അവസാന 10 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ വീണത് ഓസ്‌ട്രേലിയയുടെ 6 വിക്കറ്റുകള്‍. ഓസ്‌ട്രേലിയയുടെ അവസാന 7 ബാറ്റേഴ്‌സും മടങ്ങിയത് സ്‌കോര്‍ രണ്ടക്കം കടത്താനാവാതെ

മുഹമ്മദ് ഷമി/ഫോട്ടോ:ട്വിറ്റര്‍
Last Updated :20 January 2024, 9:07 am IST

News Now


ഗബ്ബ: ട്വന്റി20 ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി മുഹമ്മദ് ഷമി. ഓസ്‌ട്രേലിയക്ക് എതിരായ സന്നാഹ മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് ഷമി ബൗള്‍ ചെയ്തത്. അതും 20ാം ഓവര്‍. 11 റണ്‍സ് ആണ് മുഹമ്മദ് ഷമിക്ക് പ്രതിരോധിക്കേണ്ടിയിരുന്നത്. എന്നാല്‍ ഷമി വിട്ടുകൊടുത്തത് 4 റണ്‍സ് മാത്രം. വീഴ്ത്തിയത് മൂന്ന് വിക്കറ്റും. ഒരു റണ്‍ഔട്ട് കൂടി വന്നതോടെ അവസാന ഓവറില്‍ വീണത് 4 ഓസീസ് വിക്കറ്റ്. 

ഇന്ത്യ മുന്‍പില്‍ വെച്ച 187 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 177ന് ഓള്‍ഔട്ടായി. ഇന്ത്യക്ക് 9 റണ്‍സ് ജയം. അവസാന 10 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ വീണത് ഓസ്‌ട്രേലിയയുടെ 6 വിക്കറ്റുകള്‍. ഇതില്‍ രണ്ട് റണ്‍ ഔട്ടും ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയയുടെ അവസാന 7 ബാറ്റേഴ്‌സും മടങ്ങിയത് സ്‌കോര്‍ രണ്ടക്കം കടത്താനാവാതെ. 

ആരോണ്‍ ഫിഞ്ച് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍

54 പന്തില്‍ നിന്ന് 76 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ച് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 7 ഫോറും മൂന്ന് സിക്‌സും ഓസീസ് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് വന്നു. മിച്ചല്‍ മാര്‍ഷ് 18 പന്തില്‍ നിന്ന് 35 റണ്‍സ് എടുത്തു. എന്നാല്‍ പിന്നെ വന്ന ഓസീസ് ബാറ്റേഴ്‌സിന് കാര്യമായൊന്നും ചെയ്യാനായില്ല.

സ്റ്റീവ് സ്മിത്ത് 11 റണ്‍സും മാക്‌സ്‌വെല്‍ 23 റണ്‍സും എടുത്ത് മടങ്ങി. ഷമി ഓരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവി രണ്ട് വിക്കറ്റ് പിഴുതു. അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷല്‍ പട്ടേലും ചഹലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കെ എല്‍ രാഹുലിന്റേയും സൂര്യകുമാറിന്റേയും അര്‍ധ ശതകത്തിന്റെ ബലത്തിലാണ് 186 റണ്‍സ് കണ്ടെത്തിയത്. 33 പന്തില്‍ നിന്ന് രാഹുല്‍ 57 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 50 റണ്‍സ് എടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ