7.25 ശതമാനം വരെ പലിശ; എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശ കൂട്ടി

അപകട സാധ്യതയില്ലാതെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തെരെഞ്ഞെടുക്കുന്നതാണ് സ്ഥിര നിക്ഷേപം

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:10 am IST

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോനിരക്ക് ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപ നിരക്ക് ഉയര്‍ത്തി. 65 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം വരെ പലിശയാണ് ലഭിക്കുക. 

അപകട സാധ്യതയില്ലാതെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തെരെഞ്ഞെടുക്കുന്നതാണ് സ്ഥിര നിക്ഷേപം. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കാണ് ഉയര്‍ത്തിയത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സ്ഥിര നിക്ഷേപത്തിന്റെ കാലാവധി അനുസരിച്ച് പലിശനിരക്കില്‍ മാറ്റം ഉണ്ടാവും.

211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.50 ശതമാനത്തില്‍ 5.75 ശതമാനമായാണ് ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇക്കാലയളവില്‍ 6.25 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായാണ് വര്‍ധിപ്പിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ പലിശനിരക്ക് 7.25 ശതമാനമായി ഉയര്‍ന്നു.

3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.10 ശതമാനത്തില്‍ നിന്ന്  6.25 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. മുതിര്‍ന്നവര്‍ക്ക് 6.75 ശതമാനം പലിശ ലഭിക്കും. 
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക്  6.10 ശതമാനത്തില്‍ നിന്ന്  6.25 ശതമാനത്തിലേക്കും മുതിര്‍ന്നവര്‍ക്ക് 7.25 ശതമാനത്തിലേക്കുമാണ് ഉയര്‍ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now