'നീറ്റ് പരീക്ഷ റദ്ദാക്കിയത് വലിയ ആഘാതമായി, രോഗബാധിതനായി'; 70 വയസുള്ള ഉദ്യോഗാര്‍ഥിയുടെ അനുഭവം

ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍, പൊതുവെ എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് പക്വതയും അറിവും ലഭിക്കും. ഞാന്‍ ഒരു കോച്ചിങ് സെന്ററിലും പോയിട്ടില്ല.

Ashok Bahar
NEET-UG 2026 cancellation upset me so much that I became ill physically, says 70-year-old aspirantThe New Indian Express
Edited by :ആതിര അഗസ്റ്റിന്‍
Last Updated :20 മേയ് 2026, 11:48 am IST

ന്യൂഡല്‍ഹി: റദ്ദാക്കപ്പെട്ട 2026-ലെ നീറ്റ്-യുജി പരീക്ഷ എല്ലാവര്‍ക്കും നിരാശയാണ് സമ്മാനിച്ചത്. 22.05 ലക്ഷം ഉദ്യോഗാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ ലഖ്നൗ സ്വദേശിയായ എഴുപതുകാരന്‍ അശോക് ബഹാറും ഉള്‍പ്പെടുന്നു. ഒരു എംബിബിഎസ് ബിരുദം ലഭിക്കണമെന്ന അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കാന്‍ അടുത്ത മാസം അദ്ദേഹം തന്റെ നാലാമത്തെ ശ്രമത്തിനൊരുങ്ങുകയാണ്.

ആരോഗ്യ പരിശോധനകള്‍ നടത്തുന്നതിനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട്' ബഹാര്‍ സംസാരിച്ചത്. ''പരീക്ഷ റദ്ദാക്കിയത് എനിക്ക് വലിയൊരു ആഘാതമായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും, അത് എന്നെ മാനസികമായി അത്രയധികം തളര്‍ത്തി, ഞാന്‍ ശരിക്കും രോഗബാധിതനായി. ഇത് എന്റെ മൂന്നാമത്തെ ശ്രമമായിരുന്നു, വിജയിക്കുക എന്നത് എന്നെ സംബന്ധിച്ച് അത്രമേല്‍ പ്രധാനപ്പെട്ടതായിരുന്നു.''

1990-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ അമ്മ സാവിത്രി ദേവി, മകനും ഭര്‍ത്താവിന്റെ വഴി പിന്തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. '1974-ലാണ് ഞാന്‍ ആദ്യമായി മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയത്, എന്നാല്‍ എനിക്ക് വിജയിക്കാനായില്ല. എന്റെ രണ്ടാമത്തെ ശ്രമം 2023-ലായിരുന്നു, എന്നാല്‍ എന്റെ പരീക്ഷാ കേന്ദ്രം വളരെ ദൂരെയുള്ള ഒരു പ്രദേശത്തായിരുന്നു. ഞാന്‍ അവിടെ വൈകിയെത്തിയതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. മൂന്ന് വര്‍ഷത്തിന് ശേഷം, ഈ വര്‍ഷം മേയിലാണ് ഞാന്‍ വീണ്ടും പരീക്ഷ എഴുതിയത്.''

കുടുംബത്തില്‍ ആകെ 20 ഡോക്ടര്‍മാരുണ്ട്. ബഹാറിന്റെ ഭാര്യ ഗൈനക്കോളജിസ്റ്റാണ്. രണ്ട് സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും ഡോക്ടര്‍മാരാണ്. പരേതനായ പിതാവും ഒരു ഡോക്ടറായിരുന്നു. ഏക മകള്‍ മാത്രമാണ് പ്രൊഷന്‍ ഒന്ന് മാറ്റിപ്പിടിച്ചത്. മകള്‍ യുഎസില്‍ ഐ ടി പ്രൊഫഷണലാണ്.

1957-ല്‍ ജനിച്ച ബഹാറിന് എക്കാലത്തും പഠനത്തോട് വലിയ അഭിനിവേശമുണ്ടായിരുന്നു. ബി.എസ്സി (ബോട്ടണി, സുവോളജി, കെമിസ്ട്രി) ബിരുദത്തിന് ശേഷം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, നിയമ ബിരുദവും എം.ബി.എയും അദ്ദേഹം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പതിറ്റാണ്ടുകളോളം ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്തു. 2000-ല്‍ 'ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ' മാര്‍ക്കറ്റിംഗ് മേധാവിയായി വിരമിച്ച ശേഷം, അദ്ദേഹം ഒരു പ്രാദേശിക പത്രത്തിന്റെ എഡിറ്ററായും പാര്‍ട്ട് ടൈം അഭിഭാഷകനായും ജോലി ചെയ്തു.

തന്റെ പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ''ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍, പൊതുവെ എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് പക്വതയും അറിവും ലഭിക്കും. ഞാന്‍ ഒരു കോച്ചിങ് സെന്ററിലും പോയിട്ടില്ല. സുഹൃത്തുക്കളും ചില അഭ്യുദയകാംക്ഷികളും നല്‍കിയ പഠന സാമഗ്രികളുടെ സഹായത്തോടെ ഞാന്‍ സ്വയം തയ്യാറെടുക്കുകയായിരുന്നു.' റദ്ദാക്കപ്പെട്ട പരീക്ഷാ വിവാദത്തെക്കുറിച്ച് ബഹാര്‍ പറയുന്നതിങ്ങനെ: ''പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇത്രയധികം സമയം നീക്കിവെച്ച 22 ലക്ഷത്തോളം വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ ദുരവസ്ഥ ആലോചിച്ചു നോക്കൂ.''

ഇക്കാര്യത്തില്‍ താമസിയാതെ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ബഹാര്‍ ആലോചിക്കുന്നത്. ''രണ്ട് കാര്യങ്ങളാണ് ഞാന്‍ ആവശ്യപ്പെടുന്നത്. വീണ്ടുമൊരു പരീക്ഷ എഴുതുക എന്നത് എന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. പ്രായം കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച്, റദ്ദാക്കിയ പരീക്ഷയില്‍ ഞങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് നിലനിര്‍ത്തണം. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ സീറ്റുകളില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിടണമെന്നാണ് ആഗ്രഹിക്കുന്നത്.''

നീറ്റ് പരീക്ഷാ ശ്രമങ്ങളെക്കുറിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പ്രതികരണം എന്താണെന്ന് ചോദിച്ചപ്പോള്‍ ബഹാര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്, ''ഓരോ വ്യക്തിക്കും ജീവിതത്തോട് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ഇത് എന്റെ ലക്ഷ്യമാണ്. അതുകൊണ്ട്, എനിക്ക് വേണ്ടി തന്നെ ഞാന്‍ ഇത് തുടരും.'' ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം കുറവാണ്. ഉദാഹരണത്തിന്, കരള്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയുണ്ടെങ്കിലും അതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ അറിവില്ല. ഒരു പ്രൊഫഷണല്‍ ബിരുദം ഉപയോഗിച്ച് സാമൂഹിക സേവനം ചെയ്യാനും ആളുകളില്‍ അവബോധം വളര്‍ത്താനും ഞാന്‍ ആഗ്രഹിക്കുന്നു.''ലഖ്നൗവിലെ ദരോഗാ ഖേരയ്ക്ക് സമീപമുള്ള തന്റെ ഗ്രാമമായ ഗെഹ്രുവില്‍ താന്‍ ഒരു 'ദിവ്യ പ്രേം ആശ്രമം' നിര്‍മിക്കുന്നുണ്ടെന്നും ഡോക്ടര്‍ ആയതിന് ശേഷം അവിടെയുള്ള അന്തേവാസികളെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Now

Summary

NEET-UG 2026 cancellation upset me so much that I became ill physically, says 70-year-old aspirant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates