പെന്‍ഷനാവുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട!, വരുമാനം കൂട്ടാം; എന്‍പിഎസില്‍ പുതിയ ഇന്‍കം സ്‌കീം, വിശദാംശങ്ങള്‍

വിരമിക്കാന്‍ പോകുന്നവര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിധം നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍( എന്‍പിഎസ്) പുതിയ മാറ്റം അവതരിപ്പിച്ച് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി.

NPS
NPSai image
Edited by :dhanojam
Last Updated :19 മേയ് 2026, 1:22 pm IST

ന്യൂഡല്‍ഹി: വിരമിക്കാന്‍ പോകുന്നവര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിധം നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍( എന്‍പിഎസ്) പുതിയ മാറ്റം അവതരിപ്പിച്ച് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി. വരിക്കാര്‍ക്ക് അവരുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും കൃത്യമായ ഇടവേളകളില്‍ തുക കൈപ്പറ്റാനും അതോടൊപ്പം ബാക്കി തുക വിപണി അധിഷ്ഠിത വളര്‍ച്ചയ്ക്കായി നിക്ഷേപമായി നിലനിര്‍ത്താനും സഹായിക്കുന്ന തരത്തിലാണ് പുതിയ മാറ്റം.

മെയ് 15ലെ സര്‍ക്കുലറിലാണ് റിട്ടയര്‍മെന്റ് ഇന്‍കം സ്‌കീമുകളും ഡ്രോഡൗണ്‍ ഓപ്ഷനുകളും അവതരിപ്പിച്ചത്. വിരമിക്കല്‍ കാലയളവില്‍ കൃത്യമായ വരുമാനം ഉറപ്പാക്കാനും ഫണ്ടിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. പെന്‍ഷന്‍ സമ്പാദ്യം പിന്‍വലിക്കുന്ന രീതിയില്‍ വലിയൊരു മാറ്റമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

ഇതുവരെ, വിരമിക്കുന്ന സമയത്ത് എന്‍പിഎസ് വരിക്കാര്‍ക്ക് അവരുടെ മൊത്തം ഫണ്ടിന്റെ 60 ശതമാനം വരെ നികുതിരഹിതമായി ഒറ്റത്തവണയായി പിന്‍വലിക്കാമായിരുന്നു. ബാക്കി 40 ശതമാനം തുക നിര്‍ബന്ധമായും ഒരു ആനുവിറ്റി (annuity/പെന്‍ഷന്‍ പ്ലാന്‍) വാങ്ങാന്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തില്‍, ഒറ്റത്തവണയായി പിന്‍വലിച്ചിരുന്ന 60 ശതമാനം തുകയ്ക്ക് പകരം, മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (SWP) പോലെ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള അവസരമാണ് ( systematic withdrawal plan ) വരിക്കാര്‍ക്ക് ലഭിക്കുന്നത്.

വിരമിച്ചവര്‍ക്ക് അവരുടെ ഫണ്ട് പെട്ടെന്ന് തീര്‍ന്നുപോകാതെ കൃത്യമായ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയില്‍ നിന്നും ഘട്ടം ഘട്ടമായി പണം പിന്‍വലിക്കല്‍ സാധ്യമാക്കുന്ന സൗകര്യം ലഭ്യമാക്കി എന്നുള്ളതാണ്. വരിക്കാര്‍ക്ക് അവരുടെ കൈവശമുള്ള തുകയില്‍ നിന്നും മാസത്തിലോ, മൂന്ന് മാസത്തിലൊരിക്കലോ, അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലോ കൃത്യമായ ഇടവേളകളില്‍ തുക പിന്‍വലിക്കാം. ഈ പിന്‍വലിക്കലുകള്‍ നിലവിലുള്ള നിര്‍ബന്ധിത ആനുവിറ്റി വരുമാനത്തിന് പുറമെയായിരിക്കും. എന്നാല്‍, 20 അല്ലെങ്കില്‍ 40 ശതമാനം തുക നിര്‍ബന്ധമായും ആനുവിറ്റി വാങ്ങാന്‍ ഉപയോഗിക്കണം എന്ന ചട്ടത്തില്‍ മാറ്റമൊന്നുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പണം തുടര്‍ന്നും വിപണി അധിഷ്ഠിത നിക്ഷേപങ്ങളില്‍ (market-linked investments) തുടരുന്നതിനാല്‍, കൃത്യമായ ഒരു തുക പെന്‍ഷനായി ലഭിക്കുമെന്ന് യാതൊരു ഉറപ്പും നല്‍കാന്‍ കഴിയില്ലെന്ന് റെഗുലേറ്റര്‍ വരിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്താണ് പുതിയ റിട്ടയര്‍മെന്റ് ഇന്‍കം സ്‌കീം ?

എന്‍പിഎസിന് കീഴില്‍ വിരമിക്കലിന് ശേഷമുള്ള ഒരു പ്രത്യേക നിക്ഷേപ ഓപ്ഷനാണ് റിട്ടയര്‍മെന്റ് ഇന്‍കം സ്‌കീം അഥവാ RIS. ഇതനുസരിച്ച്, ആനുവിറ്റി വാങ്ങിയ ശേഷമുള്ള ബാക്കി തുക വരിക്കാരന് ഉടനടി പിന്‍വലിക്കാതെ നിക്ഷേപമായി തന്നെ നിലനിര്‍ത്താം. ഇത് വിരമിച്ചവര്‍ക്ക് ദീര്‍ഘകാലത്തേക്ക് മികച്ച നേട്ടമുണ്ടാക്കാനും പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ തക്കവണ്ണമുള്ള വരുമാനം ഉറപ്പാക്കാനും സഹായിക്കുമെന്നാണ് റെഗുലേറ്ററിന്റെ അവകാശവാദം.

'RIS Steady' എന്ന പേരില്‍ പ്രായത്തിനനുസരിച്ച് ഇക്വിറ്റി നിക്ഷേപം കുറയുന്ന ഒരു മാതൃകയാണ് (annual glide path model) ഇതിനായി റെഗുലേറ്റര്‍ നിശ്ചയിച്ചിരിക്കുന്നത്. 60-ാം വയസ്സില്‍ 35 ശതമാനമായിരിക്കുന്ന ഇക്വിറ്റി നിക്ഷേപം (ഓഹരി വിപണിയിലെ പങ്കാളിത്തം) 75-ാം വയസ്സാകുമ്പോഴേക്കും ഘട്ടം ഘട്ടമായി 10 ശതമാനമായി കുറയും. 85 വയസ്സുവരെ ഇത് 10 ശതമാനമായി തന്നെ തുടരും. വിരമിക്കല്‍ കാലയളവില്‍ വളര്‍ച്ചയും അപകടസാധ്യതയും തമ്മില്‍ തുലനം ചെയ്യാനാണ് ഈ രീതി ഉപയോഗിക്കുന്നത്.

ഡ്രോഡൗണ്‍ ഓപ്ഷന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഈ സൗകര്യം തെരഞ്ഞെടുക്കുന്ന വരിക്കാര്‍ക്ക് രണ്ട് രീതികളില്‍ പണം പിന്‍വലിക്കാം.

സിസ്റ്റമാറ്റിക് പേഔട്ട് റേറ്റ് (SPR - Systematic Payout Rate): ഇതില്‍ വരിക്കാരന്റെ നിലവിലെ പ്രായവും ഡ്രോഡൗണ്‍ അവസാനിക്കുന്ന പ്രായവും കണക്കിലെടുത്തായിരിക്കും തുക നിശ്ചയിക്കുക. നിശ്ചിത കാലയളവ് വരെ ഫണ്ട് നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ പണം നല്‍കുന്ന നിരക്കില്‍ മാറ്റങ്ങള്‍ വരുത്തും.

സിസ്റ്റമാറ്റിക് യൂണിറ്റ് റിഡംപ്ഷന്‍ (SUR - Systematic Unit Redemption): ഇതില്‍ കൃത്യമായ ഇടവേളകളില്‍ നിശ്ചിത എണ്ണം യൂണിറ്റുകള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്.

News Now

Summary

NPS launches Retirement Income Schemes: Payout rules and benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates