'തട്ടാന്‍ ഭാസ്‌കരനോ, സനേഹലതയോ അതോ പവിത്രനോ? ശരിക്കും ചതിച്ചതാര്?'; ചര്‍ച്ചകളില്‍ നിറഞ്ഞ് 'പൊന്‍മുട്ടയിടുന്ന താറാവ്'

പൊന്മുട്ടയിടുന്ന താറാവ് സിനിമ പല തവണ കണ്ടിട്ടും മനസ്സിലാവാത്ത അല്ലെങ്കില്‍ വ്യക്തമാവാത്ത കാര്യം

ponmuttayidunna tharavu
ponmuttayidunna tharavu
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :29 മാർച്ച് 2026, 5:56 pm IST

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1988 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൊന്‍മുട്ടയിടുന്ന താറാവ്. ശ്രീനിവാസന്‍ തട്ടാന്‍ ഭാസ്‌കരനായെത്തിയ സിനിമയില്‍ ഉര്‍വശി, ജയറാം, ഇന്നസെന്റ് തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്നു. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് പൊന്‍മുട്ടയിടുന്ന താറാവ്. ഇന്നും ചിത്രം ടിവിയില്‍ വന്നാല്‍ മലയാളി ഇരുന്ന് കാണും.

പെന്‍മുട്ടയിടുന്ന താറാവിനെക്കുറിച്ചുള്ളൊരു സോഷ്യല്‍ മീഡിയ ചര്‍ച്ച ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ ആര് ആരെയാണ് ചതിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തട്ടാന്‍ ഭാസ്‌കരനാണോ, സ്‌നേഹലതയാണോ അതോ സ്‌നേഹലതയുടെ ഭര്‍ത്താവാണോ എന്നാണ് സോഷ്ല്‍ മീഡിയ ചോദിക്കുന്നത്.

സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ ജോസഫ് ജിജോ ജോര്‍ജ് എന്നയാള്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചകളുടെ തുടക്കം. ''പൊന്മുട്ടയിടുന്ന താറാവ് സിനിമ പല തവണ കണ്ടിട്ടും മനസ്സിലാവാത്ത അല്ലെങ്കില്‍ വ്യക്തമാവാത്ത കാര്യം. സത്യത്തില്‍ ആരാണ് ചതിച്ചത് ?'' എന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്.

''പ്രേമിച്ചിരുന്ന സമയത്ത് 10 പവന്റെ മാലയും വാങ്ങിയിട്ട് ഫോറിന്‍കാരന്റെ വിവാഹാലോചന വന്നപ്പോള്‍ തട്ടാന്‍ ഭാസ്‌കരനെ തേച്ചിട്ട് പോയ സ്‌നേഹലതയോ അതോ സ്‌നേഹിച്ചിരുന്ന പെണ്ണിന് സ്വര്‍ണ്ണമാണെന്ന് പറഞ്ഞ് ചെമ്പ് മാല കൊടുത്ത ഭാസ്‌കരനോ ? ചെറുപ്പം മുതല്‍ ഭാസ്‌കരനും, സ്‌നേഹലതയും പ്രേമത്തിലാണ് എന്നറിഞ്ഞിട്ടും തട്ടാന്റെ കൈയ്യില്‍ നിന്നും 10 പവന്റെ മാല സൂത്രത്തില്‍ വാങ്ങിയെടുത്ത ശേഷം മകളെ വേറൊരാള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കാന്‍ പദ്ധതിയിട്ട പണിക്കരോ ? ഗള്‍ഫിലെ പണി പോയിട്ടും അക്കാര്യം മറച്ച് വെച്ച് ഫോറിന്‍കാരനാണ് തിരിച്ച് പോകുമ്പോള്‍ ഭാര്യയെയും ഗള്‍ഫിലേക്ക് കൊണ്ട് പോകും എന്ന് പറഞ്ഞ് വന്‍ തുക സ്ത്രീധനം വാങ്ങി സ്‌നേഹലതയെ വിവാഹം കഴിച്ച പവിത്രനോ?അറിയാവുന്നവര്‍ കമന്റ് ചെയ്യുക.'' എന്നാണ് പോസ്റ്റില്‍ പറയുന്നത്. പിന്നാലെ കമന്റുകളുമായി നിരവധി പേരെത്തിയിട്ടുണ്ട്.

'അതെല്ലാം പോട്ടെ കാമുകന്‍ കൊടുത്ത 10പവന്‍ മുക്കുപണ്ടം ആണെന്നു അറിഞ്ഞിട്ട് അത് ചോദിക്കാന്‍ പോയ ഭര്‍ത്താവാണ് എനിക്ക് മനസില്ലാത്തത് അപ്പൊ ജയറാമല്ലേ അന്തസ്സില്ലാത്ത അത്യാഗ്രഹി, ഭാസ്‌കരന്‍ ചതിയന്‍ ഒന്നുമല്ല. നിഷ്‌കളങ്കന്‍ ആയിരുന്നു. 10 പവന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ സ്‌നേഹിക്കുന്ന പെണ്ണിനോട് ഇല്ല എന്ന് പറഞ്ഞാല്‍ അവള്‍ നഷ്ടപ്പെടുമോ എന്നുള്ള ഭയം ആവാം അയാളെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്.. കാരണം മറ്റേ പെണ്ണിനെ പോലും അയാള്‍ സഹായിക്കാന്‍ ഉള്ള മനസ് കാണിക്കുന്നുണ്ടല്ലോ ഒന്നും പ്രതീക്ഷിക്കാതെ...' എ്ന്നാണ് ചിലര്‍ പറയുന്നത്.

'അവള്‍ കെട്ടുമോ എന്ന് സംശയം ഉണ്ടായിരുന്നു അത് കൊണ്ട് മുക്ക് പണ്ടം കൊടുത്തു. കെട്ടിയിരുന്നെകില്‍ അത് ഈസി ആയിട്ട് മാറ്റി വച്ചേനെ, സുന്ദരി ആയ ഭാര്യേ പുറം ലോകം കാണാതെ വീട്ടില്‍ ഉള്ളില്‍ തന്നെ താമസിപ്പിച്ച ഹാജിയാരും നാട്ടുകാരെ പറ്റിച്ചിട്ടുണ്ട് , അതൊന്നുമല്ല 10 പവന്‍ സ്വര്‍ണം ആണെന്ന് പറഞ്ഞ് ചെമ്പ് കൊടുത്ത വീട്ടുകാരോടല്ലേ ചോദിക്കേണ്ടത് അതിനുപകരം തട്ടാനെ തല്ലാന്‍ പോയത് എന്തിനാണ്' എന്നും ചിലര്‍ പറയുന്നു.

'സിനിമയുടെ ആക്ഷേപഹാസ്യ സ്വഭാവം വെച്ച് നോക്കിയാല്‍ എല്ലാവരും അവരവരുടെ രീതിയില്‍ ചതിയന്മാരാണ്. പക്ഷേ, സാങ്കേതികമായി നോക്കിയാല്‍ പണിക്കര്‍ ആണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കക്കാരന്‍. എന്നാല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ 'തൃപ്തി' നല്‍കുന്നത് ഭാസ്‌കരന്റെ ചതിയാണ്. കാരണം മറ്റുള്ളവരുടെ അത്യാഗ്രഹത്തിന് അയാള്‍ നല്‍കിയ എട്ടിന്റെ പണിയായിരുന്നു ആ ചെമ്പ് മാല! സിനിമയുടെ അവസാനം ആ മാല ചെമ്പാണെന്ന് അറിയുമ്പോള്‍ എല്ലാവരും ചതിക്കപ്പെടുന്നുണ്ട്. അവിടെയാണ് ശ്രീനിവാസന്റെ തിരക്കഥയുടെ മിടുക്ക്.' എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

News Now

Summary

Social media discuss who is the real cheater in Ponmuttayidunna Tharavu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates