
ഒരു ദിവസം '200 സിക്സുകൾ' തൂക്കും, രാവിലെ 5 മണിക്ക് തുടങ്ങും; ചെപ്പോക്കിലെ 'അഴിഞ്ഞാട്ടം' ധോനിയുടെ 'സ്പെഷ്യൽ ബാറ്റില്‍'!
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായി ഉര്‍വില്‍ പട്ടേല്‍

ചെന്നൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ജയം സമ്മാനിച്ചത് ഉര്‍വില്‍ പട്ടേലെന്ന 27കാരന്റെ ബാറ്റിങ് അഴിഞ്ഞാട്ടമായിരുന്നു. 13 പന്തില്‍ 50 അടിച്ച് ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ നിരവധി റെക്കോര്‍ഡുകള്‍ താരം മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. ഇതെല്ലാം താരം നിസാരമായി ഉണ്ടാക്കിയതല്ല. അതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെ കഥ കൂടിയുണ്ട്.
മത്സരത്തില്‍ 23 പന്തില്‍ 65 റണ്‍സാണ് താരം അതിവേഗം അടിച്ചെടുത്തത്. തൊങ്ങല്‍ ചാര്‍ത്തി 8 സിക്‌സുകളും ഇന്നിങ്‌സിലുണ്ട്. പരിശീലന സമയത്ത് താരം ഒരു ദിവസം 200 സിക്‌സുകളാണ് അടിച്ചിരുന്നത് എന്നു പറയുകയാണ് താരത്തിന്റെ പരിശീലകന്‍ പ്രകാശ് പഠാനി.
'ഒന്നോ രണ്ടോ സിക്‌സുകള്‍ ആര്‍ക്കും അടിക്കാന്‍ പറ്റും. എന്നാല്‍ തുടരെ എട്ട് സിക്‌സുകളൊക്കെ അടിക്കണമെങ്കില്‍ കഠിനാധ്വാനം വേണം. ഉര്‍വില്‍ ഒരു ദിവസം 200 സിക്‌സുകള്‍ വരെ അടിച്ചാണ് പരിശീലിക്കുന്നത്. ഒരു ദിവസം പോലും മുടങ്ങാതെ അദ്ദേഹം പരിശീലനത്തിനെത്തും. എല്ലാ ദിവസവും 200 സിക്‌സുകള്‍ അടിക്കും. രാവിലെ 5 മണിക്ക് വരും ഉച്ചയ്ക്ക് ഒരു മണി, രണ്ട് മണി വരെയൊക്കെ പരിശീലിക്കും.'
'ബൗളിങ് മെഷീന്‍ ഉപയോഗിക്കാതെയാണ് പരിശീലനം. റോബോ ആമിന്റെ സഹായത്തോടെ ഞാനാണ് പന്തെറിഞ്ഞു കൊടുക്കുന്നത്. കുക്കാബുറ പന്ത് മാത്രമാണ് അദ്ദേഹം പരിശീലനത്തിനായി ഉപയോഗിക്കാറുള്ളത്. റണ്‍സിനായുള്ള വിശപ്പും ദാഹവുമാണ് അവന്. അവസരം കിട്ടിയാല്‍ വ്യത്യസ്തമായ രീതിയില്‍ ചിലതു ചെയ്യാന്‍ ആഗ്രഹമുണ്ടെന്നു അവന്‍ നേരത്തെ എന്നോടു പറഞ്ഞിരുന്നു'- പ്രകാശ് പഠാനി വ്യക്തമാക്കി.
WHAT TO READ NEXT

നാടകീയ ജയം, പിന്നാലെ ആര്‍സിബി കോച്ച് ആന്‍ഡി ഫ്ളവറിന് പിഴ ശിക്ഷ!
ധോനിയുടെ ബാറ്റ്
ഈ ഐപിഎല്‍ സീസണിനു മുന്നോടിയായി ഉര്‍വില്‍ കൊണ്ടു വന്ന ബാറ്റുകളില്‍ ഒന്ന് വളരെ സവിശേഷതയുള്ളതാണ്. കാരണം ആ ബാറ്റുകളില്‍ ഒന്ന് ധോനി സമ്മാനിച്ചതാണ്. താരത്തിന്റെ സിക്‌സടിക്കു ഏറെ സഹായകമാകും ഈ ബാറ്റെന്നു പറഞ്ഞാണ് ധോനി ബാറ്റ് സമ്മാനിച്ചതെന്നു പരിശീലകന്‍ പ്രകാശ് വെളിപ്പെടുത്തി. ധോനി നല്‍കിയ ബാറ്റ് ഉപയോഗിച്ചാണ് താരം എല്‍എസ്ജി ബൗളര്‍മാരെ തല്ലി വശം കെടുത്തിയത്.
1, 6, 6, 6, 6, 6, 4, 6, 1, 0
ലഖ്‌നൗവിനെതിരെ ഉര്‍വില്‍ പട്ടേല്‍ ആദ്യ പത്ത് പന്തുകള്‍ നേരിട്ടത് ഇങ്ങനെ... 1, 6, 6, 6, 6, 6, 4, 6, 1, 0- പത്ത് പന്തില്‍ 42 റണ്‍സ്. 13 പന്തില്‍ ഫിഫ്റ്റിയും തികച്ച് താരം ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പവുമെത്തി.
മത്സരത്തില്‍ 204 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്കായി സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കി പുറത്തായതിനു പിന്നാലെയാണ് ഉര്‍വില്‍ ക്രീസിലെത്തിയത്. ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലായിരുന്നു. ക്രീസിലെത്തിയ ഉര്‍വില്‍ പട്ടേല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിംഗിള്‍ നേടി. അഞ്ച്, ആറ് ഓവറുകളിലാണ് താരം ടോപ് ഗിയറിലേക്ക് മാറുന്നത്.
ആവേശ് ഖാന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന് സിക്‌സുകള്‍ താരം പറത്തി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ദ്വിഗേഷ് റാഠിക്കും കിട്ടി കണക്കിന്. ഈ ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉര്‍വില്‍ തൂക്കി.
13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഉര്‍വില്‍ പട്ടേല്‍ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനൊപ്പമാണ് എത്തിയത്. രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്വാളും 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.
ഐപിഎല്‍ ഇന്നിങ്‌സില്‍ നേരിട്ട ആദ്യ എട്ട് പന്തില്‍ ആറും സിക്‌സര്‍ തൂക്കുന്ന ആദ്യ ബാറ്ററായി ഉര്‍വില്‍ മാറി. 8 പന്തില്‍ താരം 41 റണ്‍സ് അടിച്ചെടുത്തു. 8 പന്തില്‍ 33 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ആദ്യ പത്ത് പന്തിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും താരത്തിനു തന്നെ. ആര്‍സിബി താരം എബി ഡിവില്ല്യേഴ്‌സ് 2015ല്‍ നേടിയ 41 റണ്‍സ് റെക്കോര്‍ഡാണ് ഗുജറാത്ത് താരം മറികടന്നത്.
ഉര്‍വില്‍ കത്തിക്കയറിയപ്പോള്‍ ചെന്നൈ സ്‌കോര്‍ അതിവേഗം കുതിച്ചു. പവര്‍പ്ലേയില്‍ അവര്‍ 97 റണ്‍സ് നേടി. ചെന്നൈയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പവര്‍പ്ലേ സ്‌കോറാണ്. 2014ല്‍ ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബിനെതിരെ നേടിയ 2 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ് നേരത്തെയുള്ള ഉയര്‍ന്ന സ്‌കോര്‍. പത്താം ഓവറില്‍ ഷഹബാസ് അഹമ്മദിന്റെ പന്തില്‍ ആവേശ് ഖാന് ക്യാച്ച് നല്‍കിയാണ് ഉര്‍വില്‍ കൊടുങ്കാറ്റ് അവസാനിച്ചത്. ചെന്നൈ അപ്പോള്‍ 126 റണ്‍സിലെത്തിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനായി കളിക്കുന്ന താരമാണ് ഉര്‍വില്‍. ബറോഡയ്ക്കു കളിച്ചാണ് ഡൊമസ്റ്റിക് കരിയര്‍ അദ്ദേഹം തുടങ്ങിയത്. പിന്നീട് ഗുജറാത്തിലേക്ക് മാറുകയായിരുന്നു.
പുരുഷ ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ താരമാണ് ഉര്‍വില്‍. ത്രിപുരയ്‌ക്കെതിരായ പോരാട്ടത്തില്‍ താരം 28 പന്തില്‍ സെഞ്ച്വറി നേടിയാണ് റെക്കോര്‍ഡിട്ടത്. കഴിഞ്ഞ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിലായിരുന്നു ഈ കണ്ണഞ്ചിക്കും ബാറ്റിങ്.
WHAT TO READ NEXT

ഹര്‍ദിക് പാണ്ഡ്യ എവിടെ, ഇനി കളിക്കില്ലേ?
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
IPL 2026, sixes: Chepauk, there was no easing into the innings for urvil patel
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



