പത്ത്,പ്ലസ്ടു കഴിഞ്ഞു, ഇനി എന്തു പഠിക്കണം? തീരുമാനമെടുക്കുന്നതിന് മുമ്പ് ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കണം

കുട്ടികൾ ഏതെങ്കിലും കോഴ്സിന് ചേരുന്നതിന് മുമ്പ് ഏറ്റവും അത്യാവശ്യമായി രക്ഷിതാക്കളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്.

6 Important Factors to Consider When Choosing a Course After 10th and  Plus Two
Choose the Right Course After 10th and Plus Two: 6 Key Factors to Consider Freepik.com
Edited by :SALIL C S
Last Updated :6 ഏപ്രിൽ 2026, 3:34 pm IST

പത്ത്, പ്ലസ്ടു പരീക്ഷകൾ കഴിഞ്ഞു, ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു തുടങ്ങിയിട്ടുണ്ടാകും വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം. പത്താം ക്ലാസ് കഴിഞ്ഞ് പഠിക്കാൻ ചേരുന്ന കോഴ്സ് ഒരു വിദ്യാർത്ഥിയുടെ ഭാവിയിലേക്കുള്ള അടിത്തറ പാകുന്ന ഒന്നാകണം. ഭാവിയിൽ ഏത് കോഴ്സിലേക്ക് പോകണം? എന്തായിരിക്കണം ലക്ഷ്യം എന്നിവയുടെ അടിസ്ഥാനം ഇടുന്നതാകണം ഈ കോഴ്സ്. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥിയെ സംബന്ധിച്ച് ഉന്നത പഠനത്തിലേക്കുള്ള വഴിയാണ് ഇനി. എവിടെ തിരിയണം? എന്ത് ചെയ്യണം എന്ന ചോദ്യം ഭൂരിപക്ഷം പേരിലും ഉയരുന്ന സമയം.

കൂട്ടുകാർ ചേരുന്ന കോഴ്സിന് ചേരണോ? അതോ വീട്ടുകാരുടെയോ നാട്ടുകാരുടെയോ ചിന്തയ്ക്ക് അനുസരിച്ച് പഠിക്കാൻ ചേരണോ എന്നൊക്കെയായിരിക്കും ആലോചന. കുട്ടികൾ ഏതെങ്കിലും കോഴ്സിന് ചേരുന്നതിന് മുമ്പ് ഏറ്റവും അത്യാവശ്യമായി രക്ഷിതാക്കളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്.

കോഴ്സ് തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോൾ ഓരോരുത്തരും സ്വയം ചില കാര്യങ്ങൾ ചിന്തിക്കണം.

തെരഞ്ഞെടുക്കുന്ന വിഷയത്തോടുള്ള അഭിരുചി, താൽപ്പര്യം എത്രത്തോളമുണ്ട്. ആ കോഴ്സിനെ കുറിച്ച് എത്രത്തോളം കാര്യങ്ങൾ അറിയാം. ആ കോഴ്സ് പഠിക്കാനുള്ള കഴിവാണോ അതോ മറ്റേതെങ്കിലും വിഷയത്തിലാണോ നിങ്ങളുടെ പഠനത്തിനുള്ള കഴിവ്, ഇതിനെല്ലാം പുറമെ വിദേശ പഠനം ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ അതിനാകുന്ന തുക അടയ്ക്കാനാകുമോ? ബാങ്ക് വായ്പ എടുത്താൽ ഭാവിയിൽ എങ്ങനെ തിരിച്ചടയ്ക്കാനാകും എന്നിവയുമൊക്കെ യാഥാർത്ഥ്യബോധത്തോടെ വേണം ഇക്കാര്യത്തെ സമീപിക്കേണ്ടത്.

പത്തിനും പന്ത്രണ്ടിനും ശേഷം നിങ്ങൾ തെരഞ്ഞെടുക്കുന്ന കോഴ്‌സ് നിങ്ങളുടെ തുടർ പഠനത്തിനും മുന്നോട്ടുള്ള ജീവിതത്തിനും അടിത്തറയിടുന്നതാകാം. അതിനാൽ നിങ്ങളുടെ കോഴ്‌സ് തീരുമാനിക്കുമ്പോൾ അവഗണിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഇവയാണ്. .

കോഴ്‌സ് തെരഞ്ഞെടുക്കാനുള്ള കാരണം:

മറ്റൊരാൾക്ക് അത് നല്ല കോഴ്സ് ആണ് എന്ന് തോന്നുന്നതിനാലോ രക്ഷിതാക്കളുടെ താൽപ്പര്യം മാത്രം മുൻനിർത്തിയോ അല്ലെങ്കിൽ കൂട്ടുകാർ പഠിക്കുന്ന കോഴ്സ് എന്നതിനാലോ മാത്രം ഒരു കോഴ്സിന് ചേരുന്നതിനോ മുതിരരുത്. എന്നാൽ, ഏകപക്ഷീയമായി അഭിപ്രായങ്ങളെ തള്ളിക്കളയുകയുമരുത്. കോഴ്സുകൾ സംബന്ധിച്ച് വരുന്ന അഭിപ്രായങ്ങൾ കേൾക്കുകയും അതേകുറിച്ച് കൂടുതൽ മനസ്സിലാക്കുകയും വേണം. അതിൽ നിങ്ങൾക്ക് അഭിരുചിയുണ്ടോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. ഒപ്പം ആ കോഴ്സിലെ സാധ്യതകളെ കുറിച്ചും.

കോഴ്‌സിനെക്കുറിച്ച് അറിയുക:

ചില കോഴ്‌സുകൾ ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് അവയുടെ കേട്ടറിവുകൾ കൊണ്ട് അത് രസകരമായി തോന്നിയേക്കാം. ഒരിക്കലും അത് പഠിച്ചിട്ടില്ലാത്തതിനാലും ആ കോഴ്സിലെ ഉള്ളടക്കം എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കെയുമുള്ള സാഹചര്യത്തിലാകാം അത്. അതുകൊണ്ട് ഒരു കോഴ്സ് മികച്ചതാണ് എന്ന് തോന്നിയാൽ അതേക്കുറിച്ച് കൂടുതൽ അന്വേഷിക്കണം.

അതിലെ ഉള്ളടക്കം എന്താണെന്നും അത് പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അറിയണം. അത് നിങ്ങളുടെ അഭിരുചിയോട് ചേർന്നു പോകുന്നുണ്ടോ എന്ന് പരിശോധിക്കണം. മറ്റൊന്ന് ആ കോഴ്സ് പഠിച്ചെടുക്കാനുള്ള കഴിവ് ഉണ്ടോ എന്നും ആലോചിക്കണം. ഉദാഹരണത്തിന് ബയോളജി വിഷയങ്ങൾ പഠിക്കാൻ സാമർത്ഥ്യമുള്ള ഒരാൾക്ക് കണക്ക് പഠിക്കാൻ അത്രത്തോളം കഴിവ് ഉണ്ടായെന്ന് വരില്ല.

കരിയർ അവസരങ്ങൾ:

പഠിക്കുന്ന കോഴ്സ് ഭാവിയിലെ ജീവിതവുമായി ബന്ധപ്പെടുന്ന കരിയർ അവസരങ്ങൾ എത്രത്തോളം തുറന്നുതരുന്നു എന്നത് പരിശോധിക്കേണ്ടതാണ്. ആ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് ജോലി ലഭ്യത ഉണ്ടാകുമെന്ന് ഉറപ്പുള്ള കോഴ്സുകളെ കുറിച്ച് കൂടുതൽ ശ്രദ്ധയോടെ അന്വേഷിക്കണം. ജോലി മാത്രമല്ല, തുടർ പഠന സാധ്യതകളെ കുറിച്ചും അറിഞ്ഞ് വേണം കോഴ്സ് തെരഞ്ഞെടുക്കേണ്ടത്.

താൽപ്പര്യം പരിഗണിക്കണം, ഒപ്പം ഭാവിയും:

കോഴ്സിനോടുള്ള താൽപ്പര്യം പരിഗണിക്കുന്നതുപോലെ തന്നെ അത് നിങ്ങളുടെ ജീവിതത്തിന് നൽകുന്ന ദിശാബോധത്തെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ഒരു കോഴ്സ് പഠിച്ചിറങ്ങിയാൽ പിന്നെ എന്തു ചെയ്യാൻ കഴിയും. തുടർ പഠന സാധ്യത, തൊഴിൽ സാധ്യത എന്നിങ്ങനെയുള്ളവ ആലോചിക്കണം. അതുപോലെ തന്നെ, പ്ലസ്ടു കഴിയുന്നവർ കോഴ്സിന് ചേരുമ്പോൾ വരുന്ന സാമ്പത്തിക ചെലവുകളെ കുറിച്ചും ആലോചിക്കണം. പഠനത്തിനായി ചെലവാകുന്ന തുക, അതിലെ തിരിച്ചടവ്, അതിനുള്ള വഴികൾ ആലോചിച്ച് വേണം തീരുമാനം എടുക്കാൻ.

കോഴ്സ് തെരഞ്ഞടുക്കുന്നതിന് മുമ്പ് അതേക്കുറിച്ച് അധ്യാപകരിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും അറിയുക:

കോഴ്‌സിൽ ചേരാൻ തീരുമാനിക്കുന്നതിന് മുമ്പ്, ഈ കോഴ്‌സ് ചെയ്ത ആളുകളോട് സംസാരിക്കുകഅതുപോലെ ഈ കോഴ്സ് പഠിപ്പിക്കുന്ന അധ്യാപകരോടും സംസാരിക്കുക.. ഈ കോഴ്സിൽ എന്തൊക്കെയാണ് പഠിക്കാനുള്ളത്. ആ കോഴ്സിലെ സാധ്യതകളും പരിമിതികളും ഒക്കെ അവരിൽ നിന്ന് അറിയാൻ സാധിക്കും. ആ അറിവുകൾ കൂടി മുന്നിൽ വച്ചുകൊണ്ടു വേണം നിങ്ങളുടെ അഭിരുചിയും ഈ കോഴ്സിനെ കുറിച്ചും ആലോചിച്ച് തീരുമാനം എടുക്കേണ്ടത്.

സ്വന്തം കഴിവുകളെയും താൽപ്പര്യങ്ങളെയും കുറിച്ച് ആത്മ പരിശോധന നടത്തുക:

താൽപ്പര്യമോ കഴിവോ ഇല്ലാത്ത കോഴ്സുകൾ ഒരിക്കലും തെരഞ്ഞടുക്കാൻ തുനിയരുത്. അക്കാര്യത്തിൽ സ്വയം ആലോചിച്ച് കണ്ടെത്തുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി രക്ഷിതാക്കളും അധ്യാപകരുമായി ഇക്കാര്യം ചർച്ച ചെയ്ത് ഉറപ്പുവരുത്തി തീരുമാനം എടുക്കണം. ( ഉദാഹരണത്തിന് സയൻസ് പഠിക്കാൻ താൽപ്പര്യമില്ലാത്തയാളും ബുദ്ധിമുട്ടള്ള ആളും ആണെന്ന് കരുതുക. അത്തരം വിഷയങ്ങൾ മറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങി എടുക്കാതിരിക്കുക എന്നതാകും മികച്ച തീരുമാനം.)

ഏതെങ്കിലും കോഴ്സിന് ചേരുന്നതിനുള്ള കൂടുതൽ അറിയാൻ സ്കൂളുകളിൽ തന്നെയുള്ള കരിയർ കൗൺസിലിങ് സെ​ന്ററുകളുടെ സഹായം കുട്ടികൾക്കും രക്ഷിതാക്കൾക്കും തേടാവുന്നതാണ്. കേരളത്തിലെ സർക്കാർ സ്കൂളുകളുമായി ബന്ധപ്പെട്ട് കരിയർ കൗൺസിലിങ് സംവിധാനങ്ങളുണ്ട്. സ്കൂളുകൾക്ക് പുറത്തുള്ള കരിയർ ഗൈഡൻസ് സംവിധാനങ്ങളുമുണ്ട്.

അത്തരം സംവിധാനങ്ങലിലേക്ക് പോകുമ്പോൾ തന്നെ സ്വയം വിലയിരുത്തൽ, കോഴ്സിനെ കുറിച്ചും പഠന ശേഷവുമുള്ള കാര്യങ്ങളെ കുറിച്ച് ആഴത്തിൽ അറിയുക, ലക്ഷ്യം എന്താണ് എന്ന് കൃത്യമമായി തീരുമാനിക്കുക. പഠനത്തെ കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ചും കൃത്യമായ ആസൂത്രണം ചെയ്യുക, അത് നടപ്പിലാക്കാനായി പരിശ്രമിക്കുക എന്നിവയാണ് നിർബന്ധപൂർവ്വം ചെയ്യേണ്ട കാര്യങ്ങൾ.

News Now

Summary

Education News: Confused about what to do after 10th or Plus Two? Discover six important factors to consider before choosing the right course for your future career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates