'പേരുകള്‍ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലേ, തലയും വാലും ഒന്നും ആകാനില്ല'

Sanju Samson
സഞ്ജു സാംസണ്‍.
Edited by :അമല്‍ ജോയ്
Last Updated :17 മാർച്ച് 2026, 9:39 am IST

തിരുവനന്തപുരം: ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായും തോല്‍വികളില്‍ നിന്ന് തിരിച്ചുവരാന്‍ സഹായിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്നും സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ ധോനിക്കൊപ്പം കളിക്കുന്നതില്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ടെന്നും എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടമെന്നും ചെന്നൈയിലേക്ക് നമ്മള്‍ നമ്മളായി പോയാല്‍ മതിയെന്നും തലയും വാലും ഒന്നും ആകേണ്ടെന്നും സഞ്ജു പറഞ്ഞു.

'ന്യൂസീലന്‍ഡ് പരമ്പരയ്ക്കു ശേഷം ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍നിന്നു പൂര്‍ണമായും വിട്ടുനിന്നു. എന്റെ ഭാര്യയും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. വിജയത്തേക്കാള്‍ തോല്‍വികളാണ് എനിക്കുണ്ടായത്. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് തോല്‍വികളില്‍നിന്നും തിരിച്ചുവരാന്‍ എനിക്കു സാധിച്ചു. ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറുമായി വളരെ നീണ്ട കാലത്തെ ബന്ധമുണ്ട്. ഗൗതി ഭായ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം താമസിക്കുന്നതു ഡല്‍ഹിയിലാണ്. ഡല്‍ഹിയിലെ അക്കാദമിയിലാണു ഞാന്‍ കളിച്ചത്. അവിടെ അദ്ദേഹമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ അദ്ദേഹം കളിച്ചിരുന്ന കാലത്തും സംസാരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഇതു വളരെ വലിയ ബന്ധമാണ്.' സഞ്ജു പറഞ്ഞു.

തിരുവനന്തപുരത്തു നടന്ന ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നും സഞ്ജു പറഞ്ഞു. കുറച്ചു വിഷമിച്ചിട്ടാണ് നാട്ടില്‍നിന്നു പോയത്. ഇത്രയും പിന്തുണ നല്‍കുന്ന ആളുകളുടെ മുന്നില്‍ വിചാരിച്ചപോലെ ഒരു പ്രകടനം നടത്താന്‍ സാധിക്കാത്ത വിഷമമുണ്ടായിരുന്നു. പക്ഷേ മുകളില്‍നിന്നു തീരുമാനിച്ചത് അതിലും വലുതായിട്ടുള്ള ഒന്നായിരുന്നു. ലോകകപ്പ് വിജയിച്ചതില്‍ അതിയായ സന്തോഷം. ലോകകപ്പ് നേടി നാട്ടിലേക്കു തിരിച്ചുവന്നപ്പോള്‍ ആ ഒരു സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. സിനിമയിലൊക്കെ പറയുന്നതു പോലെ ഇത് നമ്മുടെ വിജയം എന്നൊക്കെ ഇല്ലെ, ആ ഒരു ഫീലാണു കിട്ടിയതെന്നും സഞ്ജു പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സുമൊത്തുള്ള ആദ്യ ഐപിഎല്‍ സീസണേക്കുറിച്ചുള്ള ചോദ്യത്തോടും സഞ്ജു പ്രതികരിച്ചു.മഹിഭായിയുമായി ഞാന്‍ ഫോണില്‍ ഒരുപാടു സംസാരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായി സംസാരിച്ചിട്ടുണ്ട്. നേരിട്ട് ആദ്യമായിട്ടാണ് ഒരുപാട് മത്സരങ്ങള്‍ ഒരുമിച്ചു കളിക്കാന്‍ പോകുന്നത്. അതിന്റെ നേട്ടങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരുപാടു സന്തോഷമുണ്ട്. ഇപ്പോള്‍ എങ്ങനെയാണ് കളിക്കുന്നത് അതേ രീതിയിലായിരിക്കും ഇനിയും കളിക്കുക.

ഓരോ പേരുകള്‍ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലെ, എങ്ങനെ വേണമെങ്കിലും വിളിക്കാം. ധോനിക്കൊപ്പം കളിക്കുന്നതില്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ടെന്നും എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടമെന്നും ചെന്നൈയിലേക്ക് നമ്മള്‍ നമ്മളായി പോയാല്‍ മതിയെന്നും തലയും വാലും ഒന്നും ആകേണ്ടെന്നും സഞ്ജു പറഞ്ഞു. ഐപിഎലില്‍ ആദ്യമായാണ് രാജസ്ഥാനെതിരെ കളിക്കുന്നത്. ഗ്രൗണ്ടിലിറങ്ങിയാല്‍ വൈകാരികമായ കാര്യങ്ങളൊന്നും ആലോചിക്കാറില്ല. തന്റെ സമയം കഴിഞ്ഞെന്ന വിശ്വാസത്തിലാണ് അവിടെനിന്നു മാറിയത്. കളിയും ആ രീതിയിലാണു കാണുന്നത് - സഞ്ജു പറഞ്ഞു.

News Now

Summary

Sanju Samson on his comeback strategy after a disappointing T20 series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates