സംസ്ഥാനത്ത് ചൂട് കൂടിയതോടെ പലവിധ അസുഖങ്ങളും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്..ചൂടുകാലത്ത് മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് ചൂടുകുരു..ശരീരത്തിലെ ചിലഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും വിയർപ്പ് പുറത്ത് പോകാതിരിക്കുകയും ചെയ്യുമ്പോഴാണ് ചൂടു കുരു ഉണ്ടാകുന്നത്..ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില കാര്യങ്ങൾ നോക്കാം..ചൂടുകുരുവുള്ള ഭാഗത്ത് ഐസ് പാക്കോ,അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ മുക്കിയ തുണിയോ ഉപയോഗിച്ച് പതുക്കെ തുടക്കുന്നത് ചൊറിച്ചിൽ കുറക്കാൻ സഹായിക്കും..തണുത്തതോ ചെറുചൂടുള്ളതോ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിന്റെ താപനില കുറയ്ക്കാനും ചൊറിച്ചിൽ ശമിപ്പിക്കാനും സഹായിക്കും. അടഞ്ഞുകിടക്കുന്ന വിയർപ്പ് ഗ്രന്ഥികളിലെ തടസ്സം നീക്കാനും സുഷിരങ്ങൾ തുറന്ന് വരാനും ഇത് സഹായിച്ചേക്കും.അതുപോലെ ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ചൂടുകുരു കുറക്കാന് സഹായിക്കും..അയഞ്ഞ, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ശരീരത്തിന് ചുറ്റും വായു സഞ്ചാരം ലഭിക്കാൻ ഇത് സഹായിക്കുന്നു. സിന്തറ്റിക് വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക..കട്ടിയുള്ള ലോഷനുകളുടെയും ക്രീമുകളുടെയും ഉപയോഗം പരമാവധി കുറക്കുക. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടക്കാൻ ഇടയാക്കും..ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുന്നതോ സോപ്പുകൾ ഉപേക്ഷിക്കുക. ശരീരം വൃത്തിയായി സൂക്ഷിക്കുകയും വിയർപ്പ് അധികനേരം കെട്ടിക്കിടക്കാൻ അനുവദിക്കുകയും ചെയ്യരുത്..കറ്റാർ വാഴ ജെൽ ചൂടുകുരു ഉള്ള ഭാഗത്ത് പുരട്ടുന്നത് ചൊറിച്ചിൽ ശമിപ്പിക്കാൻ സഹായിക്കും..മിക്കവരിലും ചികിത്സയില്ലാതെ തന്നെ ദിവസങ്ങൾക്കുള്ളിൽ ചൂടുകുരു മാറാറുണ്ട്. എന്നാൽ സഹിക്കാനാവാത്ത ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.