തമിഴ് സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും വിവാഹജീവിതത്തിന്റെ 20-ാം വാർഷികാഘോഷമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച..വിവാഹം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഇരുവരും വീണ്ടും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മക്കളായ ദിയയും ദേവും സാക്ഷികളായ ചടങ്ങിന്റെ ദൃശ്യങ്ങൾ ജ്യോതിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു..‘ദ സീക്വൽ’ (The Sequel) എന്നാണ് ജ്യോതിക ഈ പ്രത്യേക ആഘോഷത്തിന് നൽകിയ പേര്. 20 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും ചേർന്ന് തങ്ങളുടെ ബന്ധത്തിന്റെ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്..വിദേശത്തെ ഒരു പള്ളിയിൽ നടന്ന വൗ റിന്യൂവലിൽ ജ്യോതിക വെള്ള ഗൗണിലും സൂര്യ വെള്ളയും കറുപ്പും കലർന്ന വേഷത്തിലുമാണ് എത്തിയത്. മക്കളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു..തങ്ങളുടെ രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയെ ‘20 years of love and war’ എന്നാണ് ജ്യോതിക വിശേഷിപ്പിച്ചത്. ബന്ധം എല്ലായ്പ്പോഴും പെർഫെക്ടായിരുന്നുവെന്നല്ല, മറിച്ച് അപൂർണ്ണത, സ്നേഹം, പൊരുത്തപ്പെടൽ, പരസ്പരം മനസ്സിലാക്കൽ, ത്യാഗം എന്നിവയിലൂടെ മുന്നോട്ടുപോയതാണെന്ന് ജ്യോതിക പങ്കുവെച്ച കുറിപ്പിൽ പറയുന്നു..ഒരു ‘പെർഫെക്ട് മാരേജ്’ ആഘോഷിക്കുകയല്ലെന്നും, വർഷങ്ങളിലൂടെ വളർന്ന പരസ്പര സൗഹൃദത്തിന്റെ ആഘോഷമാണിതെന്നുമാണ് ജ്യോതികയുടെ കുറിപ്പിൽ പറയുന്നത്.ചടങ്ങിൽ മക്കളായ ദിയയും ദേവും പങ്കെടുത്തു. ജ്യോതികയെ മകൻ ദേവ് ചടങ്ങിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടി. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയും ചടങ്ങിൽ പങ്കെടുത്തു..സൂര്യയും ജ്യോതികയും 2006 സെപ്റ്റംബർ 11നാണ് വിവാഹിതരായത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത് ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിലാണ്. പിന്നീട് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയായി മാറുകയും ചെയ്തു..വിവാഹശേഷം കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിന്ന ജ്യോതിക 2015ൽ ‘36 വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ വീണ്ടും ശ്രദ്ധ നേടി..വൗ റിന്യൂവലിന്റെ വീഡിയോയും ചിത്രങ്ങളും ആരാധകർക്കിടയിൽ വലിയ ശ്രദ്ധനേടി. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും തങ്ങളുടെ ബന്ധത്തെ ആഘോഷിക്കാൻ ഇരുവരും തിരഞ്ഞെടുത്ത രീതിയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates