വിപണി ചാഞ്ചാട്ടത്തില്‍ ആശങ്കയുണ്ടോ?, എസ്‌ഐപി ഒന്ന് പരീക്ഷിച്ചു നോക്കൂ!; ഭാവിയില്‍ കോടീശ്വരനാകാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്

sip investment in india
sip investment in indiaAi image
Edited by :Dhanoj AM
Last Updated :28 മേയ് 2026, 6:11 pm IST

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം എത്രനാള്‍ തുടരുമെന്നതിലും വ്യക്തതയില്ല. അതുകൊണ്ട് തന്നെ പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്.

അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

30 വയസായവര്‍ തുടര്‍ന്നുള്ള 15 വര്‍ഷം അച്ചടക്കത്തോടെ എസ്‌ഐപി വഴി നിക്ഷേപം നടത്തിയാല്‍ ഒരു കോടി രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഏകദേശം 25,000 രൂപയുടെ പ്രതിമാസ നിക്ഷേപവും 12 ശതമാനം വാര്‍ഷിക വരുമാനവും കണക്കുകൂട്ടിയാണ് ഈ അനുമാനം. റുപ്പി കോസ്റ്റ് ആവറേജും കോമ്പൗണ്ടിങ്ങും സംയോജിപ്പിച്ചാണ് ഈ അനുമാനത്തില്‍ എത്തിയത്. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കാം.

പ്രതിമാസം ഏകദേശം 25,000 രൂപ എസ്‌ഐപി വഴി നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് ആകെ നിക്ഷേപം 45 ലക്ഷം രൂപയാണ് വരിക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ അനുമാനിക്കുകയാണെങ്കില്‍ 45 വയസാകുമ്പോള്‍ കോര്‍പ്പസ് 1.2 കോടിയായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. കോമ്പൗണ്ടിങ് ഇഫക്ട് ആണ് ഗുണം ചെയ്യുക. ഇനി വാര്‍ഷിക റിട്ടേണ്‍ 10 ശതമാനമായി കണക്കുകൂട്ടിയാല്‍ കോര്‍പ്പസ് കുറയും.

30 വയസ്സില്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ തുടക്കത്തില്‍ ഓഹരിയിലുള്ള വിഹിതം 70-80 ശതമാനമായി നിലനിര്‍ത്തുക. 45 വയസിനോട് അടുക്കുമ്പോള്‍ ഓഹരി വിഹിതം 50-60 ശതമാനമായി കുറച്ച് കടപ്പത്ര വിപണിയിലുള്ള നിക്ഷേപം വര്‍ധിപ്പിക്കുക. വിപണി മാന്ദ്യകാലത്ത് എസ്‌ഐപി ഒരിക്കലും നിര്‍ത്തരുത്. അപ്പോഴാണ് ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കുക.

News Now

Summary

SIP investment, Things to be keep in mind

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates