'റിച്ച് ഡാഡ് പുവർ ഡാഡ്' രചയിതാവ് റോബർട്ട് കിയോസാക്കിക്ക് 10,000 കോടിയുടെ കടം; ധനകാര്യ തന്ത്രമോ ശ്രദ്ധനേടാനുള്ള അടവോ?

1.2 ബില്യൺ ഡോളറിന്റെ ബാധ്യതയെന്ന് 79-കാരനായ ഗ്രന്ഥകർത്താവ്. കടമെടുത്ത് ആസ്തിയുണ്ടാക്കുന്നത് സമ്പന്നരുടെ രീതിയെന്ന് വാദം

Robert Kiyosaki
Robert Kiyosaki
Edited by :Damodaran K
Last Updated :2 സെപ്റ്റംബർ 2026, 3:05 pm IST

ന്യൂയോർക്ക്: സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചും സമ്പത്തുണ്ടാക്കുന്നതിനെക്കുറിച്ചും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പഠിപ്പിച്ച 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവ് റോബർട്ട് കിയോസാക്കിക്ക് 1.2 ബില്യൺ ഡോളർ (ഏകദേശം പതിനായിരം കോടിയിലധികം ഇന്ത്യൻ രൂപ) കടബാധ്യതയെന്ന് റിപ്പോർട്ട്. 1997-ൽ പുറത്തിറങ്ങി ഇതുവരെ നാല് കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകത്തിലൂടെ ആഗോളതലത്തിൽ ധനകാര്യ വിദഗ്ദ്ധനായി മാറിയ 79-കാരനായ കിയോസാക്കി തന്നെയാണ് തന്റെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം ഇത്രയധികം കടബാധ്യതയ്ക്ക് മുകളിലാണ് പടുത്തുയർത്തിയതെന്ന് തുറന്നുപറഞ്ഞത്. വരുമാനം നൽകുന്ന ആസ്തികൾ സ്വന്തമാക്കാൻ കടം വാങ്ങുന്നത് സമ്പന്നരുടെ സാമ്പത്തിക തന്ത്രമാണെന്ന നിലപാടാണ് വിവിധ അഭിമുഖങ്ങളിലും പോഡ്‌കാസ്റ്റുകളിലും കിയോസാക്കി മുന്നോട്ടുവെക്കുന്നത്.

കടം ആസ്തിയാക്കുന്ന തന്ത്രം

ഭൂമിയുടെയും കെട്ടിടങ്ങളുടെയും മൂല്യം ഉയരുമ്പോൾ അവ ഈടുവെച്ച് കൂടുതൽ വായ്പയെടുക്കുകയും, ആ തുക വിൽപന നികുതി നൽകാതെ തന്നെ വരുമാനമായി ഉപയോഗിക്കുകയുമാണ് തന്റെ രീതിയെന്ന് 'ഗെറ്റ് റിച്ച് എജ്യുക്കേഷൻ' പോഡ്‌കാസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. ഓരോ നിക്ഷേപങ്ങളും വെവ്വേറെ എൽ.എൽ.സി (Limited Liability Company) കമ്പനികൾക്ക് കീഴിലാക്കി മാറ്റുന്നതിലൂടെ ഒരു ഇടപാടിൽ നഷ്ടമുണ്ടായാലും അത് മറ്റുള്ളവയെ ബാധിക്കാതിരിക്കാൻ സുരക്ഷിതത്വം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ, വേണ്ടത്ര വിജ്ഞാനമില്ലാതെ സാധാരണക്കാർ തന്നെ അനുകരിക്കരുതെന്നും 1974 മുതൽ താൻ ആഴത്തിൽ പഠിച്ചെടുത്ത സാമ്പത്തിക തന്ത്രമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ശ്രദ്ധനേടാനുള്ള നാടകമെന്ന് മുൻഭാര്യ

അതേസമയം, കിയോസാക്കിയുടെ കടബാധ്യതയെക്കുറിച്ചുള്ള അവകാശവാദങ്ങൾ തള്ളി അദ്ദേഹത്തിന്റെ മുൻഭാര്യയും ബിസിനസ് പങ്കാളിയുമായ കിം കിയോസാക്കി രംഗത്തെത്തി. പ്രമുഖ മാഗസിനായ 'വാനിറ്റി ഫെയറി'ന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ബിസിനസ് പങ്കാളികളുമായി ചേർന്ന് സ്വന്തമാക്കിയ 1,500-ലധികം അപ്പാർട്ടുമെന്റുകളുമായി ബന്ധപ്പെട്ടതാണ് ഈ കടമെന്നും, ഇതിന് കിയോസാക്കിയുടെ വ്യക്തിപരമായ ബാധ്യതകളുമായി നേരിട്ട് ബന്ധമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പൊതുശ്രദ്ധ നേടാനും കടമെടുത്ത് നിക്ഷേപിക്കുന്ന രീതിയെ ന്യായീകരിക്കാനുമാണ് കിയോസാക്കി 'ഒരു ബില്യൺ ഡോളർ കടം' എന്ന ഭീമമായ കണക്ക് മനപ്പൂർവ്വം പ്രചരിപ്പിക്കുന്നതെന്നാണ് കിമ്മിന്റെ പക്ഷം. കിയോസാക്കി തന്നെ വെളിപ്പെടുത്തിയ പ്രതിവർഷ വരുമാനമായ 30 ലക്ഷം ഡോളർ (ഏകദേശം 25 കോടി രൂപ) കണക്കിലെടുത്താൽ, അദ്ദേഹത്തിന്റെ യഥാർത്ഥ വ്യക്തിഗത കടബാധ്യത 30 മുതൽ 60 ദശലക്ഷം ഡോളറിനിടയിൽ (250 മുതൽ 500 കോടി രൂപ വരെ) മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്

News Now

Summary

Robert Kiyosaki, the celebrated 79-year-old author of the global bestselling personal finance guide Rich Dad Poor Dad, has revealed that his vast real estate empire is built on roughly $1.2 billion in debt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates