ജാന്‍സെന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നില്‍ ഋഷഭ് പന്തിന്റെ തന്ത്രം; വെളിപ്പെടുത്തി ആവേശ് ഖാന്‍ 

ദുസെന്‍, ജാന്‍സന്‍ മഹാരാജ് എന്നിവരുടെ വിക്കറ്റാണ് ഒരോവറില്‍ ആവേശ് ഖാന്‍ വീഴ്ത്തിയത്

ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:02 am IST

രാജ്‌കോട്ട്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും വിക്കറ്റ് വീഴ്ത്താന്‍ ആവേശ് ഖാന് കഴിഞ്ഞിരുന്നില്ല. ഇതോടെ നാലാമത്തെ ട്വന്റി20യില്‍ ആവേശ് ഖാന് പകരം അര്‍ഷ്ദീപ് സിങ്ങോ ഉമ്രാന്‍ മാലിക്കോ ടീമിലേക്ക് എത്തും എന്ന വിലയിരുത്തല്‍ ഉയര്‍ന്നു. എന്നാല്‍ ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ആവേശ് ഖാന്‍ വിമര്‍ശകരുടെ വായടപ്പിച്ചത്. 

ദുസെന്‍, ജാന്‍സന്‍ മഹാരാജ് എന്നിവരുടെ വിക്കറ്റാണ് ഒരോവറില്‍ ആവേശ് ഖാന്‍ വീഴ്ത്തിയത്. ഇവിടെ ജാന്‍സന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നിലെ തന്ത്രം ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റേതെന്നാണ് ആവേശ് ഖാന്‍ പറയുന്നത്. ജാന്‍സെന് എതിരായ എന്റെ ബൗണ്‍സറിന് ശേഷം പന്ത് എന്നോട് പറഞ്ഞു ഇനി ലെഗ് കട്ടര്‍ എറിയാം എന്ന്...അതുകൊണ്ട് ഞാന്‍ ലെഗ് കട്ടര്‍ എറിഞ്ഞു, വിക്കറ്റും ലഭിച്ചു, മത്സര ശേഷം ആവേശ് ഖാന്‍ പറഞ്ഞു. 

കേശവ് മഹാരാജിനെ പുറത്താക്കിയതിന് പിന്നിലെ തന്ത്രത്തെ കുറിച്ചും ആവേശ് ഖാന്‍ പറയുന്നു. ഹാര്‍ഡ് ഡെലിവറിയാണ് കേശവ് മഹാരാജിന് എതിരെ ഞാന്‍ ആദ്യം എറിഞ്ഞത്. പിന്നാലെ സ്ലോ ഡെലിവറി വന്നപ്പോള്‍ വിക്കറ്റ് വീണതായും ആവേശ് ഖാന്‍ പറയുന്നു. 

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് ആവേശ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. പിതാവിന്റെ ജന്മദിനത്തിലാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഫിഗറിലേക്കും ആവേശ് ഖാന്‍ എത്തിയത്. രാജ്‌കോട്ടിലെ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-2ന് മുന്‍പിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

News Now