ബയേണിനെ അട്ടിമറിച്ച്‌ വിയ്യാറയല്‍; ബെന്‍സെമയുടെ ഹാട്രിക്കോടെ ചെല്‍സിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്‌

എട്ടാം മിനിറ്റില്‍ അര്‍നൗട്ട് ഡാന്യുമ നേടിയ ഗോളാണ് വിയ്യാറയലിന് അട്ടിമറി ജയം സമ്മാനിച്ചത്

ലെവന്‍ഡോസ്‌കി അല്‍ഫോണ്‍സോ ഡേവിസ്/ഫോട്ടോ: എഎഫ്പി
Edited by :migrator
Last Updated :20 ജനുവരി 2024, 9:00 am IST

എല്‍ മാഡ്രിഗല്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനെ ഞെട്ടിച്ച് വിയ്യാറയല്‍. തങ്ങളുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് വിയ്യാറയല്‍ ബയോണിനെ വീഴ്ത്തിയത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ മറ്റൊരു കളിയില്‍ ചെല്‍സിയെ റയല്‍ മാഡ്രിഡും തകര്‍ത്തു. 

എട്ടാം മിനിറ്റില്‍ അര്‍നൗട്ട് ഡാന്യുമ നേടിയ ഗോളാണ് വിയ്യാറയലിന് അട്ടിമറി ജയം സമ്മാനിച്ചത്. മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തി കളിക്കാന്‍ ബയേണിന് കഴിഞ്ഞെങ്കിലും ഗോള്‍ വല കുലുക്കാനായില്ല. 22 ഷോട്ടുകള്‍ കളിയില്‍ ബയേണില്‍ നിന്ന് വന്നപ്പോള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയത് നാല് ഷോട്ടുകളും. 

41ാം മിനിറ്റില്‍ വിയ്യാറയല്‍ ലീഡ് 2-0 ആക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഫ്രാന്‍സിസ് കോക്വെലിന്റെ ഗോള്‍ വാറില്‍ തട്ടി അകന്നു. കോക്വെല്‍ ഓഫ് സൈഡ് ആയിരുന്നെന്ന് വ്യക്തമായതോടെയാണ് ഗോള്‍ നിഷേധിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിലും വിയ്യാറയല്‍ ഗോള്‍മുഖത്തേക്ക് എത്തി. ജെറാര്‍ഡ് മൊറീനയുടെ ഷോട്ട് പോസ്റ്റിലിടിച്ച് അകലുകയായിരുന്നു. 

ചാമ്പ്യന്‍സ് ലീഗ് സീസണിലെ ബയേണിന്റെ ആദ്യ തോല്‍വിയാണ് ഇത്. തോല്‍വി അറിയാതെ ചാമ്പ്യന്‍സ് ലീഗില്‍ 25 എവേ മത്സരങ്ങള്‍ എന്ന ബയേണിന്റെ കുതിപ്പിനും വിയ്യാറയല്‍ ഇവിടെ തിരശീലയിട്ടു. ചാമ്പ്യന്‍സ് ലീഗില്‍ എവേ മത്സരത്തില്‍ 2017ലാണ് ബയേണ്‍ അവസാനമായി തോറ്റത്. 

നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി റയല്‍ മാഡ്രിഡ്‌

ബെന്‍സെമയുടെ ഹാട്രിക് ബലത്തിലാണ് നിലവിലെ ചാമ്പ്യന്മാരെ റയല്‍ മാഡ്രിഡ് ഞെട്ടിച്ചത്. 21,24,46 മിനിറ്റുകളില്‍ ബെന്‍സെമ വല കുലുക്കി. 40ാം മിനിറ്റില്‍ ഹവര്‍ട്‌സിലൂടെയായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. 

മൂന്ന് മിനിറ്റിനുള്ളിലാണ് ബെന്‍സെമയുടെ രണ്ട് ഹെഡ്ഡര്‍ ഗോളുകള്‍ വന്നത്. ചെല്‍സി ഗോള്‍കീപ്പര്‍ മെന്‍ഡിയുടെ പിഴവില്‍ നിന്നായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെയുടെ ബെന്‍സെമയുടെ ഹാട്രിക് തികച്ച ഗോള്‍. അന്റോണിയോ റുഡിഗെറിന് മെന്‍ഡി നല്‍കിയ പാസ് ഇന്റര്‍സെപ്റ്റ് ചെയ്ത് ബെന്‍സെമ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now