2021ലെ മികച്ച വനിതാ ക്രിക്കറ്റര്‍; സ്മൃതി മന്ധാനയ്ക്ക് ഐസിസി പുരസ്‌കാരം

2021ലെ മികച്ച വനിതാ ക്രിക്കറ്റര്‍; സ്മൃതി മന്ധാന ഐസിസി 'പ്ലെയര്‍ ഓഫ് ദി ഇയര്‍'

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :22 ജനുവരി 2024, 7:49 pm IST

ദുബായ്: 2021ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ധാനയ്ക്ക്. കലണ്ടര്‍ വര്‍ഷം ഇന്ത്യക്കായി നടത്തിയ മിന്നും ബാറ്റിങാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 

2021 കലണ്ടര്‍ വര്‍ഷത്തില്‍ 22 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താരം 855 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 38.86 ആണ് ആവറേജ്. 

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരം സ്മൃതിയായിരുന്നു. രണ്ടാം ഏകദിനത്തില്‍ 80 റണ്‍സെടുത്ത താരം അവസാന ടി20യില്‍ 48 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലും എത്തിച്ചു. 

ഇംഗ്ലണ്ടിനെതിരായ ഓരേയൊരു ടെസ്റ്റില്‍ 78 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ കണ്ടെത്തിയ താരം ഇന്ത്യ ജയിച്ച ഏകദിന പോരാട്ടത്തില്‍ 49 റണ്‍സുമായി കളം നിറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിലും സ്മൃതി തിളങ്ങി. 

ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തിലും താരം മിന്നും ഫോം തുടര്‍ന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ 86 റണ്‍സെടുത്ത താരം ഓസീസിനെതിരായ ടെസ്റ്റില്‍ സെഞ്ച്വറിയും കണ്ടെത്തി. കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. 127 റണ്‍സാണ് താരം അന്ന് അടിച്ചെടുത്തത്. കളിയിലെ താരവും സ്മൃതിയായിരുന്നു. പിന്നാലെ നടന്ന ടി20 പോരാട്ടത്തിലും താരം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.

News Now