട്ടിച്ചേർത്തു. 

പ്രസിഡന്റായിരിക്കെ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ ലോക്‌സഭാംഗം കൂടിയായ അസ്ഹറുദ്ദീനെ പുറത്താക്കിയത്. ബിസിസിഐ അംഗീകാരമില്ലാത്ത ദുബായിലെ ടി10 ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഒരു ക്ലബിന്റെ മാർഗ നിർദേശകനാണ് അസ്ഹറുദ്ദീൻ എന്നതാണ് ഒരു ആരോപണം. ടീമിന് വേണ്ടി അസ്ഹറുദ്ദീൻ നേരിട്ട് പണമിറക്കിയെന്നും ഭരണ സമിതി അംഗങ്ങൾ ആരോപിച്ചിരുന്നു. 

പിന്നാലെ അസ്ഹറുദ്ദീനെ അസോസിയേഷന്റെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. പിന്നീട് പുറത്താക്കാൻ അസോസിയേഷൻ ഭരണസമിതി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. 

2019 സെപ്തംബറിലാണ് മുൻ ഇന്ത്യൻ താരം കൂടിയായ അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അസ്ഹറുദ്ദീനുമായി യോജിച്ചുപോവാൻ ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല. ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്നതായിരുന്നു ഇവരുടെ പ്രധാന പരാതി. അസോസിയേഷന്റെ അക്കൗണ്ട് അസ്ഹറുദ്ദീൻ മരവിപ്പിച്ചുവെന്നും ഇവർ ആരോപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now