മരണഭയം അകറ്റി ആയുരാരോഗ്യ സൗഖ്യം, മഹാ മൃത്യുഞ്ജയ മന്ത്രത്തിന്റെ അര്‍ത്ഥമെന്ത്?; അറിയാം പ്രാധാന്യം

മരണഭയം അകറ്റി ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യുന്ന അത്യന്തം ശക്തിയുള്ള ഋഗ്വേദ മന്ത്രമാണ് മഹാ മൃത്യുഞ്ജയ മന്ത്രം

Lord Shiva
Lord ShivaAi image
Last Updated :8 February 2026, 4:35 pm IST
Edited by :dhanojam

മരണഭയം അകറ്റി ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യുന്ന അത്യന്തം ശക്തിയുള്ള ഋഗ്വേദ മന്ത്രമാണ് മഹാ മൃത്യുഞ്ജയ മന്ത്രം. ഭഗവാന്‍ ശിവന്റെ അനുഗ്രഹം നേരിട്ട് അനുഭവിക്കാന്‍ സഹായിക്കുന്ന ഈ മഹാമന്ത്രം, മാര്‍ക്കണ്ഡേയ മഹര്‍ഷിക്ക് യമധര്‍മ്മരാജാവില്‍ നിന്നും രക്ഷനേടാന്‍ ശിവന്‍ ഉപദേശിച്ചു തന്നതായാണ് പുരാണത്തില്‍ പറയുന്നത്.

മൃകണ്ഡു മഹര്‍ഷിയുടെ മകനായ മാര്‍ക്കണ്ഡേയന് പതിനാറ് വയസ്സു വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. എന്നാല്‍ ശിവഭക്തനായ അദ്ദേഹം, നിശ്ചിത സമയത്ത് പ്രാണനൈടുക്കാന്‍ എത്തിയ യമനെ കണ്ടപ്പോള്‍ ശിവലിംഗത്തെ ആശ്രയിച്ച് ഈ മന്ത്രം ഭക്തിപൂര്‍വ്വം ജപിച്ചു. ആ ഭക്തിയില്‍ പ്രസാദിച്ച ശിവന്‍ പ്രത്യക്ഷപ്പെട്ടു. യമനെ പിന്തിരിപ്പിച്ച് മാര്‍ക്കണ്ഡേയനെ രക്ഷിക്കുകയും ചിരഞ്ജീവിയാകാന്‍ അനുഗ്രഹിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

മന്ത്രത്തിന്റെ അര്‍ത്ഥം

മധുരഗന്ധമുള്ളവനും സകല ജീവജാലങ്ങളെയും പോഷിപ്പിക്കുന്നവനുമായ മൂന്നു കണ്ണുകളുള്ള ഭഗവാന്‍ ശിവനെ നാം ആ രാധിക്കുന്നു. പക്വമായ വെള്ളരി തണ്ടില്‍ നിന്നും സ്വയം വേര്‍പെടുന്നതുപോലെ, ഞങ്ങളെ മരണബന്ധനത്തില്‍ നിന്ന് മോചിപ്പിച്ച് അമൃതസ്വഭാവമായ മോക്ഷത്തിലേക്ക് നയിക്കണമേ.

മന്ത്രജപത്തിന്റെ പ്രയോജനങ്ങള്‍

മരണഭയം അകറ്റാന്‍ സഹായിക്കുന്നു.രോഗശാന്തിയും ആയുസ്സിന്റെ വര്‍ധനയും പ്രദാനം ചെയ്യുന്നു. മാനസിക ശക്തിയും ധൈര്യവും വര്‍ദ്ധിപ്പിക്കുന്നു.ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ ആത്മബലം നല്‍കുന്നു. ഋഗ്വേദത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ഈ മന്ത്രം യജുര്‍വേദത്തിലും ആവര്‍ത്തിച്ച് മഹത്വപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പുരാതനകാലത്ത് അതീവ രഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന ഈ മന്ത്രം ലോകത്തിന് പരിചിതമായത് മാര്‍ക്കണ്ഡേയ മഹര്‍ഷി മുഖാന്തരമാണ്. ദക്ഷന്റെ ശാപഫലമായി ക്ഷയിച്ച ചന്ദ്രദേവനെ മരണത്തില്‍ നിന്ന് രക്ഷിക്കാനായി, ദക്ഷപുത്രിയായ സതിക്ക് മാര്‍ക്കണ്ഡേയന്‍ ഈ മന്ത്രോപദേശം നല്‍കിയതോടെയാണ് മന്ത്രത്തിന്റെ മഹിമ ലോകമെങ്ങും പരന്നത്.

പിന്നീട് പാര്‍വതി ദേവിയുടെ ബാല്യകാലത്ത് മാര്‍ക്കണ്ഡേയ മഹര്‍ഷി തന്റെ ബാല്യകാല അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍, അത് ശ്രവിച്ച പാര്‍വതി ദേവി ഗുരുപദേശം കൂടാതെ തന്നെ ഈ മന്ത്രം സ്വയം ഉരുവിടുന്നു. ആദിപരാശക്തിയായ പാര്‍വതി തന്നെയാണ് മുന്‍ജന്മത്തില്‍ സതിയായി അവതരിച്ചിരുന്നതെന്ന് അപ്പോള്‍ മാര്‍ക്കണ്ഡേയന്‍ സ്മരിച്ചു. അങ്ങനെ ദൈവാ നുഗ്രഹത്തോടെ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം സകലജനങ്ങള്‍ക്കും പ്രാപ്യമാവുകയായിരുന്നു.

ഭക്തിയോടും ശുദ്ധചിത്തത്തോടും കൂടിയുള്ള മഹാമൃത്യുഞ്ജയ മന്ത്രജപം ആത്മവിശ്വാസവും ആത്മശക്തിയും പകരുന്ന ദിവ്യാനുഭവമായി മാറുന്നു. മരണത്തെ പോലും ജയിക്കാന്‍ കഴിവുള്ള ഈ മഹാമന്ത്രം, ജീവിതത്തിന് പുതിയ പ്രത്യാശയും ദൈവിക സംരക്ഷണവും നല്‍കുന്ന അതുല്യമായ ഉപാസനാമാര്‍ഗ്ഗമാണ്.

News Now

Summary

What is the meaning of Maha Mrityunjaya Mantra?; Know its importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates