കരിയറിലെ രണ്ട് നിരാശകൾ, സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തുന്നു

സുനിൽ ​ഗാവസ്കറിനൊപ്പവും വിവ് റിച്ചാർഡ്സന് എതിരേയും കളിക്കാൻ സാധിക്കാതെ പോയത് ചൂണ്ടിയാണ് സച്ചിന്റെ വാക്കുകൾ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

മുംബൈ: കരിയറിൽ സാധിക്കാനാവാതെ പോയ തന്റെ രണ്ട് നിരാശകൾ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സുനിൽ ​ഗാവസ്കറിനൊപ്പവും വിവ് റിച്ചാർഡ്സന് എതിരേയും കളിക്കാൻ സാധിക്കാതെ പോയത് ചൂണ്ടിയാണ് സച്ചിന്റെ വാക്കുകൾ. 

രണ്ട് നി‌രാശകളാണ് എനിക്കുള്ളത്. ഒന്നാമത്തേത്, ​ഗാവസ്കറിനൊപ്പം എനിക്ക് കളിക്കാനായിട്ടില്ല. വളർന്നു വരുന്ന സമയത്ത് ​ഗാവസ്കറായിരുന്നു എന്റെ ബാറ്റിങ് ഹീറോ. ടീമിന്റെ ഭാ​ഗമായി നിന്ന് ​ഗാവസ്കറിനൊപ്പം കളിക്കാനാവാതെ പോയത് വലിയ നിരാശയാണ്. ഞാൻ അരങ്ങേറ്റം കുറിക്കുന്നതിന് ഏതാനും വർഷം മുൻപ് അദ്ദേഹം വിരമിച്ചിരുന്നു, സച്ചിൻ പറഞ്ഞു. 

കുട്ടിക്കാലത്തെ എന്റെ ഹീറോ ആയിരുന്ന വിവ് റിച്ചാർഡ്സനെതിരെ കളിക്കാൻ കഴിയാതെ പോയതാണ് മറ്റൊരു നിരാശ. കൗണ്ടി ക്രിക്കറ്റിൽ അദ്ദേഹത്തിന് എതിരെ കളിക്കാനുള്ള ഭാ​ഗ്യം എനിക്കുണ്ടായി. എന്നാൽ രാജ്യാന്തര മത്സരത്തിൽ അദ്ദേഹത്തിന് എതിരെ കളിക്കാൻ സാധിക്കാത്തതിന്റെ സങ്കടം എനിക്കുണ്ട്. 1991ലാണ് അദ്ദേഹം വിരമിച്ചത് എങ്കിലും നേർക്കു നേർ വരിക എന്നത് സാധ്യമായില്ല. 

2013ലാണ് സച്ചിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വിരമിക്കുമ്പോൾ 18463 ഏകദിന റൺസും 15921 ടെസ്റ്റ് റൺസുമാണ് സച്ചിന്റെ പേരിലുണ്ടായിരുന്നത്. 24 വർഷം ക്രിക്കറ്റിൽ നിറഞ്ഞ മാസ്റ്റർ ബ്ലാസ്റ്റർ റെക്കോർഡുകളുടെ പെരുമഴ തന്റെ പേരിൽ തീർത്താണ് കളിക്കളം വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now