ഒരുലക്ഷം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഫോക്സ്‌വാഗണ്‍; ചൈനയില്‍ നിന്ന് കടുത്ത മത്സരം

നിക്ഷേപ പദ്ധതികളിലും 15 ശതമാനം കുറവ് വരുത്താന്‍ കമ്പനി ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു

volkswagen
Volkswagen Considers Up To 1 Lakh Job Cuts
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :27 ജൂൺ 2026, 2:26 pm IST

ബെര്‍ലിന്‍: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്‌വാ​ഗണ്‍ ആഗോളതലത്തില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഒരു ലക്ഷം വരെ തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഒലിവര്‍ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. കമ്പനിയുടെ നിലവിലെ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുന്നതിന് പുറമെ ജര്‍മനിയിലെ നാല് നിര്‍മാണ പ്ലാന്റുകളിലെ ഉല്‍പാദനം നിര്‍ത്തലാക്കുന്നതും പരിഗണനയിലുണ്ട്.

വാഹന വ്യവസായത്തിലെ മാറുന്ന ട്രെന്‍ഡ്, ചൈനീസ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരം, യുഎസ് ഇറക്കുമതി തീരുവ, യൂറോപ്യന്‍ വിപണിയിലെ ഡിമാന്‍ഡിലുണ്ടായ കുറവ് എന്നിവയാണ് കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന ഘടകങ്ങള്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതികളിലും 15 ശതമാനം കുറവ് വരുത്താന്‍ കമ്പനി ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഏകദേശം 13,000 കോടി യൂറോയിലേക്ക് നിക്ഷേപ ചെലവ് ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് വിവരം.

അതേസമയം വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് കമ്പനി തയ്യാറായിട്ടില്ല. വിഷയം ഇപ്പോഴും ചര്‍ച്ചയിലാണെന്നും വിവിധ സമിതികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കമ്പനി വ്യക്തമാക്കി. തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ നടപ്പിലായാല്‍ വാഹന വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാകും ഇതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിര്‍പ്പും വിഷയത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പിന്റെ ആഗോള ജീവനക്കാരുടെ എണ്ണം 667,164 ആയിരുന്നു. അതില്‍ 43 ശതമാനവും ജര്‍മ്മനിയിലാണ് ജോലി ചെയ്യുന്നത്. 2024-ല്‍ ജര്‍മ്മനിയിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമം തൊഴിലാളി യൂണിയനുകളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അതിനുശേഷം ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നിരവധി സൈറ്റുകള്‍ അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്യാന്‍ മാനേജ്മെന്റ് നീക്കം നടത്തിയിരുന്നു.

News Now

Summary

Volkswagen CEO Considers Factory Closures and Up To 1 Lakh Global Job Cuts: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates